തിരുവനന്തപുരം
എംജി ഉൾപ്പെടെ നാല് സർവ്വകലാശാലകളിലെ ഏകപക്ഷീയ സെർച്ച് കമ്മറ്റി രൂപീകരണംകൂടി കോടതി തടഞ്ഞതോടെ ചട്ടവിരുദ്ധ തീരുമാനങ്ങളിൽ റെക്കോഡിട്ട് ഗവർണ ആരിഫ് മൊഹമ്മദ് ഖാൻ. ചാൻസലർ എന്ന നിലയിൽ സർവ്വകലാശാലകളുമായി ബന്ധപ്പെട്ടെടുത്ത പതിനൊന്ന് തിരുമാനങ്ങളാണ് കോടതികൾ ഇതിനകം തടഞ്ഞത്. കുഫോസിലെ സെർച്ച് കമ്മിറ്റി കഴിഞ്ഞ ദിവസവും കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ വെള്ളിയാഴ്‌ചയുമാണ് ഹൈക്കോടതി തടഞ്ഞത്. സർവ്വകലാശാലകളുടെ പ്രതിനിധികൾ ഇല്ലാതെ ഗവർണർ സ്വന്തം നിലയ്ക്ക് രൂപീകരിച്ച സെർച്ച് കമ്മറ്റികളായിരുന്നു ഇവ.
സർവ്വകലാശാലകളുടെ കോടതി ചെലവുകൾ വിസിമാർ തിരിച്ചടയ്ക്കണമെന്ന ചട്ടവിരുദ്ധ ഉത്തരവ് ഇറക്കിയ ഗവർണർ തന്നെയാണ് അവരെ നിയമയുദ്ധത്തിലേക്ക് നിരന്തരം വലിച്ചിഴക്കുന്നതെന്ന് ഒടുവിലത്തെ സ്‌റ്റേയും തെളിയിക്കുന്നു. കേരളത്തിൽ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന സർവ്വകലാശാലകളെ തർക്കുകയെന്ന ബിജെപി അജണ്ട അതിശക്തമായി നടപ്പാക്കുന്നതിനാണ് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയുള്ള ഇടപെടൽ. കേരളയിലടക്കം സംസ്ഥാന താൽപര്യം മാനിക്കാതെ സംഘപരിവാർ അനുകൂലിക്ക് ചുമതല നൽകിയതുപോലുള്ള തീരുമാനങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്‌എസ് വൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
മറ്റ് പ്രധാനതിരിച്ചടികൾ
● 2022 നവംബറിൽ 11 സർവകലാശാല
വെെസ്‌ചാൻസലർമാരെ പുറത്താക്കാനുള്ള തീരുമാനം
● ഡിസംബറിൽ കേരള വിസിയെ തെരഞ്ഞെടുക്കാനുള്ള
സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരുമാസത്തിനകം നാമനിർദേശം ചെയ്യണമെന്ന ഉത്തരവ്
● 2023 മാർച്ചിൽ കേരള സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്
● സെർച്ച് കമ്മിറ്റിയും അതിന്റെ കൺവീനറുടെയും നിയമനം
● മാർച്ചിൽ സാങ്കേതിക സർവ്വകലാശാല സിൻഡിക്കറ്റിന്റെയും ബോർഡ് ഓഫ്
ഗവർണേഴ്‌സിന്റെയും തീരുമാനം സസ്പെൻഡ് ചെയ്തത്
● സാങ്കേതിക സർവകലാശാലയിൽ
സിസ തോമസിനെ വിസിയാക്കിയത്
● ഈവർഷം മെയിൽ കേരള സെനറ്റിലേക്ക് എബിവിപിക്കാരെ നിയമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..