26 October Saturday

വിലയിടിവ്‌: കോട്ടയം റബർ ബോർഡ്‌ ഓഫീസിലേക്ക്‌ 30ന്‌ കർഷകസംഘം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

തിരുവനന്തപുരം> കേന്ദ്ര സർക്കാരും ടയർ കമ്പനികളും ഒത്തുകളിച്ച് സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനെതിരെ സമരവുമായി കർഷകസംഘം. 30ന് കോട്ടയം റബർ ബോർഡ് ഓഫീസിന് മുന്നിലും റബർ മേഖലകളിലുള്ള ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിലും  കർഷകസംഘം മാർച്ച് സംഘടിപ്പിക്കുമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും പ്രസ്താവനയിലൂടെ അറിയിച്ചു.

റബറിന്റെ വില ഇടിക്കാൻ കുത്തക കമ്പനികൾ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പകൽ കൊള്ളയാണ് നടക്കുന്നത്. ഇതിന് കേന്ദ്ര സർക്കാർ ഒത്താശ നൽകുന്നു. ലക്ഷക്കണക്കിന് റബർ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതമാർഗം പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ടയർ കമ്പനികളുടെ ഒത്തുകളി. കർഷകർ കടക്കെണിയിൽ വീഴുമ്പോൾ ടയർ കമ്പനികളുടെ ലാഭം കുന്നുകൂടുന്നു.

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ റബർ വില കിലോഗ്രാമിലെ കേരളത്തിലെ വിപണിവിലയെക്കാൾ 30 രൂപ കൂടുതലാണ്. ആഭ്യന്തര വിപണിയിൽ റബർ വില ഉയരുമ്പോൾ ടയർ കമ്പനി ലോബി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സംവിധാനം സൃഷ്ടിക്കുന്നതാണ് പതിവ്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുമ്പോൾ കയറ്റുമതി വർധിപ്പിക്കാൻ കർഷകർക്ക് കേന്ദ്രം സൗകര്യം ചെയ്തുകൊടുക്കുന്നുമില്ല.

കുത്തക ടയർ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. സ്വാഭാവിക റബറിന് ആദായകരമായ വില ഉറപ്പാക്കണം. ടയർ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ മുഴുവൻ കർഷകരും രംഗത്തിറങ്ങണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top