23 December Monday
സമ്മാനമായി ഹരിതപദവി പ്രഖ്യാപനം

കേരളത്തിന്‌ ഇന്ന്‌ 68ാം പിറന്നാൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


തിരുവനന്തപുരം
പുതുപ്രതീക്ഷകളോടെ വെള്ളിയാഴ്‌ച കേരളം 68–-ാം പിറന്നാൾ ആഘോഷിക്കും. ഐക്യ കേരളത്തിനുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് കേരള സംസ്ഥാനം രൂപീകരിച്ചത്. ഭാഷാ സംസ്ഥാനങ്ങൾക്കായി ഇന്ത്യയിലുണ്ടായ പോരാട്ടങ്ങളുടെ വിജയംകൂടിയാണ് കേരളപ്പിറവി.

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങൾ നൽകിയ ദിശാബോധത്തിലാണ്‌ കേരളം ഇന്നും കുതിക്കുന്നത്‌.  ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നേടിയ പുരോഗതി രാജ്യത്തെ ഇതരസംസ്ഥാനങ്ങൾക്ക്‌ മാതൃകയാണ്‌.  ഭൂപരിഷ്‌കരണം മറ്റൊരുനാഴിക കല്ലായി. സാക്ഷരതയിൽ നേടിയ മുന്നേറ്റം ഡിജിറ്റൽ സാക്ഷരതയിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ്‌ കേരളം.

സമ്മാനമായി ഹരിതപദവി പ്രഖ്യാപനം
സംസ്ഥാനത്തെ 69000 കേന്ദ്രങ്ങളും സ്ഥാപനങ്ങളും കേരളപ്പിറവിദിനത്തിൽ ഹരിത പദവി കൈവരിക്കും. ജില്ലാതലത്തിലും തദ്ദേശസ്ഥാപനങ്ങളിലും ഇതിന്റെ പ്രഖ്യാപനംനടക്കും. ‘മാലിന്യമുക്‌തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ്‌  പ്രഖ്യാപനം. കൊല്ലത്ത്‌ മന്ത്രിമാരായ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും വിവിധ ഘടകങ്ങളുടെ പ്രഖ്യാപനംനിർവഹിക്കും.

തിരുവനന്തപുരത്ത്‌ അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം -കലക്‌ടർ അനുകുമാരി നടത്തും. മറ്റിടങ്ങളിൽ എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളും നേതൃത്വം നൽകും. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌ ജില്ലകളിൽ 13ന്‌ ശേഷമാകും പരിപാടി നടക്കുക.

വെള്ളിയാഴ്‌ച സംസ്ഥാനത്തെ 916 ടൗണുകളാണ്‌ ഹരിതസുന്ദര ടൗൺ പദവിയിലെത്തുക. ഒപ്പം 543 പൊതുസ്ഥലങ്ങൾ, 17,339 ഓഫീസുകൾ, 6,681 സ്കൂൾ, 414 കോളേജ്‌, 43,116 അയൽക്കൂട്ടങ്ങൾ എന്നിവയ്‌ക്കും ഹരിത പദവി ലഭിക്കും. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്‌തമാക്കുക ലക്ഷ്യമിട്ട്‌ 2025 മാർച്ച്‌ 30 വരെ നടക്കുന്ന ജനകീയ ക്യാമ്പയിൻ ഒക്‌ടോബർ രണ്ടിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തത്‌. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top