28 November Thursday
നിയമനം വിധി വന്ന്‌ 
24 മണിക്കൂർ 
തികയുംമുമ്പ്‌ , , വിസിയായി 
നിയമിച്ചത്‌ സർക്കാർ പട്ടികയിലില്ലാത്തവരെ 


ഹൈക്കോടതിയോടും ധിക്കാരം ; വിസി നിയമനവുമായി ഗവർണർ വീണ്ടും

സ്വന്തം ലേഖികUpdated: Wednesday Nov 27, 2024



തിരുവനന്തപുരം
ഹൈക്കോടതി വിധിയെയും വെല്ലുവിളിച്ച്‌ വൈസ്‌ ചാൻസലർ നിയമനവുമായി വീണ്ടും ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ തോന്ന്യാസം. സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയുടെ ചുമതല സർക്കാർ പട്ടികയിൽ നിന്നാകണമെന്ന വിധിയിൽ ഹൈക്കോടതി കൂടുതൽ വ്യക്തതവരുത്തി 24 മണിക്കൂർ തികയും മുമ്പാണ്‌ ഗവർണറുടെ പുതിയ നീക്കം. കുസാറ്റിലെ ഷിപ്‌ ടെക്നോളജി വകുപ്പ്‌ പ്രൊഫ. ഡോ. കെ ശിവപ്രസാദിനെയാണ്‌ സാങ്കേതിക സർവകലാശാല  താൽക്കാലിക വിസിയായി കോടതി വിധി ധിക്കരിച്ച്‌ നിയമിച്ചത്‌. ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായി ഡോ. സിസാ തോമസിനെയും നിയമിച്ചു. രണ്ടിടത്തും വിസിയില്ലാതായിട്ട്‌ ഒരുമാസമായി.

കെടിയു താൽക്കാലിക വിസിയായി സിസാ തോമസിനെ നിയമിച്ച സ്വന്തം നടപടിയിൽ വ്യക്തത തേടി ഗവർണർ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ​ഹൈക്കോടതി തീർപ്പാക്കിയിരുന്നു. താൽക്കാലിക വിസിയുടെ ചുമതല സർക്കാർ പട്ടികയിൽ നിന്നാകണമെന്ന്‌ കോടതി ആവർത്തിക്കുകയും ചെയ്‌തു. ഈ വിധിയെ മാനിക്കാതെയാണ് പുതിയ നീക്കം. കണ്ണൂർ സർവകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയാണ് ഇപ്പോഴത്തെ നിയമനങ്ങൾക്ക് ​​ഗവർണർ മറയാക്കുന്നത്.

എന്നാൽ  കണ്ണൂർ സർവ്വകലാശാല നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ സുപ്രീം കോടതി വിധിയെന്ന്‌ ചൊവ്വാഴ്‌ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു. അതും ഗവർണർ പുല്ലുവിലയാക്കി. ഡിജിറ്റൽ സർവകലാശാല മുൻ വിസിയും ഐഐഎമ്മിലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, കോതമം​ഗലം എംഎ എൻജിനിയറിങ് കോളജിലെ പ്രൊഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരെയാണ്‌ സാങ്കേതിക സർവകലാളാലയിലേക്ക്‌  സർക്കാർ നിർദേശിച്ചത്. ഡോ. എം എസ് രാജശ്രീ, ഡോ. എ മുജീബ് എന്നിവരാണ്‌ ഡിജിറ്റൽ സർവകലാശാല പട്ടികയിലുള്ളത്‌. ഇവരെ പരിഗണിക്കാൻ ഗവർണർ തയ്യാറായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top