കരിപ്പൂർ
പ്രവാസികളെ കൊള്ളയടിക്കുന്ന യാത്രാനിരക്കുകളുമായി വിമാനക്കമ്പനികൾ. മൂന്നുമുതൽ അഞ്ചിരട്ടിവരെയാണ് ടിക്കറ്റ് നിരക്കിലെ വർധന. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വർധന ശനിയാഴ്‌ചമുതൽ നിലവിൽവരും. പെരുന്നാളിന് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് കൊള്ള.
ശനിയാഴ്‌ചത്തെ ടിക്കറ്റിനും വർധിപ്പിച്ച നിരക്ക് ഈടാക്കി. പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് മെയ് ആദ്യവാരംമുതൽ കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിപ്പിക്കും. ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് കരിപ്പൂരിലേക്ക് 8000 രൂപയായിരുന്നത് 40,000 വരെയാക്കിയാണ് വർധിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ നിരക്കിലും വർധനയുണ്ട്. എല്ലാ വിമാന കമ്പനികളും നിരക്ക് കുത്തനെകൂട്ടി. സൗദി സർവീസിൽ മൂന്നിരട്ടിയാണ് വർധന. 12,000ത്തിനും 15,000ത്തിനും ഇടയിലായിരുന്നത് 38,000 വരെയാക്കി. ഖത്തർ, കുവൈത്ത്, ഒമാൻ രാജ്യങ്ങളിൽനിന്ന് 9000 രൂപയായിരുന്നത് 39,000 മുതൽ 41,000 വരെയാക്കി.
കോവിഡായതിനാൽ രണ്ട് വർഷമായി പ്രവാസി മലയാളികൾ പെരുന്നാളിന് നാട്ടിലെത്തിയിരുന്നില്ല. നിരക്കുവർധനയാൽ ഇത്തവണയും പലരും യാത്ര റദ്ദാക്കി. ഒരു കുടുംബത്തിന് നാട്ടിലെത്താൻ ലക്ഷങ്ങൾ ചെലവാകും. കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് കുറയ്‌ക്കാനുള്ള നടപടിയെടുക്കുന്നില്ലെന്ന് വിമർശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..