കൊച്ചി
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെയും കാർഷിക സർവകലാശാലയിലെയും വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഇതോടെ ആറ് സെർച്ച് കമ്മിറ്റികളാണ് കോടതി തുടർച്ചയായി സ്റ്റേ ചെയ്‌തത്. സെർച്ച് കമ്മിറ്റികളെല്ലാം സ്റ്റേ ചെയ്‌തതോടെ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് കനത്ത പ്രഹരമായി. നേരത്തേ കേരള, എംജി, മലയാളം, ഫിഷറീസ് (കുഫോസ്) സർവകലാശാലകളുടെ സെർച്ച് കമ്മിറ്റികളാണ് സ്റ്റേ ചെയ്‌തത്. സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ചാൻസലർക്കുള്ള നിയമപരമായ അധികാരം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.
കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ പ്രൊഫ. പി കെ സുരേഷ് കുമാർ, എൻ കൃഷ്ണദാസ് എന്നിവരും ഓപ്പൺ സർവകലാശാലയ്‌ക്കുവേണ്ടി അഡ്വ. ബിജു കെ മാത്യുവും ഡോ. കെ ശ്രീവത്സനും നൽകിയ ഹർജികളിലാണ് സ്റ്റേ. കുഫോസ് സെർച്ച് കമ്മിറ്റി ജൂലെെ 18നും കേരള, എംജി, മലയാളം സെർച്ച് കമ്മിറ്റികൾ 19നുമാണ് സ്റ്റേചെയ്തത്. മാനദണ്ഡങ്ങൾ മറികടന്നാണ് ഇവിടങ്ങളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ജൂൺ 28ന് ഗവർണർ വിജ്ഞാപനം ഇറക്കിയത്. സെർച്ച് കമ്മിറ്റികളിൽ ഉണ്ടായിരുന്നത് യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമായിരുന്നു. വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് മൂന്നുപേരെ നിയമിച്ചും അതിൽ ഒരാളെ കൺവീനറാക്കിയുമായിരുന്നു അസാധാരണ നീക്കം. യുജിസി, സർവകലാശാല ചട്ടപ്രകാരമല്ലാതെയുള്ള സെർച്ച് കമ്മിറ്റി രൂപീകരണം നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ബില്ലുകളില്‍ അടയിരിക്കല്‍ ;രാജ്ഭവൻ മറുപടി നല്‍കണം
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ മാസങ്ങൾ പിടിച്ചുവച്ചശേഷം രാഷ്ട്രപതിക്ക് വിട്ട ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേരളസർക്കാരിന്റെ ഹർജിയിൽ ഗവർണറുടെ അഡീഷണൽ ചീഫ്‌സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറിക്കും നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ആഗസ്‌ത് 20ന് ഹർജിയിൽ വിശദമായി വാദം കേൾക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..