തിരുവനന്തപുരം
സംസ്ഥാനത്തിന്റെ ധനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ കേരളത്തിൽനിന്നുള്ള എംപിമാരുടെ യോഗം തീരുമാനിച്ചു. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാനതാൽപര്യം സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയാതീതമായി ഇടപെടുമെന്ന് എംപിമാർ അറിയിച്ചു. അർഹമായ വിഹിതം കിട്ടാൻ യോജിച്ചുള്ള ശ്രമങ്ങൾക്ക് തയ്യാറാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നാടിന്റെ പൊതുകാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാനാകണമെന്നും വേണുഗോപാലിന്റെ വാഗ്ദാനം പൂർണ അർഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഫണ്ട് ചെലവിടാനും നടപടിയെടുക്കും. തദ്ദേശ വകുപ്പിന്റെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട 109 തീരദേശ പഞ്ചായത്തുകളിൽക്കൂടി തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ ബാധകമാക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആലുവ താലൂക്കിൽ ഗ്ലോബൽ സിറ്റി പദ്ധതി നിർത്തിവയ്‌ക്കാനുള്ള കേന്ദ്ര തീരുമാനം തിരുത്തിക്കാൻ എംപിമാർ ഇടപെടും. തിരുവനന്തപുരം തോന്നയ്‌ക്കലിൽ കെഎസ്‌ഐഡിസിയുമായി ചേർന്ന് ആരംഭിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന് എസ്‌പിവിക്കായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര ശാസ്ത്ര–-സങ്കേതിക വകുപ്പിന്റെ അനുമതികിട്ടാൻ ഇടപെടും. അരിവിഹിതം വെട്ടിക്കുറച്ചതും ഒരുമാസം വിതരണംചെയ്യുന്ന അരിക്ക് പരിധി നിശ്ചയിച്ചതും അധികവിതരണത്തിന് പിഴയിട്ടതും കേരളതാൽപര്യത്തിന് വിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തും.
എയിംസിനായി വീണ്ടും
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാനും എൻഎച്ച്‌എം പദ്ധതി വിഹിതത്തിൽ കിട്ടാനുള്ള ആയിരം കോടിയോളം രൂപ ലഭ്യമാക്കാനും ഇടപെടും. കണ്ണൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വ്യോമയാന റൂട്ട് അനുവദിപ്പിക്കാനും സാർക്ക് / ആസിയാൻ ഓപ്പൺ സ്കൈ പോളിസിയിൽ ഉൾപ്പെടുത്താനും ഇടപെടൽ നടത്തും. വിമാനങ്ങൾ റദ്ദാക്കുന്നത് ഒഴിവാക്കാൻ വിമാനക്കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കും. തലശേരി–- -മൈസൂരു, നിലമ്പൂർ–-നഞ്ചൻകോട്, കാഞ്ഞങ്ങാട്–- കാണിയൂർ–- പാണത്തൂർ, ശബരി റെയിൽ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾക്കായും ഇടപെടും.
സ്‌പെഷൽ പാക്കേജ് വേണം
സംസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് രണ്ട് കത്ത് കേന്ദ്രധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ നേരിൽകണ്ടും ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 24,000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 5,000 കോടിരൂപയുടെ പാക്കേജ് വേണം. വരൾച്ചയിൽ കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാനുള്ള പാക്കേജിനായി ആവശ്യപ്പെടും. വനം–-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള സഹായത്തിനായും ഇടപെടുമെന്ന് എംപിമാർ അറിയിച്ചു.
മന്ത്രിമാർ, എംപിമാരായ കെ രാധാകൃഷ്ണൻ, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ബെന്നി ബഹന്നാൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, അബ്ദുൽ സമദ് സമദാനി, ജെബി മേത്തർ, എ എ റഹീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പിൽ, ഫ്രാൻസിസ് ജോർജ്, പി പി സുനീർ, ഹാരിസ് ബീരാൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഉന്നതോദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..