17 September Tuesday
കേന്ദ്രത്തെ തൊടാതെ മാധ്യമങ്ങൾ

ഗ്രാന്റുകളെല്ലാം വെട്ടി , കെണിയിലാക്കാൻ കേന്ദ്രം ; വരുമാനം ഉയർത്തി കേരളം

ജി രാജേഷ്‌കുമാർUpdated: Tuesday Aug 15, 2023


തിരുവനന്തപുരം
കേരളത്തിന്‌ അർഹതപ്പെട്ട സാമ്പത്തിക സഹായങ്ങളെല്ലാം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ സാക്ഷ്യപ്പെടുത്തി അക്കൗണ്ടന്റ്‌ ജനറൽ. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കേന്ദ്ര ഗ്രാന്റുകളിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 8521 കോടി രൂപയുടെ കുറവുണ്ടായതായി ഏപ്രിൽമുതൽ ജൂൺവരെയുള്ള എജിയുടെ പ്രതിമാസ കണക്കുകൾ വ്യക്തമാക്കി. കഴിഞ്ഞവർഷം ആദ്യപാദത്തിൽ കേന്ദ്ര ഗ്രാന്റ്‌ ലഭിച്ചത്‌ 10,390 കോടി രൂപ. ഈവർഷം വെറും 1869 കോടിയും. മൊത്തം റവന്യു വരുമാനത്തിൽ 6177 കോടി രൂപയുടെ കുറവുണ്ട്‌. കഴിഞ്ഞവർഷം 32,431 കോടിയായിരുന്നു മൊത്തം റവന്യു വരുമാനം. ഇത്‌  ഈവർഷം 26,254 കോടിയായി കുറഞ്ഞു.

തനതുവരുമാനം ഉയരുന്നു
സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനം വർധിക്കുന്നതായാണ്‌ ആദ്യപാദത്തിലെ ഫലം പറയുന്നത്‌. കഴിഞ്ഞവർഷത്തേക്കാൾ 2400 കോടി രൂപ അധികം ലഭിച്ചു. ബജറ്റ്‌ ലക്ഷ്യത്തിന്റെ 19.46 ശതമാനമാണ്‌ ഇത്തവണ സമാഹരിച്ചത്‌. കഴിഞ്ഞവർഷം ഇതേ പാദത്തിൽ 24 ശതമാനം ലഭിച്ചിരുന്നു. നികുതിയായി 21,211 കോടി ലഭിച്ചു. കഴിഞ്ഞവർഷം 19,643 കോടിയും. ജിഎസ്‌ടി മുൻവർഷത്തെ 7827 കോടിയിൽനിന്ന്‌ 9808 കോടിയായി. നികുതിയേതര വരുമാനത്തിൽ 2559 കോടിയുടെ വർധനയുണ്ട്‌. കഴിഞ്ഞവർഷം 616 കോടിയായിരുന്നു. ഇത്തവണ 3175 കോടിയും.

പൊതുചെലവ്‌ കുറച്ചില്ല
കേന്ദ്ര ഗ്രാന്റ്‌ നാമമാത്രമാക്കിയിട്ടും സംസ്ഥാനത്തിന്റെ പൊതുചെലവിൽ കുറവുവരുത്തിയിട്ടില്ല. മൂലധനച്ചെലവ്‌ ഉയർത്തി. കഴിഞ്ഞവർഷം ആദ്യപാദ റവന്യു ചെലവ്‌ 15,400 കോടിയായിരുന്നു. ഈവർഷം 11,457 കോടിയും. ശമ്പളച്ചെലവിൽ 333 കോടി രൂപ വർധിച്ചു. പെൻഷനിലും 146 കോടിയും അധികമായി. പലിശ ബാധ്യതയിൽ ആദ്യപാദത്തിൽ 211 കോടി രൂപ കുറഞ്ഞു. ആദ്യപാദത്തിൽ 14,958 കോടി വായ്‌പയായി എടുത്തു. മുൻവർഷം 5302 കോടിയും. സബ്‌സിഡികൾക്കായി ആദ്യമാസങ്ങളിൽ 112 കോടി രൂപ ചെലവിട്ടു. സാധാരണ ഓണക്കാലം ആകുമ്പോഴാണ്‌ സബ്‌സിഡി ചെലവ്‌ ഉയരുക.

558 കോടി രൂപയുടെ അധിക മൂലധന നിക്ഷേപമുണ്ടായി. കഴിഞ്ഞവർഷം മൂന്നുമാസത്തിൽ 2488 കോടിയായിരുന്നു. ഈവർഷം 3046 കോടിയും. വായ്‌പാ തിരിച്ചടവും ഉയർന്നു. കഴിഞ്ഞവർഷം 627 കോടി. ഈവർഷം 799 കോടിയും. ഗ്രാന്റിലെ കുറവിന്‌ ആനുപാതികമായി കടമെടുപ്പും ഉയർന്നു. കഴിഞ്ഞവർഷം 5302 കോടിയായിരുന്നത്‌ ഈവർഷം 14,958 കോടിയായി. സ്വാഭാവികമായ റവന്യൂ, ധന കമ്മികളിലെ മാറ്റവുമുണ്ട്‌.

കേന്ദ്രത്തെ തൊടാതെ മാധ്യമങ്ങൾ
സംസ്ഥാനത്തിന്‌ അർഹതപ്പെട്ട ഗ്രാന്റുകൾ നാമമാത്രമാക്കുന്ന  കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നിലപാടിൽ നിശ്ശബ്ദത തുടർന്ന്‌ മാധ്യമങ്ങൾ. സാമ്പത്തിക ഞെരുക്കത്തിലായ കേരളത്തിൽ ഓണക്കാല ആശ്വാസങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഇല്ലാതാകുമെന്ന ആശങ്ക പ്രചരിപ്പിക്കാൻ കഴിഞ്ഞ ആഴ്‌ചകളിൽ പരമാവധി സമയവും സ്ഥലവും വിനിയോഗിക്കുകയായിരുന്നു അച്ചടി, ദൃശ്യ മാധ്യമങ്ങൾ. എന്നാൽ, കേന്ദ്ര ഗ്രാന്റുകൾ ചുരുങ്ങിയതിന്റെ കണക്കുകൾ അക്കൗണ്ടന്റ്‌ ജനറൽ അടക്കം പ്രസിദ്ധീകരിച്ചത്‌ ഇക്കൂട്ടർ അവഗണിക്കുകയാണ്‌. വരുമാനം കുത്തനെ കുറഞ്ഞെന്ന തലക്കെട്ടിൽ ഒരു പത്രത്തിൽ  കുറെ വസ്‌തുതകൾ നിരത്തി. ഇതിലെ സുപ്രധാന വിഷയമായ കേന്ദ്ര ഗ്രാന്റുകൾ കുറഞ്ഞു എന്നത്‌ തലക്കെട്ടായില്ല.

ഓണക്കാലത്ത്‌ എല്ലാം പ്രതിസന്ധിയിലാകും എന്നായിരുന്നു മാധ്യമങ്ങൾ പരത്തിയ ആശങ്ക. അതു നടക്കാതെ പോയതിന്റെ നിരാശ പ്രകടമാണ്‌. രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. ജീവനക്കാർക്കും സർവീസ്‌ പെൻഷൻകാർക്കും കണ്ടിൻജന്റ്‌, കരാർ, സ്‌കീം, ദിവസ വേതന ജീവനക്കാർക്കുമടക്കം കഴിഞ്ഞവർഷം ലഭിച്ച ആനുകൂല്യങ്ങളിൽ ഒരുകുറവും വരുത്തില്ലെന്ന്‌ സർക്കാർ പ്രഖ്യാപിച്ചു. അഡ്വാൻസ്‌ അടക്കം ലഭ്യമാക്കും. പൊതുമേഖലയിലെ ബോണസ്‌ തീരുമാനം നേരത്തേ പ്രഖ്യാപിച്ചു. സപ്ലൈകോ വിൽപ്പനശാലകളിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ച നിലയിലല്ല കാര്യങ്ങളെന്ന്‌ പൊതുജനങ്ങൾക്ക്‌ ബോധ്യമായി. എല്ലാ കേന്ദ്രത്തിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി. ഇതിനും പണം തടസ്സമായില്ല. കൺസ്യൂമർ ഫെഡിന്‌ 1500 ഓണച്ചന്ത തുടങ്ങാൻ സർക്കാർ അനുമതി നൽകി. സപ്ലൈകോയും ജില്ല, താലൂക്ക്‌, മണ്ഡലാടിസ്ഥാനത്തിൽ ഓണച്ചന്തകൾ ആരംഭിക്കുന്നു. ഹോർടികോർപ്‌ അടക്കം വപണി ഇടപെടലിന്‌ വിപുലമായ ഒരുക്കങ്ങളിലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top