തിരുവനന്തപുരം > കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കേന്ദ്ര ഊർജ്ജ നഗരകാര്യ മന്ത്രി മനോഹർലാലിന് കൈമാറി. വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തിൽ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹർലാൽ അഭിപ്രായപ്പെട്ടു. ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര-സംസ്ഥാന ഊർജ്ജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എൻ ടി പി സി യുടെ ബാർഹ് നിലയത്തിൽ നിന്നും അനുവദിച്ചിരിക്കുന്ന 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി മാർച്ച് 2025 അവസാനിക്കുന്നത് ജൂൺ 2025 വരെ നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കാം എന്ന് കേന്ദ്ര ഊർജ്ജമന്ത്രി അറിയിച്ചു. പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനർജി സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികൾക്കായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അനുഭാവത്തോടെ പരിശോധിക്കും. ജലവൈദ്യുത പദ്ധതികൾക്കുള്ള കേന്ദ്ര അനുമതി ലഭ്യമാകുന്നതിന് ഏകജാലക സംവിധാനം ഒരുക്കുന്നത് പരിഗണിക്കാം എന്നും മന്ത്രി അറിയിച്ചു.
റെയിൽവേ ട്രാക്കിന് കുറുകെയുള്ള പ്രസരണ ലൈനുകൾക്ക് നൽകേണ്ട വേ ലീവ് ചാർജിൽ അടുത്തകാലത്തായി വലിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇത് പുനപരിശോധിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം പരിശോധിക്കാം എന്നും മന്ത്രി അറിയിച്ചു. വർദ്ധിച്ചു വരുന്ന ഊർജ്ജ ആവശ്യകതയ്ക്ക് പരിഹാരം എന്ന നിലയിൽ ആണവ വൈദ്യുതിയുടെ സാധ്യത പരിഗണിക്കപ്പെടേണ്ടതാണെന്നും കേരളത്തിന്റെ കടൽതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ തോതിലുള്ള നിക്ഷേപം ഉള്ള സാഹചര്യം പരിഗണിച്ച് സ്ഥലം കണ്ടെത്തി നൽകിയാൽ തോറിയം അധിഷ്ഠിത ആണവ നിലയത്തിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കാം എന്നും മന്ത്രി പറഞ്ഞു. കാർബൺരഹിത പുനരുപയോഗ ഊർജ്ജരംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചു. ഈ രംഗത്തെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..