22 December Sunday

നീണ്ടകരയിൽ ഖനനത്തിന് ഭൂമി; കെഎംഎംഎൽ ഏറ്റെടുക്കുന്നത്‌ 83 ഏക്കർ

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024

കൊല്ലം > കരിമണൽ ഖനനത്തിന്‌ നീണ്ടകര പരിമണത്തുനിന്ന് മൂന്നുവർഷത്തേക്ക്‌ ഏറ്റെടുക്കുന്ന ഭൂമിയുടെ പാട്ടവ്യവസ്ഥയും വിലയും സംബന്ധിച്ച്‌ ചവറ കെഎംഎംഎല്ലും ഭൂവുടമകളും ധാരണയിലെത്തി. ഡെപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ഭൂവുടമകളുടെ യോഗത്തിലാണ്‌ അന്തിമ ധാരണ. പരിമണത്തുനിന്ന് പാട്ടക്കരാർ വ്യവസ്ഥയിൽ കെഎംഎംഎൽ ഏറ്റെടുക്കുന്നത്‌ 83 ഏക്കറാണ്‌. കരിമണൽ ഖനനത്തിന്‌ കെഎംഎംഎല്ലിന്‌ ഭൂമി വിട്ടുനൽകാൻ താമസക്കാർ സന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യം വ്യവസായവകുപ്പിനെ അറിയിച്ചതിനെത്തുടർന്നാണ്‌ തുടർനടപടി പുരോഗമിച്ചത്‌. പാട്ടവില ഉൾപ്പെടെ 500 കോടി രൂപയുടെ പദ്ധതിയാണ്‌ പരിമണത്തിനായി കെഎംഎംഎൽ തയ്യാറാക്കിയിട്ടുള്ളത്‌. മൂന്നുമുതൽ അഞ്ചുവർഷത്തേക്ക്‌ ഖനനം നീളുമെന്നാണ്‌  പ്രതീക്ഷിക്കുന്നത്‌. 

വ്യവസ്ഥകളും വിലയും ഭൂവുടമകളും കെഎംഎംഎല്ലും അംഗീകരിച്ചതോടെ റവന്യു വകുപ്പ്‌ പാക്കേജ്‌ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കും. അനുമതി ലഭിച്ചാൽ പാട്ടവില നൽകി ഭൂമി ഏറ്റെടുക്കും. ആകർഷകമായ പാട്ടവില നൽകുന്നതിനൊപ്പം ഖനനശേഷം ഭൂമി  മണ്ണിട്ടുനികത്തി മടക്കിനൽകും വിധമാണ്‌ പാക്കേജ്‌. പാക്കേജ്‌ തയ്യാറാക്കുന്ന നടപടി നേരത്തെ ആരംഭിച്ചെങ്കിലും ഭൂവുടമകളുമായുള്ള അന്തിമ യോഗത്തിനുശേഷം പൂർണമാക്കിയാൽ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർക്കിടിയിലെ തീരുമാനം. ഓടുപാകിയ വീടിനും കോണ്‍ക്രീറ്റ്‌ വീടിനും പ്രത്യേകം നഷ്ടപരിഹാരം നിർദേശിക്കുന്നു. 
 
ഖനനത്തിനുശേഷം തിരികെ വരുന്ന താമസക്കാർക്ക്‌ കമ്പനിയുടെ സിഎസ്‌ആർ ഫണ്ടിൽനിന്ന് ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതും കെഎംഎംഎൽ പരിഗണിക്കുന്നു. നീണ്ടകര പരിമണത്ത്‌ ചവറ കെഎംഎംഎൽ നടപ്പാക്കുന്നത്‌ കരിത്തുറയിൽ ഐആർഇ നടപ്പാക്കിയ പാക്കേജിന്‌ സമാനമായ ആശ്വാസ പദ്ധതിയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top