മലപ്പുറം> സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.
നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിനാലുകാരന്റെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.
പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്‌ക്വാഡുകളും പരിശോധനകളും അന്വേഷണവുമായി രംഗത്തുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വാഹന അനൗണ്‍സ്‌മെന്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
സന്നദ്ധ സംഘടനകളും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും രോഗവ്യാപനം തടയാന്‍ രംഗത്തുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പാണ്ടിക്കാട്ട് പ്രത്യേക സംഘമുണ്ട്.
മരിച്ച കുട്ടിയുടെ കൂട്ടുകാര്‍ സുരക്ഷിതര്‍
നിപാ വൈറസിന് ഇരയായ വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം അവർക്കൊപ്പം പോയ സ്ഥലങ്ങള്‍ പരിശോധിച്ചു. ഇവര്‍ അമ്പഴങ്ങ കഴിച്ചതായി പറഞ്ഞിരുന്നു. ഇവിടെ വവ്വാലുകളുടെ സന്നിധ്യവുമുണ്ട്. എങ്കിലും അമ്പഴങ്ങയുമായി രോഗബാധയ്ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. കൂട്ടുകാരും ഒന്നിച്ചാണ് കഴിച്ചത്. അവരെല്ലാം നിരീക്ഷണത്തില്‍ സുരക്ഷിതരാണ്. ഇതുവരെയുള്ള ഫലം നെഗറ്റീവാണ്.
പനിബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യനാട് സ്വദേശിയായ അറുപത്തിയെട്ടുകാരനെ നിപാ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇദ്ദേഹവും മരിച്ച വിദ്യാര്‍ത്ഥിയും അവരുടെ പ്രദേശങ്ങളും തമ്മില്‍ ബന്ധം ഒന്നുമില്ല.
ഞായറാഴ്ച മലപ്പുറത്ത് പരിശോധനനടത്തിയ ഏഴുപേരുടെ ഫലവും നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ് മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ കേസുകള്‍ ഇല്ല
കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിലായ സുഹൃത്തുക്കളാണ് നെഗറ്റീവായ ആറുപേര്‍. പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നിപലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ പയ്യനാട് സ്വദേശിയായ അറുപത്തെട്ടുകാരനാണ് നെഗറ്റീവായ ഏഴാമത്തെയാള്‍.
കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും അമ്മാവനെയും ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനിലാക്കിയിരുന്നു. പിതാവിന് ഞായറാഴ്ച രാവിലെമുതല്‍ പനിയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്. വീട്ടിലെ മറ്റാർക്കും ആരോഗ്യപ്രശ്നങ്ങളില്ല.
സമ്പര്‍ക്ക പട്ടികയില്‍ 330 പേര്‍
നാലുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. സമ്പർക്കപപ്പട്ടികയില്‍ ഉൾപ്പെട്ട മൂന്നുപേര്‍ ഉൾപ്പെടെ നാലുപേരുടെ സാംപിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്ത്താകരാണ്. 101 പേര്‍ ഉയർന്ന സാധ്യത കല്പിക്കപ്പെടുന്നവരും ആറുപേര്‍ നേരിട്ട് സമ്പർക്കത്തിലുള്ളവരുമാണ്.
തിരുവനന്തപുരം, പാലക്കാട് സ്വദേശികളും
രണ്ട് പാലക്കാട് സ്വദേശികളും നാല് തിരുവന്തപുരം സ്വദേശികളും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരുടെ ശ്രവപരിശോധന നടത്തുന്നുണ്ട്. മരിച്ച കുട്ടി ട്യൂഷന്‍ സന്ററിലേക്ക് പോകുന്നതിനായി കയറിയ ബസ് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ വണ്‍ ഹെല്ത്ത് മിഷന്റെ ഭാഗമായി പരിശോധന നടത്തുന്നതിന് സംയുക്തസംഘത്തെ സംസ്ഥാനത്ത് നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം ഐസിഎംആര്‍ മോണോക്ലോണല്‍ ആന്റിബോഡികള്‍ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അധിക സാംപിളുകള്‍ പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലബോറട്ടറികളും ലഭിക്കും എന്ന പ്രതീക്ഷയിലാണ്.
ഇരു പഞ്ചായത്തു പരിധികളില്‍ നിന്നും ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്കുപോകുന്ന സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ പൊതു ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ഈ വിദ്യാര്‍ഥികള്‍ എന്‍95 മാസ്‌ക് ധരിക്കണം എന്നിങ്ങനെ കളക്ടര്‍ വി ആര്‍ വിനോദ് നിദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..