14 November Thursday

സിൽവർ ലൈൻ അർധ അതിവേഗ പാത പദ്ധതിക്കുള്ള തയ്യാറെടുപ്പുകൾ തുടരാം: കേന്ദ്രം

പ്രത്യേക ലേഖകൻUpdated: Thursday Mar 17, 2022


ന്യൂഡൽഹി
സിൽവർ ലൈൻ അർധ അതിവേഗ പാത പദ്ധതിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടരാമെന്ന്‌ കേന്ദ്രസർക്കാർ. സർവേയും പഠനവും തയ്യാറെടുപ്പും തുടരാമെന്ന്‌ റെയിൽമന്ത്രി അശ്വനി വൈഷ്‌ണവ്‌ ലോക്‌സഭയിൽ പറഞ്ഞു. പദ്ധതിക്ക്‌ കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ സർവേയും ഇതര പ്രാരംഭപ്രവർത്തനങ്ങളും നടത്താം. വിശദമായ പദ്ധതിരേഖ പരിശോധിച്ചശേഷം കേന്ദ്രം അന്തിമ തീരുമാനമെടുക്കും–- യുഡിഎഫ്‌ എംപിമാർക്ക്‌ കേന്ദ്രമന്ത്രി മറുപടി നൽകി.

സംസ്ഥാന സർക്കാരിനും റെയിൽമന്ത്രാലയത്തിനും ഓഹരിപങ്കാളിത്തമുള്ള കെ–- റെയിൽ കമ്പനിയാണ്‌ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത്‌. നിക്ഷേപപൂർവ പ്രവർത്തനങ്ങൾക്ക്‌ റെയിൽമന്ത്രാലയം തത്വത്തിൽ അനുമതി നൽകി. കെ–- റെയിൽ സമർപ്പിച്ച വിശദമായ പദ്ധതിരേഖയിൽ 63,941 കോടിയാണ്‌ പദ്ധതിച്ചെലവ്‌. ഇത്‌ റെയിൽമന്ത്രാലയം പരിശോധിച്ചുവരികയാണ്‌.  സാങ്കേതിക വിശദാംശങ്ങൾ കെ–-റെയിലിനോട്‌ ആരാഞ്ഞിട്ടുണ്ട്‌.

ഈ വിവരംകൂടി ലഭിച്ചശേഷം പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കും. സാങ്കേതിക– -സാമ്പത്തിക പ്രായോഗിക സാധ്യതകളും പരിശോധിക്കും. 1000 കോടിയിൽപ്പരം രൂപയുടെ പദ്ധതികൾക്ക്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അനുമതിയും വേണം–- ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവരെ മന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതായി  പരാതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെയാണ്‌ സമീപിക്കേണ്ടത്‌–- മന്ത്രി പ്രതികരിച്ചു. ഏതെങ്കിലും സംസ്ഥാനത്തിനു മാത്രമായി ട്രെയിനുകൾ ഓടിക്കാറില്ലെന്ന്‌ കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടുമോ എന്ന ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി.

ആരിഫിനെ തടഞ്ഞ്‌  യുഡിഎഫ്‌ ബഹളം
സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട എ എം ആരിഫിനെ തടസ്സപ്പെടുത്താൻ യുഡിഎഫ്‌ അംഗങ്ങൾ ശ്രമിച്ചു. യുഡിഎഫ്‌ എംപിമാർ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേരളവികസനത്തിന്‌  സിൽവർ ലൈൻ  അനിവാര്യമാണെന്നും ആരിഫ്‌ പറഞ്ഞു.  പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ്‌ എംപിമാരുടെ നിലപാടിനെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസിതര അംഗങ്ങൾ അപലപിച്ചു. മന്ത്രിയുടെ മറുപടി വളച്ചൊടിച്ചാണ്‌ യുഡിഎഫ്‌ എംപിമാർ സഭയ്‌ക്കു പുറത്ത്‌ പ്രചരിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top