തിരുവനന്തപുരം
സുരക്ഷിത യാത്രയ്‌ക്ക് ഒപ്പം നല്ലഭക്ഷണവും യാത്രക്കാർക്ക് ഉറപ്പുവരുത്താൻ കെഎസ്‌ആർടിസി. ദീർഘദൂര യാത്രക്കാർക്ക് നിശ്‌ചിത സ്ഥലങ്ങളിൽ ഭക്ഷണം, സ്‌നാക്‌സ് എന്നിവ കഴിക്കാൻ സൗകര്യമൊരുക്കുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലുമുള്ള ഹോട്ടൽ ഉടമകളിൽനിന്നും ലഭിച്ച താൽപ്പര്യപത്രത്തിന്റെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചതായി സിഎംഡി പ്രമോജ് ശങ്കർ പറഞ്ഞു. ഇതുപ്രകാരം തയ്യാറാക്കുന്ന പട്ടികയിലെ ഹോട്ടലുകളിൽ ഒരാഴ്‌ചക്കകം നേരിൽപോയി കെഎസ്‌ആർടിസി സംഘം പരിശോധന നടത്തും. മന്ത്രി ഓഫീസ് പ്രതിനിധിയും സംഘത്തിലുണ്ട്. തുടർന്നായിരിക്കും അന്തിമപട്ടിക തയ്യാറാക്കുക. യാത്രക്കാർക്ക് ഹോട്ടലുകൾക്ക് റേറ്റിങ് നൽകാനും സൗകര്യമൊരുക്കും.
ശുചിത്വം, ഒരേസമയം രണ്ടുബസുകൾ നിർത്തിയിടാനുള്ള സൗകര്യം, ഒരേസമയം അമ്പതുപേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, വനിത, പുരുഷ യാത്രക്കാർക്ക് പ്രത്യേകം ശുചിമുറികൾ, വൈവിധ്യമാർന്ന ഭക്ഷണം, വിശ്രമ സൗകര്യം എന്നിവ ഹോട്ടലുകളിൽ ഉറപ്പുവരുത്തും. 15 മുതൽ 20 മിനിട്ടാകും ഇവിടങ്ങളിൽ നിർത്തിയിടുക. യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനും നടപടിയുമുണ്ടാകും.
23 വരെ അധിക സർവീസ്
ഓണം ആഘോഷിച്ച് കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് 23 വരെ പ്രത്യേക സർവീസുമായി കെഎസ്‌ആർടിസി. വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകൾ സർവീസ് നടത്തും. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ അധിക സർവീസുകളും നടത്തും. www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
നിലവിലുള്ള സ്കാനിയ, വോൾവോ, സ്വിഫ്റ്റ് എസി, നോൺ എസി, ഡിലക്സ് ബസുകൾ കൃത്യമായി സർവീസ് നടത്തും. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് കേന്ദ്രങ്ങളിൽനിന്ന് അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..