തിരുവനന്തപുരം
സർക്കാർ, തദ്ദേശ സ്ഥാപനതലത്തിൽ നടന്ന ശ്രദ്ധേയ ഇടപെടലുകളെത്തുടർന്ന് വാർഷിക പദ്ധതി നിർവഹണത്തിൽ പഞ്ചായത്തുകൾ ബഹുദൂരം മുന്നിൽ. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ പഞ്ചായത്തുകളുടെ പദ്ധതിച്ചെലവ് 125 ശതമാനം. പദ്ധതിവിഹിതം 3730 കോടി രൂപ. ട്രഷറി ചെലവ് 4659 കോടി. പദ്ധതി ആസൂത്രണവും രൂപീകരണവും മുതൽ നിർവഹണംവരെയുള്ള എല്ലാ ഘട്ടത്തിലും സർക്കാർ ഇടപെടൽ മികച്ച നേട്ടം ഉറപ്പാക്കി.
നിർവഹണ സമയപരിധി സൂക്ഷിക്കുന്നതിൽ ജില്ലാ ആസൂത്രണ സമിതികൾ മുതൽ താഴേക്ക് ചിട്ടയായി പ്രവർത്തിച്ചു. 1200 തദ്ദേശ സ്ഥാപനത്തിൽ മിക്കതും ഒറ്റമനസ്സിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. തദ്ദേശസ്ഥാപനങ്ങളുടെ ആകെ പദ്ധതി അടങ്കൽ 7280 കോടിയും ചെലവ് 7873 കോടിയുമാണ്.ആരോഗ്യമേഖലയ്‌ക്കുള്ള ധനകമീഷൻ ഗ്രാന്റായ 559 കോടിയും മില്യൺ പ്ലസ് പദ്ധതി ഗ്രാന്റ് 256 കോടിയും ഖരമാലിന്യ സംസ്‌കരണത്തിനായുള്ള ബജറ്റിലെ പ്രത്യേക വിഹിതമായ 100 കോടിയും ചേർന്നതാണ് വാർഷിക പദ്ധതി.
ഇരുനൂറ്റിഎട്ട് പഞ്ചായത്ത് പദ്ധതിവിഹിതം പൂർണമായും ചെലവിട്ടത് സർവകാല നേട്ടമാണ്. ആലപ്പുഴയിലെ മുഹമ്മ, പുന്നപ്ര തെക്ക്, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ 120 ശതമാനത്തിനുമേൽ ചെലവുണ്ട്. തിരുവനന്തപുരത്തെ അഞ്ചുതെങ്ങാണ് നാലാമത്. പാലക്കാട് നെല്ലിയാമ്പതിയാണ് പിന്നിൽ. നഗര കോർപറേഷനുകളുടെ ചെലവ് 106 ശതമാനമാണ്. കൊല്ലം മുന്നിലെത്തി. തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും മികച്ച ചെലവ് ഉറപ്പാക്കി. കണ്ണൂരും തൃശൂരുമാണ് പിന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ വയനാട് പദ്ധതി ലക്ഷ്യം പൂർത്തീകരിച്ചത് ചരിത്രമായി. 100 ശതമാനം. ജില്ലാ പഞ്ചായത്തുകളുടെ ആകെ ചെലവ് 98.52 ശതമാനം. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലാ പഞ്ചായത്തുകളിൽ 80 ശതമാനത്തിലധികമാണ് ചെലവ്. 30 ബ്ലോക്ക് പഞ്ചായത്ത് 100 ശതമാനം കടന്നു. നെടുങ്കണ്ടം മുന്നിൽ (115 ശതമാനം). പിന്നിലായ മണ്ണാർക്കാട്ട് 56 ശതമാനം. ബാക്കിയെല്ലാം 60 ശതമാനത്തിനു മുകളിലാണ്. സംസ്ഥാന ശരാശരി 103.5 ശതമാനം.
മുനിസിപ്പൽ നഗരസഭകളിൽ 67 ശതമാനം പൂർത്തിയായി. ഗുരുവായൂർ മുന്നിൽ (113 ശതമാനം). കൊടുങ്ങല്ലൂർ, കോതമംഗലം, മരട്, പത്തനംതിട്ട, മുവാറ്റുപുഴ, രാമനാട്ടുകാര, വാചക്കാട്, ചാലക്കുടി എന്നിവ 100 ശതമാനം കടന്നു. 48 ശതമാനം ചെലവിട്ട നീലേശ്വരമാണ് പിന്നിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..