22 November Friday

നേരിടാന്‍ ഒറ്റക്കെട്ട് ; സർക്കാർ നടപടികൾക്ക്‌ സർവകക്ഷി പിന്തുണ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


കോവിഡ്‌ പശ്ചാത്തലത്തിൽ ഇപ്പോൾ സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎൽഎമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ധാരാളം മലയാളികൾ വരുന്നതോടെ കോവിഡ്‌ പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്‌ സംസ്ഥാനം കടന്നു. ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എംപിമാരുമായും എംഎൽഎമാരുമായും വീഡിയോ കോൺഫറൻസിൽ വിശദീകരിച്ചു.

മഹാമാരി നേരിടുന്നതിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരം എല്ലാവരും പങ്കുവച്ചു. ജാഗ്രത ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളുമുണ്ടായി. സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു. മൂന്നുപേർ ഒഴികെയുള്ള മന്ത്രിമാരും കോൺഫറൻസിൽ പങ്കെടുത്തു.

കോവിഡ് തീവ്രവ്യാപന പ്രദേശങ്ങളിൽനിന്നു വരുന്നവരോട്‌ പ്രത്യേക സമീപനം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിശോധിക്കും. മടങ്ങിയെത്തുന്നവരുടെ മക്കൾക്ക് കേരളത്തിലെ സ്‌കൂളുകളിൽ തുടർപഠനത്തിന്‌ പ്രയാസമുണ്ടാകില്ല. അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കുമ്പോൾ ജില്ലാന്തര ജലഗതാഗതവും പരിഗണിക്കും. മലയാളികൾക്ക് ജോലിക്കായി വിദേശത്തേക്ക്‌ മടക്കയാത്രാ സൗകര്യമില്ലാത്ത പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

യോഗം നീണ്ടപ്പോൾ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി പോയതായി ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ചർച്ചയും കേട്ടശേഷം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ അദ്ദേഹം പറയുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. ഇടയ്‌ക്ക്‌ അദ്ദേഹത്തിന്‌ പോകേണ്ടിവന്നതിനാൽ അതിനു പറ്റിയില്ല. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സംസാരിക്കാൻ സമയം കിട്ടിയില്ലെന്ന ചിലരുടെ പരാതിയിൽ വസ്‌തുതയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കക്ഷി നേതാക്കളാണ്‌ സംസാരിച്ചത്‌.

ലോക്‌ഡൗൺ തെറ്റായിപ്പോയി എന്ന നിലപാടില്ല
ലോക്‌ഡൗൺ തെറ്റായിപ്പോയി എന്ന നിലപാട്‌ സംസ്ഥാനത്തിനില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.  കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഫലപ്രദമായി ഇവിടെ ലോക്‌ഡൗൺ നടപ്പാക്കി. എന്നാൽ, അതുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതം നേരിടാൻ കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിച്ചില്ല. ഐഎംഎക്ക്‌ എന്തുപറ്റിയെന്ന്‌ അവരോട്‌ തന്നെ ചോദിക്കണം. റെഡ്‌സോണിലുള്ളവരെ ഇവിടെ സ്വീകരിക്കരുതെന്ന നിലപാട്‌ സർക്കാരിന്‌ അംഗീകരിക്കാൻ കഴിയില്ല. വൈദ്യുതി ഫിക്‌സഡ്‌ ചാർജിൽ ഇളവു നൽകണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. പരാതികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top