28 October Monday

കലയോളം ; സർക്കാർ ജീവനക്കാരുടെ 
സംസ്ഥാന കലോത്സവം , നാടകോത്സവം ; കണ്ണൂർ 
ചാമ്പ്യന്മാർ

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024


തിരുവനന്തപുരം
മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ വേദികൾ. കലയെ നെഞ്ചോടു ചേർത്തവരുടെ ചടുലമായ ചുവടുകളും ആലാപനങ്ങളും സദസ്സിനെ ഉണർത്തി. വരയിലും വാക്കിലും പ്രതിഭയുടെ മിന്നലാട്ടം തീർത്തവർ വേറെയും. ജോലിയുടെ ഉത്തരവാദിത്വങ്ങൾക്കിടയിലും കലയ്‌ക്കായിക്കൂടി സമയം കണ്ടെത്തിയവർ അരങ്ങിൽ തകർത്തപ്പോൾ കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവവും  ‘സർഗോത്സവ്‌’ നാടകോത്സവവും ‘അരങ്ങ്‌’ വിസ്‌മയം തീർത്തു.

66 പോയിന്റ്‌ നേടി കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം നോർത്ത്‌ (54) ആണ്‌ രണ്ടാം സ്ഥാനത്ത്‌. 49 പോയിന്റ്‌ നേടി തിരുവനന്തപുരം സൗത്തും കോഴിക്കോടും മൂന്നാം സ്ഥാനം പങ്കിട്ടു. കോഴിക്കോട്‌ ജില്ലയെ പ്രതിനിധീകരിച്ച്‌ മത്സരിച്ച ശ്യാംദാസ്‌ കലാപ്രതിഭയായി. പെൻസിൽ ഡ്രോയിംഗ്‌, പെയിന്റിംഗ്‌ എന്നിവയിൽ ഒന്നാം സ്ഥാനവും കാർട്ടൂണിൽ രണ്ടാം സ്ഥാനവും ശ്യാംദാസ്‌ സ്വന്തമാക്കി. കൊല്ലം ജില്ലയിലെ പി പുഷ്‌പലത ആണ്‌ കലാതിലകം. മാപ്പിളപ്പാട്ട്‌, നാടൻപാട്ട്‌ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ്‌ കലാതിലകപട്ടമണിഞ്ഞത്‌.

ഇത്തവണ ഒന്നാമത്‌
കോളേജ്‌ പഠന സമയത്ത്‌ ഒരു ആഗ്രഹത്തിന്റെ പുറത്തായിരുന്നു പി വി നീലേഷ്‌ ഓടക്കുഴൽ പഠിച്ച് തുടങ്ങിയത്. കഴിഞ്ഞ തവണ ആദ്യമായി മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനം. ഇത്തവണ ആ വിഷമം തീർത്തു. കോഴിക്കോടിനെ പ്രതിനിധീകരിച്ച്‌ ഒന്നാം സ്ഥാനം നേടി. കൊയിലാണ്ടി സ്വദേശിയാണ്‌. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൽ ലാബ്‌ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

കൃഷ്‌ണകുമാറുണ്ടോ... 
‘മൃദംഗം ബുക്ക്‌ഡ്‌’
ബാഡ്‌മിന്റണിൽ ദേശീയതലത്തിൽവരെ മത്സരിച്ചു. പത്ത്‌ വർഷം വിവിധയിടങ്ങളിൽ കായിക അധ്യാപകനായി പ്രവർത്തനം. 20 വർഷമായി തദ്ദേശവകുപ്പിൽ ജോലി. ഇതൊക്കെയാണെങ്കിലും കൃഷ്‌ണകുമാറിനെക്കുറിച്ചുള്ള പരിചയപ്പെടുത്തലിന്‌ ഒരു മൃദംഗനാദത്തിന്റെ പിന്നണികൂടി വേണം. സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം ജി കൃഷ്‌ണകുമാറിന്റെ ഈ മൃദംഗ വിസ്‌മയത്തിന്‌ ഒരിക്കൽക്കൂടി വേദിയായി. പതിവുതെറ്റിക്കാതെ ഇത്തവണയും ഒന്നാം സ്ഥാനവുമായാണ്‌ മടങ്ങിയത്‌. പത്ത്‌ വർഷത്തെ കലോത്സവത്തിന്റെ ചരിത്രത്തിൽ ഒമ്പത്‌ തവണയും മൃദംഗത്തിൽ കൃഷ്‌ണകുമാർ തന്നെയായിരുന്നു ഒന്നാമത്‌. ഒരു തവണ മത്സരിച്ചില്ല.  

തദ്ദേശവകുപ്പിൽ ആലപ്പുഴ ജോയിന്റ് ഡയറക്‌ടർ ഓഫീസിൽ ജൂനിയർ സൂപ്രണ്ട്‌ ആണ്‌ താമരക്കുളം ചത്തിയറ സ്വദേശിയായ ജി കൃഷ്‌ണകുമാർ. ജോലിക്ക്‌ ശേഷമുള്ള സമയങ്ങളിൽ ഏറെയും മൃദംഗത്തിന്റെ ലോകത്താണ്‌ ഇദ്ദേഹം. അഞ്ചാം വയസ്സിലാണ് മൃദംഗ പഠനം തുടങ്ങിയത്. 1983ൽ അരങ്ങേറി. ഇതിനോടകം നിരവധി വേദികളിൽ മൃദംഗം വായിച്ചു. നവരാത്രി ആഘോഷ പരിപാടികളിലടക്കം കച്ചേരികളിൽ സ്ഥിരം സാന്നിധ്യമാണ്‌. നൂറനാട്‌ സുകുമാരൻ ആയിരുന്നു ആദ്യ ഗുരു. മാവേലിക്കര കൃഷ്‌ണൻകുട്ടി നായരിൽനിന്ന് മൃദംഗം അഭ്യസിക്കാനുമായി. അദ്ദേഹത്തിന്റെ മരണശേഷം മാവേലിക്കര എസ്‌ ആർ രാജുവിന്റെ ശിഷ്യണത്തിലായിരുന്നു പഠനം.

ഇതിനിടെ കാര്യവട്ടം എൽഎൻസിപിയിൽനിന്ന്‌ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. ബാഡ്‌മിന്റൺ ആണ്‌ സ്‌പെഷ്യലൈസ്‌ ചെയ്‌തത്‌. സബ്‌ ജൂനിയർ ബോൾ ബാഡ്‌മിന്റണിൽ ദേശീയതലത്തിൽ മത്സരിച്ചു. സീനിയർ സോഫ്‌റ്റ്‌ ബോൾ ബാഡ്‌മിന്റണിൽ കേരള ടീം അംഗമായിരുന്നു. 2004ലാണ്‌ തദ്ദേശ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്‌. ഭാര്യ സംഗീത ഗോപാലകൃഷ്‌ണൻ അധ്യാപികയാണ്‌. കേരള എൻജിഒ യൂണിയൻ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗമാണ്‌.

പാട്ടും പാടി അജിത്‌ ബാബു
അജിത്‌ ബാബുവിന്റെ ചുണ്ടില്‍ എപ്പോഴും ഒരു പാട്ടിന്റെ മൂളലുണ്ടാകും. ഇത്തവണ അതിനൊപ്പം ഒരു വിജയത്തിന്റെ ചിരികൂടിയും. ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും നാടൻപാട്ട് വ്യക്‌തിഗത ഇനത്തിൽ രണ്ടാം സ്ഥാനവും നേടി കെ അജിത്ബാബു ഗംഭീരമാക്കി. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത്‌ ജില്ലയെ പ്രതിനിധീകരിച്ചാണ്‌ മത്സരിച്ചത്‌. സ്‌റ്റേഷനറി വകുപ്പിൽ  എൽജിഎസാണ്. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശിയായ   അജിത്‌ബാബു മത്സരാർഥി മാത്രമല്ല, കലാ അധ്യാപകൻ കൂടിയാണ്‌. കലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരങ്ങളുടെ സംവിധാനത്തിന്‌ നിരവധി കോളേജുകളാണ്‌ ആശ്രയിക്കാറ്‌. പിന്നണി ​ഗായകന്‍കൂടിയാണ്. പാട്ട്‌ മാത്രമല്ല നൃത്തവും അജിത്തിന്റെ ലോകമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top