22 November Friday

ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചതാര്‌?; കേന്ദ്രം തറക്കല്ലിട്ട നേമം ടെർമിനൽ എന്തായി?

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

സംസ്ഥാന ബജറ്റിൽ ദേശ വ്യത്യാസങ്ങളില്ലാതെയാണ്‌ പദ്ധതികളും അതിനുള്ള തുകയും അനുവദിച്ചത്‌. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്‌ സംഘ്‌പരിവാർ, കോൺഗ്രസ്‌ സൈബർ വിങ്‌ ഇക്കാര്യത്തിൽ വാർത്തകൾ സൃഷ്‌ടിക്കുന്നത്‌. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്‌ ഒന്നും അനുവദിച്ചില്ല എന്നായിരുന്നു പ്രധാന പ്രചാരണം. ആരാണ്‌ തലസ്ഥാനത്തെ അവഗണിക്കുന്നത്‌ ?. സത്യാവസ്ഥ പരിശോധിക്കാം.

തലസ്ഥാനത്തെ അവഗണിച്ചതാര്‌

എയിംസ്‌  ഇന്നും സ്വപ്‌നംമാത്രം

ഓൾ ഇന്ത്യ  ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ (എയിംസ്‌) കേരളത്തിന്‌ അനുവദിക്കണമെന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. തിരുവനന്തപുരം ജില്ലയിൽ അതിനുള്ള സ്ഥലവും കണ്ടെത്തി. എന്നാൽ, കേരളത്തിന്‌ എയിംസ്‌ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. തമിഴ്‌നാടിന്‌ അനുവദിച്ചു. തലസ്ഥാന ജനത നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഭരിച്ച കോൺഗ്രസും ഭരിക്കുന്ന ബിജെപിയും ഒരുപോലെ മുഖം തിരിച്ചു.

നേമം ടെർമിനൽ എന്തായി

നേമത്ത്‌ റെയിൽവേ ടെർമിനർ സ്ഥാപിക്കുന്നുവെന്ന്‌ കേൾക്കാൻ തുടങ്ങിയിട്ട്‌ കുറേ ആയി. ജനങ്ങളുടെ ക്ഷമ നശിക്കുമെന്നായപ്പോൾ കേന്ദ്രമന്ത്രിയെ വിളിച്ച്‌ കൊട്ടിഘോഷിച്ച്‌ ഒ രാജഗോപാൽ എംഎൽഎയും സംഘവും തറക്കല്ലുമിട്ടു. എന്നിട്ടെന്തായി. മുമ്പ്‌ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച തുക കൂടി ഇല്ലാതായി. 131 കോടിയാണ്‌ പ്രഖ്യാപിച്ചത്‌. ആ തുക ഇല്ല. 50 ലക്ഷം രൂപമാത്രം വകയിരുത്തി. കേരളത്തിൽ  സർക്കാർ സ്‌കൂളിന്റെ  രണ്ടു മുറി നിർമിക്കാൻ 50 ലക്ഷം അനുവദിക്കുമ്പോഴാണ്‌ റെയിൽവേ ടെർമിനൽ ഒരിക്കലും യാഥാർഥ്യമാകരുതെന്ന്‌ ആഗ്രഹിച്ച്‌ പേരിന്‌ തുക വകയിരുത്തിയത്‌. ഈ ടെർമലിന്‌  നേരത്തെ അനുവദിച്ച 23 കോടി രൂപ വകമാറ്റി തമിഴ്‌നാട്ടിലെ തൂത്തുക്കുടി–- അറപ്പ്‌കോട്ട പദ്ധതിക്ക്‌ വിനിയോഗിച്ചു.

കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനും പാര

തിരുവനന്തപുരം–- കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കൽ തലസ്ഥാന ജനതയുടെ പ്രധാന ആവശ്യമായിരുന്നു. പദ്ധതിക്ക്‌ 217 കോടി വേണം. ഇതുവരെ അനുവദിച്ചത്‌ അഞ്ചുകോടി മാത്രം. പാത ഇരട്ടിപ്പിക്കൽ ഒരു ദശാബ്ദത്തിനിപ്പുറം പൂർത്തിയാക്കരുതെന്ന്‌ ഉറപ്പിച്ചിരിക്കുകയാണ്‌ കേന്ദ്ര ബിജെപി സർക്കാർ.

എവിടെ ഹൈക്കോടതി ബെഞ്ച്‌?

ഹൈക്കോടതിയുടെ ഒരു ബെഞ്ച്‌ അനന്തപുരിയിൽ സ്ഥാപിക്കണമെന്ന  ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ബിജെപി എന്തെങ്കിലും മിണ്ടിയതായി ഇതുവരെ ആരും കേട്ടിട്ടില്ല. എങ്ങനെ ആ ബെഞ്ച്‌ വരുത്താതിരിക്കാനാണ്‌ സ്ഥലം എംപിയും ഇതുവരെ പരിശ്രമിച്ചത്‌.

കൊച്ചുവേളിക്കും അധോഗതിമാത്രം

തിരുവനന്തപുരത്തിന്റെ രണ്ടാം ടെർമിനലായ കൊച്ചുവേളിക്കും കേന്ദ്ര ബജറ്റിൽ അവഗണന മാത്രം. ദീർഘദൂര ട്രെയിൻ സർവീസുകൾ ഇവിടെനിന്ന്‌ ആരംഭിക്കണമെങ്കിൽ കൂടുതൽ പ്ലാറ്റ്‌ ഫോമുകൾ ആവശ്യമാണ്‌.  വരുന്ന ട്രെയിനുകളുടെ മെയിന്റനൻസിന്‌  ആവശ്യം വേണ്ട പാളങ്ങൾപോലും ഇവിടെയില്ല. നയാപൈസ കൊച്ചുവേളി സ്‌റ്റേഷൻ വികസനത്തിന്‌ നൽകാൻ കേന്ദ്രം തയ്യാറായില്ല

സെൻട്രൽ സ്‌റ്റേഷനും കെഎസ്‌ആർടിസി ടെർമിനലും 

തലസ്ഥാനവികസനത്തിന്‌ മുതലക്കണ്ണീരൊഴുക്കുന്നവരുടെ തനിനിറം അറിയണമെങ്കിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിയാൽ മതി. സംസ്ഥാന തലസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനാണ്‌. യാത്രക്കാരുടെ വരുമാനത്തിൽ മുന്നിൽ. എന്നിട്ടും സൗകര്യങ്ങളുടെ കാര്യത്തിൽ ദുരിതംമാത്രം. ഈ റെയിൽവേ സ്‌റ്റേഷന്‌ നേരെ എതിരായാണ്‌ കെഎസ്‌ആർടിസി ബസ്‌ ടെർമിനൽ. റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ഇറങ്ങി കെഎസ്‌ആർടിസി ബസ്‌ ടർമിനലിൽ എത്തുന്നവർ പറയുന്നതിങ്ങനെ:  ‘ ബസ്‌ സ്റ്റാൻഡിലെ സൗകര്യം പോലുമില്ലാത്ത റെയിൽവേ സ്‌റ്റേഷൻ.’

റെയിൽവേ മെഡിക്കൽ കോളേജ്‌

ഇതാ വരുന്നു..... റെയിൽവേ മെഡിക്കൽ കോളേജ്‌. തിരുവനന്തപുരത്തുകാരുടെ വോട്ടുതട്ടാൻ കോൺഗ്രസും ബിജെപിയും പറഞ്ഞുപറ്റിച്ചത്‌ നാട്‌ മറന്നിട്ടില്ല. മറക്കാൻ കാലമായിട്ടുമില്ല.

സംസ്ഥാന ബജറ്റിൽ തലസ്ഥാനത്തിന്‌:

നെയ്യാറ്റിൻകരയ്‌ക്ക്‌ 20 കോടി; താലൂക്ക്‌ ആസ്ഥാനം നവീകരിക്കും; അയിര ഗവ. സ്കൂളിന്‌ പുതിയ കെട്ടിടം
 
നെയ്യാറ്റിൻകര > രാജഭരണകാലത്തോളം പഴക്കമുള്ള നെയ്യാറ്റിൻകര താലൂക്ക്‌ ഓഫീസ്‌ കെട്ടിടത്തിന്റെ നവീകരണത്തിന്‌ രണ്ട്‌ കോടി, പൊതുമേഖലയിലെ  കേരള ആട്ടോമൊബൈൽസിന് 13.6 കോടി, അമരവിളയിൽ എക്സൈസ് കോംപ്ളക്‌സ്‌, പൊതുമരാമത്ത് കോംപ്ളക്സിന് അഞ്ച് കോടി..ആകെ 20 കോടിയുടെ പദ്ധതികളാണ്‌  ബജറ്റിൽ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ ഇടംനേടിയത്‌. അയിര ഗവ. സ്കൂളിൽ പുതിയ കെട്ടിടത്തിന്‌ മൂന്ന് കോടിയും വകയിരുത്തി. ഇന്നത്തെ നെയ്യാറ്റിൻകര താലൂക്ക്‌ ഓഫീസ്‌ രാജഭരണകാലത്ത്‌ ഹജൂർ കച്ചേരിയായിരുന്നു. ചരിത്രത്തിൽ ഇടംനേടിയ ഈ കെട്ടിടത്തിന്റെ പൈതൃകത്തനിമ നിലനിർത്തി സമയബന്ധിതമായി നവീകരിക്കുമെന്ന്‌ കെ ആൻസലൻ എംഎൽഎ പറഞ്ഞു.

കിഫ്‌ബിയിൽനിന്ന്‌ മാത്രം 2,653 കോടി

തലസ്ഥാനജില്ലയിൽ ഇതുവരെ കിഫ്‌ബിയിൽ 2,653 കോടിയുടെ പദ്ധതികളാണ്‌ പ്രവൃത്തി ആരംഭിച്ചത്‌. റോഡുകൾക്ക്‌ മാത്രം 1133 കോടി രൂപയും പാലങ്ങൾക്ക്‌ 65 കോടിയും അനുവദിച്ചു. കുടിവെള്ളപദ്ധതികൾക്ക്‌ 466 കോടി രൂപ നൽകി. 14 സ്‌കൂളുകൾക്ക്‌ 5 കോടി വീതവും 19 സ്‌കൂളുകൾക്ക്‌ 3 കോടി വീതവും നൽകി. വിനോദ സഞ്ചാര മേഖലയിൽ മാത്രം 64.13 കോടി അനുവദിച്ചു. ഐടിക്ക്‌ 100 കോടിയും നൽകി. മലയോര ഹൈവേക്ക്‌ ജില്ലയിൽമാത്രം 208.72 കോടി നൽകി.


മെഡിക്കൽ കോളേജിന്‌  717 കോടിയുടെ പദ്ധതി


എയിംസും റെയിൽവേ മെഡിക്കൽ കോളേജും തരാതെ കേന്ദ്രം അവഗണിച്ചപ്പോൾ കൈയുംകെട്ടി നോക്കിയിരിക്കുകയായിരുന്നില്ല സർക്കാർ. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്‌ 717 കോടിയുടെ പദ്ധതികളാണ്‌ അനുവദിച്ച്‌ നടപ്പാക്കുന്നത്‌.

വഴയില–- - പഴകുറ്റി നാലുവരിപ്പാതയ്ക്ക് 400 കോടി
 
മലയോരമേഖലയിൽനിന്ന് നഗരത്തിലേക്കെത്തുന്ന ഏറ്റവും തിരക്കേറിയ പാത വികസനം എന്ന വർഷങ്ങളായുള്ള ആവശ്യമാണ് 400 കോടി ചെലവിൽ കിഫ്‌ബിയിൽ യാഥാർഥ്യമാക്കുന്നത്‌.  വഴയിലമുതൽ പഴകുറ്റിവരെ   9.5 കിലോമീറ്ററും നെടുമങ്ങാട് ടൗൺ ഉൾപ്പെടുന്ന 1.7 കിലോമീറ്ററുംചേർന്ന് 11.2 കിലോമീറ്റർ ദൂരത്തിലാണ്‌ പാത.  കരകുളം പാലം ജങ്‌ഷൻ മുതൽ എട്ടാംകല്ല് വരെ 550 മീറ്റർ ഫ്ലൈഓവറും പദ്ധതിയിൽ ഉൾപ്പെടുന്നു. 

സ്‌മാർട്ട്‌ സിറ്റിയിൽ ടെൻഡറായത്‌ 600 കോടി

സ്‌മാർട്ടാക്കാനുള്ള പദ്ധതിയിൽ സർക്കാർ സഹായത്തോടെ 1500 കോടിയുടെ മാസ്‌റ്റർപ്ലാൻ തയ്യാറാക്കി അവയിൽ 600 കോടി രൂപയുടെ പദ്ധതികൾക്കാണ്‌ ടെൻഡറായത്‌.

ഏറ്റവും കൂടുതൽ വീട്‌ തിരുവനന്തപുരത്ത്‌ 38763 കുടുംബങ്ങൾ 29ന്‌ സംഗമിക്കും

വീടില്ലാത്തവർക്ക്‌ വീട്‌ നൽകുന്ന ലൈഫ്‌ പദ്ധതിയിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർക്ക്‌ തുക ലഭിച്ചത്‌ ജില്ലയിൽ. സംസ്ഥാനത്ത്‌ രണ്ട്‌ ലക്ഷം ഭവനം പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിൽ 38,763 കുടുംബത്തിന്‌ വീട്‌ ലഭിച്ചു. ഓരോരുത്തർക്കും നാല്‌ ലക്ഷം രൂപവീതമാണ്‌ നൽകിയത്‌. സർക്കാർ ജാഗ്രതയിൽ സുരക്ഷിതഭവനം ലഭിച്ച മുഴുവൻ കുടുംബവും 29ന്‌ പുത്തരിക്കണ്ടം മൈതാനിയിൽ സംഗമിക്കും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top