12 December Thursday

വിവരാവകാശ ഹർജികൾ തീർപ്പാക്കുന്നതിൽ കേരളം മാതൃക: മുഖ്യ വിവരാവകാശ കമീഷണർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

ദേശീയ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമീഷണർ ഡോ. എ എ ഹക്കിന് ഇന്ത്യൻ മുഖ്യ വിവരാവകാശ കമീഷണർ ഹീരലാൽ സമരിയ സമ്മാനിക്കുന്നു.

ന്യൂഡൽഹി> സുതാര്യതയിലും ജനസമ്പർക്കത്തിലും വിവരവിനിമയത്തിലും കേരളം വളരെ മുന്നിലാണെന്നും വിവരാവകാശ ഹർജികൾ തീർപ്പാക്കുന്നതിൽ സംസ്ഥാനം മാതൃകയാണെന്നും ഇന്ത്യൻ മുഖ്യ വിവരാവകാശ കമീഷണർ ഹീരലാൽ സമരിയ പറഞ്ഞു. ദേശീയ  വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമീഷണർ ഡോ. എ എ ഹക്കീമിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വിഭാഗം ജനങ്ങൾക്ക് പെൻഷൻ ലഭ്യമാക്കിയതിൽ കേരളം അസാധാരണ മികവ് പുലർത്തി. സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നപോലെ കേരളത്തിൽ കൂടുതൽ ജനങ്ങൾ ഇപ്പോൾ ആർടിഐ നിയമത്തെ ആശ്രയിക്കുന്നു. ഡോ. ഹക്കീമിന്റെ വിധികൾ ആർടിഐ നിയമത്തെ കൂടുതൽ സമ്പന്നമാക്കിയിട്ടുണ്ട്. ക്യാംപസുകളിൽ ആർടിഐ ക്ലബ്ബുകൾ ഉണ്ടാവുന്നത് വിദ്യാസമ്പന്ന യുവസമൂഹത്തിൽ നിയമ അവബോധത്തിന് സഹായകമാകും. ഇതിൽ ഡോ.ഹക്കീമിന്റെ പ്രവർത്തനം അനുകരണീയമാണ്.

നീതി ലഭ്യമാക്കാൻ ചുമതലയുള്ള കേന്ദ്രങ്ങളെല്ലാം സാധാരണക്കാരോട് കൂടുതൽ അടുത്ത് പെരുമാറണം. വിവരാധികാരികൾ മുതൽ സുപ്രീംകോടതി വരെയും ജനപക്ഷത്ത് എന്നും ഉണ്ടാകണം. നീതി വൈകുന്നില്ല എന്നതാണ് നിയമപീഠങ്ങൾ ആദ്യം ഉറപ്പാക്കേണ്ടത്. വിവരാവകാശ കമ്മിഷനുകൾക്കും ഇത് ബാധകമാണ്. കേസുകൾ തീർപ്പാക്കുന്നതിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷന്റെ പ്രവർത്തനം പ്രശംസനീയമാണ്. വിവരാവകാശ നിയമത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ ഡോ. എ എ ഹക്കീം ചരിത്രം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി ലീഗൽ സെൽ (പിഎൽസി) എന്ന ദേശാന്തര അഭിഭാഷക സംഘടന നിയോഗിച്ച മൂന്നംഗ ജൂറിയാണ് ഈ വർഷത്തെ അവാർഡിന് ഡോ.ഹക്കിമിനെ തിരഞ്ഞെടുത്തത്. കേന്ദ്ര വിവരാവകാശ കമീഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പിഎൽസി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് ഏബ്രഹാം, എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി  ബിനു, സെൻട്രൽ ഇൻഫർമേഷൻ കമ്മിഷൻ ജോ. സെക്രട്ടറി സർവ്വോത്തംകുമാർ റാണ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top