02 December Monday

കേരള കോൺഗ്രസ്‌ എം മുന്നണി മാറുമെന്ന്‌ വ്യാജവാർത്ത: ‘ആ വെള്ളം വാങ്ങിവച്ചോളൂ’

സ്വന്തം ലേഖകൻUpdated: Monday Dec 2, 2024

കോട്ടയം > കേരള കോൺഗ്രസ്‌ എം യുഡിഎഫിലേക്ക്‌ പോകുമെന്നും ഇതിനായി ചർച്ച നടത്തിയെന്നുമുള്ള വ്യാജവാർത്തയുമായി മാധ്യമങ്ങൾ. വാർത്തക്കെതിരെ കടുത്ത ഭാഷയിൽ ചെയർമാൻ ജോസ്‌ കെ മാണി അടക്കമുള്ള നേതാക്കൾ പ്രതികരിച്ചു. ഞായർ രാവിലെ  മനോരമ ന്യൂസ്‌ ചാനലാണ്‌ കേരള കോൺഗ്രസ്‌ എം യുഡിഎഫിലേക്ക്‌ എന്ന വാർത്ത പടച്ചുണ്ടാക്കിയത്‌. എവിടെയും തൊടാതെ, ചോദ്യചിഹ്നമിട്ട്‌ വന്ന വാർത്ത മറ്റ്‌ ചാനലുകളും പതിവുപോലെ ഏറ്റുപിടിച്ചു.

എന്നാൽ, കേരള കോൺഗ്രസ്‌ എം എൽഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും  മറ്റെന്തെങ്കിലും മനസിലുള്ളവർ അതിന്‌ വെച്ച വെള്ളം വാങ്ങിവെച്ചാൽ മതിയെന്നും ജോസ്‌ കെ മാണി ഡൽഹിയിൽ പ്രതികരിച്ചു. യുഡിഎഫിലേക്ക്‌ മടങ്ങിപ്പോക്ക്‌ കേരള കോൺഗ്രസ്‌ എമ്മിന്റെ അജൻഡയിൽ പോലുമില്ല. ആരും അത്തരമൊരു ചർച്ച നടത്തിയിട്ടില്ല. യുഡിഎഫിനെ ശക്തിപ്പടുത്താനുള്ള അജൻഡയുടെ ഭാഗമായി ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണിത്‌. വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള ഈ വ്യാജവാർത്ത നിസ്സാരകാര്യമായി പാർടി കാണുന്നില്ല. വാർത്തയുടെ തുടക്കത്തിൽ "എന്നും മുന്നണി മാറുന്ന ശീലമുള്ള പ്രസ്ഥാനം' എന്നുപറഞ്ഞത്‌ 40 വർഷം യുഡിഎഫിൽ നിന്ന കെ എം മാണിയെ അവഹേളിച്ചു. യുഡിഎഫിൽനിന്ന്‌ പാർടിയെ പുറത്താക്കിയതാണ്‌. സാധാരണഗതിയിൽ മാധ്യമപ്രവർത്തകർ നടത്തുന്ന പ്രാഥമികമായ സ്ഥിരീകരണം പോലും ഇതിൽ നടത്തിയിട്ടില്ലെന്നും ജോസ്‌ കെ മാണി വ്യക്തമാക്കി.

കേരള കോൺഗ്രസ്‌ എമ്മിനെതിരായ വ്യാജവാർത്ത ദുരുദ്ദേശ്യപരമാണെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഓഫീസ്‌ ചാർജ്‌ ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജും പറഞ്ഞു.  ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന്‌ കേരള കോൺഗ്രസ്‌(ജോസഫ്‌ വിഭാഗം) എക്‌സിക്യൂട്ടിവ്‌ ചെയർമാൻ മോൻസ്‌ ജോസഫും പ്രതികരിച്ചു.

മുന്നണിമാറ്റം ചിന്തയിൽപോലുമില്ല: കേരള കോൺഗ്രസ്‌ എം

തിരുവനന്തപുരം > മുന്നണിമാറ്റം ചിന്തയിൽ പോലുമില്ലെന്നും യുഡിഎഫുമായി ചർച്ച നടത്തിയെന്നത്‌ അടിസ്ഥാനരഹിതമെന്നും കേരളാ കോൺഗ്രസ്‌ എം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി ദയനീയമാകുമെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് നേതൃത്വം മെനയുന്ന കള്ളക്കഥകളിൽ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളും പങ്കാളികളാവുകയാണ്– സംസ്ഥാന ജനറൽ സെക്രട്ടറി കെ ആനന്ദകുമാർ പ്രസ്‌താവനയിൽ പറഞ്ഞു.
    
കഴിഞ്ഞദിവസം കോട്ടയത്ത് റബർ ബോർഡ് ഓഫീസിലേക്ക്‌ നടത്തിയ കർഷക മാർച്ചുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വ്യാജവാർത്ത സൃഷ്ടിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്ന ശീലം കെ എം മാണിയുടെ പൈതൃകമുള്ള കേരളാ കോൺഗ്രസ്‌ എമ്മിന്‌ ഇല്ല.  യുഡിഎഫിൽനിന്ന്‌ കേരളാ കോൺഗ്രസ്‌ എമ്മിനെ പുറത്താക്കാൻ നേതൃത്വം കൊടുത്തവരുടെ പ്രേരണ, ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലുണ്ട്‌. എൽഡിഎഫ്‌ പ്രവർത്തനങ്ങളുമായി പാർടി സജീവമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top