30 December Monday
കെടിയു 
താൽക്കാലിക 
വിസി നിയമനം 
സർക്കാർ 
പട്ടികയിൽ നിന്ന് 
വേണം

ഗവർണറുടെ 
പണി പാളി ; മുൻ ഉത്തരവിൽ വ്യക്തത ആവശ്യമില്ലെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖികUpdated: Wednesday Nov 27, 2024


കൊച്ചി
സർക്കാർ നൽകിയ പട്ടികയ്‌ക്ക്‌ പുറത്തുനിന്ന്‌ കേരള സാങ്കേതിക സർവകലാശാല  (കെടിയു) താൽക്കാലിക വിസിയെ നിയമിക്കാനുള്ള ഗവർണർ ആരിഫ് മൊഹമ്മദ്ഖാന്റെ നീക്കം ഹൈക്കോടതി വിധിയിൽ പൊളിഞ്ഞു.

സർക്കാർ നൽകുന്ന പട്ടികയിൽ നിന്നു  മാത്രമേ കെടിയു താൽക്കാലിക വിസിയെ നിയമിക്കാവൂയെന്നും ഇതുസംബന്ധിച്ച മുൻ വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും ആവർത്തിച്ചുറപ്പിച്ച്‌ ഹൈക്കോടതി ഗവർണറുടെ ഹർജി തീർപ്പാക്കി.   ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ, താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്നാകണമെന്ന്‌ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതേസമയം പ്രത്യേക സാഹചര്യത്തിൽ, താൽക്കാലികമായി നിയമിച്ചതിനാൽ അത് റദ്ദാക്കുന്നില്ലെന്നും പറഞ്ഞിരുന്നു. തനിക്കെതിരായ ഈ ഉത്തരവിൽ വ്യക്തത വേണമെന്നായിരുന്നു ഗവർണറുടെ പുതിയ ഹർജിയിലെ ആവശ്യം. കണ്ണൂർ സർവകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഹെെക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി മുൻ ഉത്തരവ് കെടിയു ആക്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗവർണറുടെ ആവശ്യം നിരസിച്ചത്.   ഡോ. ഗോപിനാഥ് രവീന്ദ്രൻ കേസിൽ കണ്ണൂർ യൂണിവേഴ്സിറ്റി ആക്ടിന്റെ  അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവെന്നും ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി. അതിനാൽ സിസ  തോമസ് കേസിലെ ഹൈക്കോടതി മുൻ ഉത്തരവിൽ വ്യക്തത ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

ഡോ. സജി ഗോപിനാഥ്‌ വിരമിച്ചതിനെ തുടർന്ന്‌ താൽക്കാലിക വിസി  നിയമനത്തിന്‌ മൂന്നുപേരുടെ പട്ടിക സർക്കാർ നൽകിയിരുന്നു. സർക്കാർ പട്ടികയിൽ നിന്ന്‌ നിയമിക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കെ പുറത്തുനിന്ന്‌ നിയമിക്കാൻ കഴിയില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഗവർണർ വ്യക്തതതേടി ഹൈക്കോടതിയെ സമീപിച്ചത്‌. സർക്കാർ പട്ടികയിൽ നിന്ന്‌ ഗവർണർ നിയമിക്കാത്തതിനാൽ കഴിഞ്ഞ ഒരു മാസമായി കെടിയുവിൽ വിസിയില്ല. ഇതുമൂലം വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റുകൾ കിട്ടുന്നില്ലെന്നും പരാതിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top