20 December Friday

കേരളത്തിലെ മികച്ച കോളേജുകൾ ഇവ; കേരള റാങ്കിംഗ് 2024 പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

യൂണിവേഴ്സിറ്റി കോളേജ്

തൃശൂർ > എൻഐആർഎഫ് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ - കേരള റാങ്കിംഗ്-2024 - ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിംഗ് സംവിധാനത്തിന് തുടക്കമിടുന്നത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിംഗ്‌ മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ്‌ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആരംഭിച്ചത്. ദേശീയതലത്തിലുള്ള എൻ ഐ ആർ എഫ് മാതൃകയുടെ ചുവടു പിടിച്ച്‌ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കെഐആർഎഫ് തയ്യാറാക്കിയിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ കൗൺസില്‍ ഇതിനായി പ്രത്യേക ഓൺലൈന്‍ പോര്‍ട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്.  

സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് പ്രഥമറാങ്കിങ്ങിന്റെ ഭാഗമായത്‌. റാങ്കിങ്ങിൽ സംസ്ഥാനത്തെ 10 സര്‍വ്വകലാശാലകൾ റാങ് ചെയ്തപ്പോൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ഒന്നാമതായി.  216 ആര്‍ട്‌സ്& സയന്‍സ് കോളേജുകളാണ് കെ ഐ ആർ എഫ് റാങ്കിങ്ങിന്‌ ഡേറ്റ സമര്‍പ്പിച്ചത്. ഇവയില്‍ ആദ്യത്തെ നൂറ് സ്ഥാപനങ്ങളെയാണ്‌ റാങ്ക്‌ ചെയ്തത്. 101 മുതല്‍ 150 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ്  പട്ടികയും തയ്യാറാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ്‌ ഒന്നാമത്‌. 72 എഞ്ചിനീയറിംഗ്‌ കോളേജുകളാണ്‌ റാങ്കിംഗില്‍ പങ്കെടുത്തത്. ഇവയില്‍ അമ്പത് സ്ഥാപനങ്ങളെ റാങ്ക്‌ചെയ്‌തു. 51 മുതല്‍ 65 വരെയുള്ള സ്ഥാപനങ്ങളുടെ ബാൻഡ്  പട്ടികയും തയ്യാറാക്കി. കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌ തിരുവനന്തപുരം (സിഇടി) ആണ്‌ ഒന്നാമത്‌.

കേരള റാങ്കിംഗ് 2024 വിശദാംശങ്ങള്‍

സര്‍വ്വകലാശാലകള്‍

1. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി (കുസാറ്റ്‌)
2. യൂണിവേഴ്‌സിറ്റി ഓഫ്‌ കേരള
3. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി
4. കേരള വെറ്റിനറി ആൻഡ്‌ ആനിമൽ യൂണിവേഴ്‌സിറ്റി
5. യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിക്കറ്റ്‌
6. കണ്ണൂർ യൂണിവേഴ്‌സിറ്റി
7. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി
8. കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആൻഡ്‌ ഓഷയൻ സ്റ്റഡീസ്‌
9. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി
10. ദ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ്‌ അഡ്വാൻസ്‌ഡ്‌ ലീഗൽ സ്റ്റഡീസ്‌

ആര്‍ട്‌സ്& സയന്‍സ് കോളേജുകളും റാങ്കും ചുവടെ:

1. യൂണിവേഴ്‌സിറ്റി കോളേജ്‌, തിരുവനന്തപുരം
2. രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസ്‌ (ഓട്ടണോമസ്‌), എറണാകുളം
3. സെന്റ്‌ തെരേസാസ്‌ കോളേജ്‌ (ഓട്ടണോമസ്‌), എറണാകുളം
4. സെന്റ്‌ ജോസഫ്‌ കോളേജ്‌ (ഓട്ടണോമസ്‌), ദേവഗിരി, കോഴിക്കോട്‌
5. എസ്‌ബി കോളേജ്‌, ചങ്ങനാശേരി, കോട്ടയം
6. വിമല കോളേജ്‌ (ഓട്ടണോമസ്‌), തൃശൂർ
7. സെന്റ്‌ ജോസഫ്‌ കോളേജ്‌, ഇരിങ്ങാലക്കുട
8. മാർ അത്തനേഷ്യസ്‌ കോളേജ്‌ (ഓട്ടണോമസ്‌), കോതമംഗലം
9. സിഎംഎസ്‌ കോളേജ്‌ (ഓട്ടണോമസ്‌), കോട്ടയം
10. മഹാരാജാസ്‌ കോളേജ്‌, എറണാകുളം

എഞ്ചിനീയറിംഗ്‌ കോളേജ്

1. കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌, തിരുവനന്തപുരം
2. ഗവ. എഞ്ചിനിയറിംഗ്‌ കോളേജ്‌, തൃശൂർ
3. ടികെഎം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌, കൊല്ലം
4. രാജഗിരി സ്‌കൂൾ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആൻഡ്‌ ടെക്‌നോളജി, എറണാകുളം
5. മാർ അത്തനാഷ്യസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌, കോതമംഗലം
6. സെന്റ്‌ഗിറ്റ്‌സ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌, കോട്ടയം
7. എൻഎസ്‌എസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌, പാലക്കാട്‌
8. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി, എറണാകുളം
9. അമൽ ജ്യോതി കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌, കോട്ടയം
10. സെന്റ്‌ ജോസഫ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌, പാല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top