21 December Saturday
റോഡപകടങ്ങളിൽപ്പെടുന്നവരെ സൗജന്യമായി ആശുപത്രിയിലെത്തിക്കും , അർബുദരോഗികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നിരക്കിളവ്‌

ആംബുലൻസ്‌ നിരക്ക്‌ ഏകീകരിച്ചു ; രാജ്യത്ത്‌ ആദ്യം

സ്വന്തം ലേഖകൻUpdated: Tuesday Sep 24, 2024


തിരുവനന്തപുരം
രാജ്യത്ത്‌ ആദ്യമായി  ആംബുലൻസ് നിരക്ക്‌ ഏകീകരിച്ച്‌ സംസ്ഥാന സർക്കാർ. തോന്നുംപോലെ നിരക്ക്‌ ഈടാക്കുന്നത്‌ തടയാനാണ്‌ സർക്കാർ ഇടപെടൽ. ആരോഗ്യ, ഗതാഗത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകൾ, ആംബുലൻസ്‌  ഉടമകൾ എന്നിവയുടെ  പ്രതിനിധികളുടെയും യോഗശേഷമാണ്‌ നിരക്ക്‌ ഏകീകരിച്ചത്‌. ഗതാഗത കമീഷണർ വിജ്ഞാപനമിറക്കുന്നതോടെ തീരുമാനം  പ്രാബല്യത്തിൽ വരുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്-കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഐസിയു സൗകര്യമുള്ള ആംബുലൻസിലും എസിയുള്ള ട്രാവലർ ആംബുലൻസിലും  ബിപിഎൽ കാർഡുള്ളവർക്ക്‌  20 ശതമാനം ഇളവ്‌ അനുവദിക്കും. എല്ലാവിഭാഗം ആംബുലൻസുകളിലും അർബുദരോഗികൾക്കും  12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന്‌ രണ്ടുരൂപ വീതം ഇളവ്‌ ലഭിക്കും. അപകടങ്ങളിൽപ്പെടുന്നവരെ തൊട്ടടുത്ത ആശുപത്രിയിൽ സൗജന്യമായി എത്തിക്കും. 

600 രൂപ മുതൽ 2500 രൂപവരെയാണ്‌ വിവിധ വിഭാഗങ്ങളിലെ മിനിമം നിരക്ക്‌. പത്തുകിലോമീറ്റർ അടിസ്ഥാനമാക്കിയാണ്‌ കുറഞ്ഞ നിരക്ക്‌. ഇതിൽ മടക്ക യാത്രാനിരക്കും ഉൾപ്പെടും.  ഡ്രൈവർമാർക്ക്‌ യൂണി ഫോം(നേവിബ്ലൂ ഷർട്ടും കറുത്ത പാന്റും)  നിർബന്ധമാക്കി.  പുതിയ നിരക്ക്‌  യാത്രക്കാർ കാണുംവിധം ആംബുലൻസിൽ പ്രദർശിപ്പിക്കണം.  പരാതികൾ 9188961100 എന്ന നമ്പരിൽ അറിയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top