തിരുവനന്തപുരം
65 ലക്ഷം ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വിവരം സെർവറിൽനിന്ന് നിന്ന് ചോർത്തി വിൽപ്പനയ്ക്ക് വച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പിഎസ്‍സി. ഉദ്യോഗാർഥികൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. പിഎസ്‌സി സെർവറിലെ വിവരം സുരക്ഷിതമാണ്.
പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്‌ത 65 ലക്ഷം ഉദ്യോഗാർഥികളുടെയും യൂസർ ഐഡിയും പാസ് വേഡും ഹാക്കർമാർ പിഎസ്സി സെർവറിൽനിന്ന് ചോർത്തി ഡാർക്ക് നെറ്റിൽ വിൽപനയ്ക്ക് വച്ചെന്നാണ് "മാധ്യമം' പത്രം തിങ്കളാഴ്ച വാർത്ത നൽകിയത്. പേഴ്സണൽ കംപ്യൂട്ടറിൽ വിവരം ചോർത്തുന്ന ആപ്പുകൾ (സ്റ്റീലർ മാൽവെയർ ) കയറിയിട്ടുണ്ടെങ്കിൽ വ്യക്തിഗത വിവരം ചോരാൻ ഇടയുണ്ട്. ഇത് കഴിഞ്ഞമാസം കേരള പൊലീസിന്റെ സൈബർ ഡിവിഷൻ പിഎസ്‍സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ പാസ്‍വേഡിന് പുറമെ മൊബൈൽ ഒടിപി സംവിധനം കൂടി ഉപയോഗിച്ച് സുരക്ഷിതമാക്കി. ജൂലൈ ഒന്നു മുതൽ ഈ സംവിധാനം നിലവിൽ വന്നെന്നും പിഎസ്‍സി വാർത്താക്കുറിപ്പിൽ അറിയിച്ചു
നിരീക്ഷിക്കാൻ സൈബർ പട്രോളിങ്
സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വഴി വ്യക്തിഗത വിവരം ചോരുന്നില്ല എന്ന് ഉറപ്പാക്കാൻ പൊലീസിന്റെ സൈബർ വിഭാഗം ശക്തമായ സുരക്ഷാസംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഡാർക് വെബിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നുള്ള വിവരം പുറത്തായാൽ പൊലീസിന്റെ സൈബർ പട്രോളിങിൽ കണ്ടെത്തും. ഇക്കാര്യം സ്ഥാപനത്തിന്റെ സൈബർ വിഭാഗത്തെ ഉടൻ അറിയിക്കും. ബിഎസ്‍എൻഎൽ അടക്കമുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെയും നിരവധി സ്വകാര്യ സ്ഥാപനങ്ങളെയും ഇത്തരത്തിൽ വിവരം അറിയിച്ചിട്ടുണ്ട്.
ജാഗ്രത പാലിക്കാം
ഏത് വ്യക്തി പേഴ്സണൽ കംപ്യൂട്ടർ ഉപയോഗിക്കുമ്പോഴും അതിൽ മാൽവെയറോ വൈറസോ ഉണ്ടെങ്കിൽ വിവരം ചോർത്തപ്പെടാം. ഈ ഭീഷണി ഒഴിവാക്കാൻ വ്യക്തികൾ സ്വന്തം കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ബ്രൗസർ, പ്ലഗിൻസ് , സോഫ്റ്റ് വെയർ എന്നിവ അപ്ഡേറ്റ് ചെയ്യണം. ആന്റി വൈറസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. പാസ്‌വേഡും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ആരുമായും പങ്കിടരുത്. ഇമെയിലുകളിലെ സ്‌പാം ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക, അപരിചിത മെയിൽ തുറക്കാതിരിക്കുക. അനാവശ്യമായി വരുന്ന നോട്ടിഫിക്കേഷന് അനുവാദം നൽകാതിരിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..