തിരുവനന്തപുരം
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന്റെ ‘ഒന്നാം സമ്മാനമടിച്ച ടിക്കറ്റ്’ ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കാൻ എത്തിയ അഞ്ചുപേർ അറസ്‌റ്റിൽ. തമിഴ്‌നാട് തിരുനൽവേലി മായമ്മാർകുറിച്ചി ഗുരുവാങ്കോയിൽ പിള്ളയാർകോവിൽ സ്ട്രീറ്റ് നം.7/170-ൽ അരുണാസലത്തിന്റെ മകൻ എ സെൽവകുമാറും കൂട്ടാളികളായ നാലുപേരുമാണ് പിടിയിലായത്.
കേരളാ ഭാഗ്യക്കുറി (ബിആർ 98) നമ്പർ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനാർഹനായി എന്നവകാശപ്പെട്ട് ടിക്കറ്റുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ എത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആർ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം ടിക്കറ്റിലുണ്ടായിരുന്നു. ടിക്കറ്റ് വ്യാജമെന്ന് വിശദ പരിശോധനയിൽ ബോധ്യപ്പെട്ടതോടെ മ്യൂസിയം പൊലീസിൽ അറിയിച്ചു. സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ സെൽവകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തു. രാത്രി വൈകുംവരെ ഇവരെ ചോദ്യംചെയ്‌തു. ഒന്നാം സമ്മാനാർഹയായ ടിക്കറ്റ് നേരത്തെതന്നെ ഡയറക്ടറേറ്റിൽ ലഭിച്ചിരുന്നു. ഇതിന്റെ പരിശോധന നടക്കുകയാണ്. അതിനിടയിലാണ് പുതിയ അവകാശി എത്തിയത്.
അതിർത്തിക്കപ്പുറം വ്യാജൻ
വിശ്വാസ്യതയുള്ള കേരള ലോട്ടറിയുടെ സമ്മാനാർഹമായ വ്യാജടിക്കറ്റുകൾ തയ്യാറാക്കി വിൽപനനടത്തുന്ന സംഘം കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമാണെന്ന പരാതി അധികൃതർക്കു മുന്നിലുണ്ടായിരുന്നു. പത്ത് കോടിയുടെ മൺസൂൺ ബമ്പർ ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് ഒമ്പതുകോടി നൽകിയാൽ കൈമാറാമെന്ന വാഗ്‌ദാനവുമായി ചിലർ പലരെ സമീപിച്ചിരുന്നു. ടിക്കറ്റിന്റെ ഫോട്ടോയും വാട്‌സാപ്പിൽ നൽകി. നറുക്കെടുപ്പ് ഫലം പരിശോധിക്കുന്നതിന്റെ വീഡിയോയും അയച്ചുകൊടുത്തു. സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അതേമാതൃകയിലാണ് ടിക്കറ്റ്. ക്യു ആർ കോഡ് പോലും അതുപോലുണ്ട്. കേരള സർക്കാർ എന്നതിനുപകരം കേരള ‘ഡ’ർക്കാർ എന്നായി. ഇത് അക്ഷരത്തെക്കുറിച്ച് വ്യക്തമായ ബോധമില്ലാത്തതിനാൽ സംഭവിച്ചതാകാമെന്നാണ് അനുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..