17 September Tuesday

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖികUpdated: Tuesday Sep 10, 2024


കൊച്ചി
വനിതാ ചലച്ചിത്രപ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘ(എസ്ഐടി)ത്തിന്‌  കൈമാറാൻ ഹെെക്കോടതി പ്രത്യേക ബെഞ്ച്  ഉത്തരവിട്ടു.  പരാതികളിൽ എന്തുനടപടിയെടുക്കാമെന്ന സത്യവാങ്‌മൂലം എസ്ഐടി മുദ്രവച്ച കവറിൽ നൽകണമെന്ന്‌ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. പോക്‌സോ വകുപ്പുകളടക്കം ചുമത്തി പ്രഥമദൃഷ്ട്യാ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളിൽ അവധാനതയോടെ നടപടിയെടുക്കാമെന്നും നിർദേശിച്ചു.

സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിഗണിച്ചശേഷമാണ്‌ കോടതി നടപടി. റിപ്പോർട്ടിൻമേൽ വിവിധ നടപടികൾ ആവശ്യപ്പെടുന്ന ഹർജികൾ ഒക്ടോബർ മൂന്നിന് വീണ്ടും പരിഗണിക്കും. കേസിൽ കക്ഷിചേരാൻ നടി രഞ്ജിനി അനുമതി തേടിയിട്ടുണ്ട്‌.      റിപ്പോർട്ട് ഡിജിപിക്ക്‌ ലഭിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയില്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സിനിമാ നയരൂപീകരണ സമിതിക്ക് ക്രിമിനൽ കേസിൽ എന്തുചെയ്യാനാകുമെന്നും സമൂഹത്തിൽ  സ്‌ത്രീകളുടെ അന്തസ്സ് ഹനിക്കപ്പെടുമ്പോൾ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. ആരാണ് പരാതിക്കാരെന്നോ ആർക്കെതിരെയാണ് പരാതിയെന്നോ റിപ്പോർട്ടിലില്ലെന്ന്‌ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് അറിയിച്ചു. മൊഴി നൽകിയവരുടെ സ്വകാര്യത മാനിക്കണമെന്ന് ജസ്റ്റിസ് ഹേമതന്നെ ആവശ്യപ്പെട്ടിരുന്നു. പരാതികളിൽ 23 കേസുകൾ  പ്രത്യേകസംഘത്തിന് കൈമാറിയെന്നും അറിയിച്ചു.

കേസെടുത്തത് റിപ്പോർട്ടുമായി ബന്ധപ്പെട്ടല്ലെന്ന്‌ കോടതി പറഞ്ഞു. ലൈംഗികാതിക്രമം മാത്രമല്ല, വനിതകൾ നേരിടുന്ന സാമൂഹിക, തൊഴിൽ പ്രശ്നങ്ങളുമുണ്ട്. കുറ്റകൃത്യങ്ങളിൽ പൊലീസും മറ്റുവിഷയങ്ങളിൽ സ‌ർക്കാരും ഒരേസമയം നടപടിയെടുക്കണം. രഹസ്യസ്വഭാവം നിലനിർത്തിയാകണം അന്വേഷണം. പരാതിക്കാരുടെയും എതിർഭാഗത്തുള്ളവരുടെയും സ്വകാര്യത ഉറപ്പാക്കണം. പരാതിക്കാർക്ക് കേസുമായി മുന്നോട്ടുപോകേണ്ടെങ്കിൽ അത് മാനിക്കണം. മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണം.  അന്വേഷകസംഘം മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും സമ്മർദങ്ങൾക്കുവഴങ്ങി തിടുക്കപ്പെട്ട നടപടികൾ എടുക്കരുതെന്നും  നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top