തിരുവനന്തപുരം > കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം ‘സർഗോത്സവ്, സംസ്ഥാന നാടക മത്സരം ‘അരങ്ങ്' -എന്നിവ ഞായറാഴ്‌ച തിരുവനന്തപുരത്ത് നടക്കും. അയ്യൻകാളി ഹാളിൽ രാവിലെ 9.30ന് മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ സമ്മാനദാനം നിർവഹിക്കും.
26 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ആയിരത്തിലധികം ജീവനക്കാർ മാറ്റുരയ്ക്കും. 11 വേദികളിലാണ് കലോത്സവം. അയ്യൻകാളി ഹാളിലെ ‘പാദമുദ്രകൾ’ വേദിയിൽ തിരുവാതിര, നാടോടി നൃത്തങ്ങൾ, നാടൻപാട്ട് (ഗ്രൂപ്പ്) അരങ്ങേറും. ഹസൻ മരക്കാർ ഹാളിലെ ‘ആയിഷ’ വേദിയിൽ ഒപ്പന, മൈം, മാപ്പിള പാട്ട് എന്നിവ നടക്കും.
കവിതാലാപനവും നാടൻ പാട്ടും (വ്യക്തിഗത ഇനം) സംസ്കൃത കോളേജിലെ ‘ഗാനോത്സവം’ വേദിയിൽ അരങ്ങേറും. ‘സർഗസംഗീത’ വേദിയിൽ ലളിതഗാനവും ശാസ്ത്രീയ സംഗീതവും നടക്കും. ‘രാഗലീല’ വേദിയിൽ മോണോആക്ട്, മിമിക്രി, ‘പ്രയാണം’ വേദിയിൽ ചെണ്ട മത്സരം, ‘കല്യാണ സൗഗന്ധിക’ത്തിൽ മൃദംഗം, തബല എന്നിവയും അരങ്ങേറും. ഓടക്കുഴൽ, വയലിൻ ‘മുളങ്കാട്’ വേദിയിലും. ചിത്രരചന, കാർട്ടൂൺ ‘മഴവില്ല്’ വേദിയിലും, കഥയും കവിതയും രചനയും ‘പേനയും പടവാളും’ വേദിയിലും നടക്കും. നാടകങ്ങൾ സെനറ്റ് ഹാളിലെ ‘അശ്വമേധം’ വേദിയിൽ അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..