27 December Friday

അന്തർദേശീയ ടൂറിസം മേഖലയിലെ ഗുണപരമായ മാറ്റങ്ങൾ കേരളം ഉൾക്കൊള്ളണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കൊച്ചി > ലോക ടൂറിസം മേഖലയിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ നമ്മുടെ വിനോദസഞ്ചാര മേഖലയിലേക്ക് സ്വാംശീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം മേഖലയിലേക്ക് ആകർഷിക്കപ്പെടുന്ന നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ട്രാവൽ മാർട്ടിന്റെ 12–-ാം പതിപ്പ്  കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ അന്തർദേശീയ ടൂറിസം വിപണിയുടെ ശ്രദ്ധാ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രത്യേക പദ്ധതികൾക്കു സർക്കാർ രൂപം നൽകിയിട്ടുണ്ട്.  വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 136 കോടി രൂപ ബഡ്ജറ്റിൽ നീക്കിവെച്ചു.

വെറുതെ ഒരു സ്ഥലം സന്ദർശിച്ചു മടങ്ങുക എന്ന നിലയിൽ നിന്ന് അക്ഷരാർത്ഥത്തിൽ വിനോദത്തിനുള്ള ഉപാധിയായി തന്നെ വിനോദസഞ്ചാരം മാറിക്കൊണ്ടിരിക്കുന്നു. ഇതിൻറെ ഭാഗമായി വിപണിയിൽ  പുതിയ ട്രെൻഡുകൾ ഉയർന്നു വരുന്നു. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ തദ്ദേശ സ്ഥാപനത്തിൻറെ പരിധിയിലും കുറഞ്ഞത് ഒരു ടൂറിസ്റ് കേന്ദ്രം  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തെ ഒരു വെൽനസ് ടൂറിസം ഹബ്ബായി മാറ്റാൻ കഴിയുന്ന എല്ലാ സാഹചര്യങ്ങളുമുണ്ട്. പരമ്പരാഗത ചികിത്സാരംഗത്തും ആധുനിക ചികിത്സാ രംഗത്തും നാം കൈവരിച്ച നേട്ടങ്ങൾ അതിന് അടിസ്ഥാനമാണ്.

കേരളത്തിൻറെ സവിശേഷതകൾ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിലൂടെ വിദേശരാജ്യങ്ങളിൽ അടക്കം എത്തിക്കുന്നതിനൊപ്പം സമാധാനപരമായ മതനിരപേക്ഷ അന്തരീക്ഷം, ജലസമൃദ്ധി, ഫിസിക്കൽ കണക്റ്റിവിറ്റി തുടങ്ങിയ കാര്യങ്ങൾ എല്ലാവരിലേക്കും എത്തിച്ചു കൊണ്ടുള്ള പ്രവർത്തനം ഏറ്റെടുക്കുന്നതിനും കഴിയണം.  

വിനോദസഞ്ചാരമേഖലയിൽ  നിക്ഷേപങ്ങൾ ആകർഷിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് ഈ മേഖലയിൽ  പുതിയ മാറ്റങ്ങൾക്കു അവസരം സൃഷ്ടിക്കണം.  നൂതനമായ ആശയങ്ങൾ വിനോദസഞ്ചാരമേഖലയിൽ പുത്തൻ മാറ്റങ്ങൾ ഉയർത്തിക്കൊണ്ടുവരാനും അവയെ സംരംഭങ്ങൾ ആക്കി മാറ്റാനും നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ, ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ, കെ ജെ മാക്സി എംഎൽ എ,  ടി ജെ വിനോദ് എംഎൽഎ, കെ ബാബു എം എൽ എ, മുൻ ചീഫ് സെക്രട്ടറിയും ടൂറിസം വകുപ്പ് ഡയറക്ടറുമായ ഡോ വി വേണു, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, എം ഡി ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌, കെ ടി ഡി സി ചെയർമാൻ പി കെ ശശി എന്നിവരും കേരള ട്രാവൽ മാർട്ട് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top