05 December Thursday

പറപറക്കാൻ ടൂറിസം ; ഹെലി ടൂറിസം നയം അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതിവേഗം എത്തിച്ചേരാൻ സഹായിക്കുന്ന  ഹെലി ടൂറിസം നയത്തിന്‌ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നെറ്റ്‌വർക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലിപോർട്‌, ഹെലിസ്റ്റേഷൻ, ഹെലിപാഡ്‌  തുടങ്ങിയവയ്‌ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും വ്യക്തത വരുത്തി. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. പൊതു–-സ്വകാര്യ  പങ്കാളിത്തത്തോടെയാകും ഹെലിപാഡും എയർസ്ട്രിപ്പും ഹെലിപോർട്ടും ഹെലിസ്റ്റേഷനും നിർമിക്കുക. 

ആ​ദ്യഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ്‌. സാധ്യതാപഠനത്തിന്‌ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ കണ്ടെത്താൻ കെ റെയിലിനെ ചുമതലപ്പെടുത്തി. കൊല്ലം അഷ്ടമുടി റാവിസ്, ചടയമംഗലം  ജഡായുപ്പാറ,  മൂന്നാർ, തേക്കടി, കുമരകം, ചാലക്കുടി എന്നിവിടങ്ങളിലെ ചിപ്‌സാൻ, എറണാകുളം സാജ് എന്നീ സ്വകാര്യ ഹെലിപ്പാഡും ഉപയോഗപ്പെടുത്തും.

നാല്‌ വിമാനത്താവളങ്ങളോട് ചേർന്നും ഹെലിപോർട്ടും ആരംഭിക്കും. ഇവ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹെലിപാഡുകളുടെയും ഹെലിസ്റ്റേഷനുകളുടെയും ഫീഡർ കേന്ദ്രമായി പ്രവർത്തിക്കും. ബേക്കൽ, ആലപ്പുഴ എന്നിവിടങ്ങളിൽ ഹെലിസ്റ്റേഷൻ നിർമിക്കാനും ആലോചിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോ​ഗിക്കാനാകും.

പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപകർക്ക് സ്വന്തം സ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോർട്ടുകളും എയർസ്ട്രിപ്പുകളും നി‌ർമിക്കാൻ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്‌. കുറഞ്ഞത് രണ്ട് ഹെലികോപ്ടറുകളെങ്കിലും കൈകാര്യം ചെയ്യാനും ഇന്ധനം നിറയ്‌ക്കാനും അറ്റകുറ്റപ്പണി ചെയ്യാനുമുള്ള സൗകര്യങ്ങളൊരുക്കിയാൽ ഹെലിപോർട്ടുകൾ നിർമിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top