കൊച്ചി > കേരളത്തിന്റെ വികസന സ്വപ്നത്തെ വാനോളമുയർത്തി സീപ്ലയിൻ പറന്നുയർന്നു. ബോൾഗാട്ടി മറീനയിൽ നിന്ന് ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിൽ പറന്നിറങ്ങി. ഇന്ന് രാവിലെ 9.30ക്ക് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വ്യവസായ മന്ത്രി പി രാജീവ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ടൂറിസം മന്ത്രി പി എ മുഹമ്മദ് എന്നിവരടങ്ങുന്ന സംഘം ബോൾഗാട്ടിയിൽ നിന്നും ഗോശ്രീ പാലത്തേക്ക് സീപ്ലെയിനിൽ നഗരപ്രദക്ഷിണം നടത്തി. തുടർന്നാണ് മൂന്നാർ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പരീക്ഷണപ്പറക്കൽ നടന്നത്. അരമണിക്കൂർ ദൈർഘ്യമാണ് മാട്ടുപ്പെട്ടിയിലേക്കുള്ളത്. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
ചെറുവിമാനത്തിൽ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റൺവേയ്‌ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തിൽത്തന്നെ ലാൻഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തിൽപ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിലൂടെയാണ് യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്‌ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളിലാകും വാട്ടർഡ്രോമുകൾ സ്ഥാപിക്കുക. സ്വിറ്റ്സർലൻഡിൽനിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ് ജെറ്റും ചേർന്നാണ് ഡി ഹാവില്ലൻഡ് കാനഡയുടെ സർവീസ് നിയന്ത്രിക്കുന്നത്.പരീക്ഷണപ്പറക്കലിന് എത്തിയ ഡി ഹാവില്ലൻഡ് കാനഡയുടെ സീപ്ലെയിൻ ഞായർ പകൽ 3.30നാണ് കൊച്ചി കായലിലെ വാട്ടർഡ്രോമിൽ പറന്നിറങ്ങിയത്.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജണൽ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതിയിൽ ഒരു പരീക്ഷണ പറക്കലാണ് ഉള്ളത്. ടൂറിസം സാധ്യതകൾ പരിസോധിച്ച് കൂടുതൽ സർവീസ് അനുവധിക്കും. സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള പാക്കേജടക്കം വലിയ സാധ്യത തുറക്കും. സർവീസ് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡി ഹാവില്ലൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവേ, ഹൈഡ്രോഗ്രാഫിക് സർവേ എന്നിവയും പൂർത്തിയാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..