23 December Monday

വെടിക്കെട്ട്‌ നിബന്ധന ; ഉത്സവങ്ങൾ പ്രതിസന്ധിയിൽ

സി എ പ്രേമചന്ദ്രൻUpdated: Thursday Oct 24, 2024


തൃശൂർ
വെടിക്കെട്ടിന്‌ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധന കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെ ഉത്സവത്തെയും പ്രതിസന്ധിയിലാക്കും. 15 കിലോ വരെയുള്ള വെടിക്കെട്ടിന്‌ കലക്ടർമാരാണ്‌ അനുമതി നൽകിയിരുന്നത്‌. എന്നാൽ 100 കിലോ വരെയുള്ളവയ്‌ക്ക്‌ പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ (പെസൊ)  അനുമതി നൽകണമെന്നാണ്‌ കേന്ദ്ര അന്വേഷണ കമീഷൻ ശുപാർശ.  ഉത്സവങ്ങളുടെ പ്രസക്തി കണക്കിലെടുത്ത്‌  സുരക്ഷ ഉറപ്പാക്കി  ജില്ലാ ഭരണാധികാരികൾ  വെടിക്കെട്ടിന്‌ സാധാരണ അനുമതി നൽകാറുണ്ട്‌. പുതിയ നിബന്ധനകളും ശുപാർശയുംമൂലം പൂരങ്ങൾക്കും പള്ളിപ്പെരുന്നാളിനും വെടിക്കെട്ട്‌ ഒഴിവാക്കേണ്ട സ്ഥിതിയാണ്‌.

മൂന്നുമാസത്തിലൊരിക്കൽ  വെടിക്കെട്ട്‌ ലൈസൻസ്‌ പുതുക്കണം. ഇത്‌ 10 ദിവസത്തിനകം കേന്ദ്ര ഏജൻസി അംഗീകരിക്കണം. വെടിക്കെട്ട്‌  നടത്തുന്നവർ  പെസോ ഓഫീസിൽനിന്ന്‌ ശാസ്‌ത്രീയ  പരിശീലനം നേടണം.  വെടിക്കെട്ട്‌ നടക്കുന്ന സ്ഥലത്തിന്റെ രൂപരേഖ മൂന്നുമാസം മുമ്പ്‌ ജില്ലാ മജിസ്‌ട്രേറ്റിന് സമർപ്പിക്കണം. കേരളത്തിൽ പരമ്പരാഗത രീതിയിലാണ്‌ വെടിക്കെട്ട്‌ സാമഗ്രികൾ കെട്ടുന്നത്‌.

വെടിക്കെട്ടിന്‌ കുഴലല്ലാതെ മറ്റ്‌ ലോഹ ഉപകരണം പാടില്ലെന്ന നിബന്ധന പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന്‌ തിരുവമ്പാടി ദേവസ്വം പൂരം വെടിക്കെട്ട്‌ കൺവീനർ  പി ശശിധരൻ പറഞ്ഞു. വെടിക്കെട്ടിന്റെ മരുന്നു നിറയ്‌ക്കുന്ന ഇരുമ്പു കുഴലുകൾക്കിടയിലെ അകലം  വർധിപ്പിച്ചാൽ  ഇരട്ടി സ്ഥലം വേണ്ടിവരും.  തിരികൊളുത്താൻ ഇലക്‌ട്രോണിക്‌ സംവിധാനം വേണമെന്നതും അപ്രായോഗികമാണ്‌. ശിവകാശി ലോബിയുടെ സമ്മർദത്തിന്‌ വഴങ്ങിയാണ്‌  ഇത്തരം നിബന്ധന. സാമഗ്രികൾ സൂക്ഷിക്കുന്ന  വെടിപ്പുരയും വെടിക്കെട്ട്‌ നടക്കുന്ന സ്ഥലവും  തമ്മിലുള്ള അകലം 45 മീറ്ററിന്‌ പകരം 200 മീറ്ററാക്കൽ,  വെടിക്കെട്ട്‌  നടക്കുന്ന സ്ഥലത്തിന്റെ 250 മീറ്റർ അകലെ ചുറ്റും ബാരിക്കേഡ്‌,  ബാരിക്കേഡിന്‌  100 മീറ്റർ അകലെവേണം കാണികളെ നിർത്താൻ തുടങ്ങിയ നിബന്ധനകളും കീറാമുട്ടിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top