22 December Sunday

ഗ്രീൻ ഗ്രിഡ് കേരള പദ്ധതി: അമേരിക്കയിൽ കൈയടി നേടി കേരളാ മോഡൽ

സ്വന്തം ലേഖികUpdated: Monday Nov 11, 2024

തിരുവനന്തപുരം> അമേരിക്കയിൽ നടന്ന അന്താരാഷ്‌ട്ര സെമിനാറിൽ കേരളാ മോഡൽ അവതരിപ്പിച്ച്‌ കൈയടി നേടി കേരള ഡെവലപ്‌മെന്റ്‌ ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്‌).  ചിക്കാഗോയിൽ നടന്ന  അന്താരാഷ്ട്ര സെമിനാറിലാണ് ഊർജ സംരക്ഷണത്തിന്റെ വ്യത്യസ്ത ആശയമായി കെ- ഡിസ്കിന്റെ തിരുവനന്തപുരം ആസ്ഥാനത്ത്‌ നടപ്പാക്കിയ  "ഗ്രീൻ ഗ്രിഡ് കേരള' പദ്ധതി അവതരിപ്പിച്ചത്. ഊർജ സംരക്ഷണത്തിനും  കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി  സർക്കാർ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കുകയാണ്‌  ലക്ഷ്യം.

ഒരുവർഷം നീണ്ട പഠനത്തിലൂടെയാണ്‌  48 വാട്ടിന്റെ ഡിസി  മൈക്രോഗ്രിഡ് സംവിധാനം സജ്ജമാക്കിയത്‌. 20 കിലോ വാട്ട്‌ ശേഷിയുള്ള സോളാർ പാനലും ഒരു കിലോ വാട്ട്‌ ശേഷിയുള്ള കാറ്റ്‌ ടർബൈനും സ്ഥാപിച്ചു. എസിയുടെ ഉപയോഗം കുറയ്ക്കുന്നതിന്‌ "വാട്ടർ കർട്ടൻ' സംവിധാനവും ലൈറ്റിന്റെ ഉപയോഗം കുറയ്ക്കുന്നതിന്‌  ഗ്ലാസ്‌ ജനലുകളും സ്ഥാപിച്ചു.

ഇതിലൂടെ പ്രതിവർഷം  50,628യൂണിറ്റ്‌   ഊർജ ലാഭം കൈവരിച്ചു. ഇത് ഏകദേശം 78,918 കിലോഗ്രാം  കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും സഹായകമായി. ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക്‌ നൽകാനും കഴിയും. പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ ഊർജ കാര്യക്ഷമത ഉറപ്പുവരുത്താനും  പാരിസ്ഥിതിക ആഘാതം കുറയ്‌ക്കാനും കഴിയും.

 6 മുതൽ 8 വരെ നടന്ന അന്താരാഷ്ട്ര സെമിനാറിൽ കേരളത്തിൽനിന്നും കെ ഡിസ്കിന്റെ പ്രതിനിധികളും സി ഡാക്കിന്റെ പ്രതിനിധികളും  പങ്കെടുത്തു. മെമ്പർ സെക്രട്ടറിയും മുൻ പ്ലാനിങ് ബോർഡ് മെമ്പറുമായ ഡോ. പി വി ഉണ്ണിക്കൃഷ്ണനാണ് അന്താരാഷ്ട്ര സെമിനാറിൽ പ്രോജക്ട് അവതരിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top