22 November Friday

പൊലീസിന്റെ ഹെൽപ്പ്‌​ ലൈനിൽ വിളിച്ചാൽ 
പ്രതികരണം വേഗത്തിലാക്കും:​ ഡിജിപി

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

ലഹരിവിരുദ്ധ കൂട്ടയോട്ടത്തിൽ ഡിജിപി അനിൽകാന്ത്, ഡിസിപി എസ് ശശിധരൻ, കമീഷണർ സി എച്ച് നാഗരാജു എന്നിവർ


കൊച്ചി
അവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പൊലീസ്‌ പ്രതികരണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന്‌ ഡിജിപി അനിൽകാന്ത്‌. നിലവിൽ പൊലീസുമായി ബന്ധപ്പെട്ട ഏത്​ ആവശ്യത്തിനും 112 എന്ന ഹെൽപ്പ്‌​ ലൈനിൽ വിളിച്ചാൽ ഏഴു മിനിറ്റിനകം പ്രതികരണം ഉണ്ടാകും​. ഈ സമയം കുറച്ചുകൊണ്ടുവരാനാണ്‌ ശ്രമിക്കുന്നതെന്ന്‌ കൊച്ചിയിൽ റസിഡന്റ്‌സ്​ അസോസിയേഷനുകളുടെ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ​ ഡിജിപി പറഞ്ഞു.  

റസിഡന്റ്‌സ്​ അസോസിയേഷനുകളുമായി സഹകരിച്ച്​ ‘വാച്ച്​​ യുവർ നെയ്​ബർ’ പദ്ധതി സംസ്ഥാനത്ത്​ കൂടുതൽ വ്യാപിപ്പിക്കും​. കുറ്റകൃത്യങ്ങൾ തടയാൻ​ ഇത്​ സഹായിക്കുമെന്നാണ്‌​ പ്രതീക്ഷ. അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത്​ പൊലീസിനെ അറിയിക്കണം. ജനമൈത്രി പൊലീസിന്റെ ഭാഗമായാണ്​ പദ്ധതി നടപ്പാക്കുക. വിശദാംശങ്ങൾ തയ്യാറാക്കിവരികയാണ്‌. ഉടൻ പ്രായോഗികമാക്കും. വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയുംവിധം സ്ഥാപിക്കുന്നത്​ നല്ലതായിരിക്കുമെന്ന്‌ ഡിജിപി പറഞ്ഞു.  മുതിർന്ന പൗരരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു​.

ആരോഗ്യമുള്ളവർ, കിടപ്പുരോഗികൾ, പ്രത്യേക പരിഗണന വേണ്ടവർ എന്നിങ്ങനെ പ്രായമായവരെ തിരിച്ച്​ അവരുടെ കണക്കുകൾ​ പൊലീസ്​ ശേഖരിക്കുന്നുണ്ട്​. ശ്രദ്ധ വേണ്ടവരുമായി പൊലീസ്​ ദിവസവും ബന്ധപ്പെടുന്ന സംവിധാനമാണ്​ കൊണ്ടുവരികയെന്നും ഡിജിപി പറഞ്ഞു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ആന്റി നാർകോട്ടിക്​ സെല്ലിന്റെ ബോധവൽക്കരണ പരിപാടികൾ റസിഡന്റ്‌സ് അസോസിയേഷനുകളിൽക്കൂടി വ്യാപിപ്പിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞു. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇതിലൂടെ നൽകും. ഡിസിപി എസ്‌ ശശിധരൻ, എഡിജിപി  എം ആർ അജിത്‌കുമാർ, മട്ടാഞ്ചേരി എസിപി അരുൺ കെ പവിത്രൻ, ഡിസിപി (അഡ്‌മിനിസ്‌ട്രേഷൻ) ബിജു ഭാസ്‌കർ, കമാൻഡന്റ്‌ എസ്‌ സുരേഷ്‌, റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top