09 October Wednesday

വളർന്നും പിളർന്നും കേരള കോൺഗ്രസിന്‌ 60

എസ്‌ മനോജ്‌Updated: Wednesday Oct 9, 2024


കോട്ടയം
വളർന്നും പിളർന്നും ബുധനാഴ്‌ച 60 വയസ്‌ പൂർത്തിയാക്കി കേരള കോൺഗ്രസ്‌. കോൺഗ്രസിൽ രൂപപ്പെട്ട ആഭ്യന്തരപ്രശ്‌നങ്ങളാണ്‌ പാർടിയുടെ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌. കോൺഗ്രസിൽനിന്ന്‌ വിട്ടുപോന്ന കെ എം ജോർജ്‌, ആർ ബാലകൃഷ്‌ണപിള്ള, കെ എം മാണി എന്നിവരുടെ മുൻകൈയിൽ പുതിയ പാർടിക്ക്‌ രൂപം നൽകാൻ തീരുമാനിച്ചു. കോട്ടയത്തെ തിരുനക്കര മൈതാനിയിൽ 1964 ഒക്‌ടോബർ ഒൻപതിനാണ്‌ കേരള കോൺഗ്രസിന്റെ ജനനം. പിന്നീട്‌ നിരവധി വട്ടം പിളർപ്പ്‌. നിലവിൽ മൂന്ന്‌ മുന്നണികളിലായി എട്ട്‌ പാർടികൾ.

ആർ ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്ന പി ടി ചാക്കോയ്‌ക്കെതിരെ കോൺഗ്രസിലെ ഒരുവിഭാഗം നടത്തിയ നീക്കങ്ങളും കുപ്രചാരണവും തുടർന്നുള്ള അദ്ദേഹത്തിന്റെ മരണവും തർക്കങ്ങളുമാണ്‌ പൊടുന്നനെ പുതിയ പാർടി രൂപീകരണത്തിലേക്ക്‌ നയിച്ചത്‌. കെ എം ജോർജടക്കം 16 കോൺഗ്രസ്‌ എംഎൽഎമാർ രാജിവച്ചു. 1965ൽ ഒറ്റയ്‌ക്ക്‌  നിയമസഭയിലേക്ക്‌ ആദ്യ മത്സരം. ഇതിൽ 23 എംഎൽഎമാർ. 1969ൽ മുന്നണിയിൽ. അച്യുതമേനോൻ മന്ത്രിസഭയിൽ ജോർജ്‌ മന്ത്രിയായി. 1975ൽ കെ എം മാണിയും ബാലകൃഷ്‌ണപിള്ളയും മന്ത്രിമാർ. എംപിയായിരുന്ന ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ നിയമസഭാംഗമാകാൻ കഴിയാഞ്ഞതിനാൽ രാജി. വീണ്ടും കെ എം ജോർജ്‌ മന്ത്രിസഭയിൽ. കെ എം മാണിയും ജോർജും രണ്ട്‌ ചേരിയിലേക്ക്‌. 76ൽ ജോർജ്‌ അന്തരിച്ചു. ജോർജ്‌ ചേരിയെ നയിച്ച്‌ ആർ ബാലകൃഷ്‌ണപിള്ള രംഗത്ത്‌. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ 79ൽ പിളർപ്പ്‌. പി ജെ ജോസഫ്‌ ചെയർമാനായി പുതിയ പാർടി.  ഇവർ 1985ൽ ലയിച്ചു. 87ൽ വീണ്ടും പിളർപ്പ്‌. 2010ൽ ലയനം. 2019ൽ പിളർപ്പ്‌. ജോസഫ്‌ വിഭാഗം യുഡിഎഫിൽ. ജോസ്‌ കെ മാണി ചെയർമാനായുള്ള പാർടി 2020 ഒക്‌ടോബർ മുതൽ എൽഡിഎഫിൽ.  2024 ഏപ്രിൽ 19ന്‌ യുഡിഎഫ്‌ കോട്ടയം ജില്ലാ ചെയർമാൻ പുതിയ കേരള കോൺഗ്രസ്‌ രൂപീകരിച്ച്‌ എൻഡിഎ പാളയത്തിലുമെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top