കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രമോ വീഡിയോയിലൂടെ വീണ്ടും താരമാകുകയാണ് ആലത്തൂർ സ്വദേശി എം ബി പ്രണവ്. ജന്മനാ കൈകളില്ലാത്ത പ്രണവിന്റെ അതിജീവനം ആശയറ്റ മനസ്സുകൾക്ക് പ്രചോദനമാകുംവിധമാണ് വിദ്യാഭ്യാസവകുപ്പ് പ്രമോ വീഡിയോ തയ്യാറാക്കിയത്.
ഗ്യാലറിയിൽ മനോഹരമായ പെയിന്റിങ് കണ്ട് ഇഷ്ടപ്പെടുന്ന അറബിയും കൂട്ടുകാരിയും ചിത്രകാരനെ തേടിപ്പോകുന്നതാണ് പ്രമേയം. കായികമേളയുടെ ഭാഗ്യചിഹ്നമായ "തക്കുടു' എന്ന അണ്ണാന്റെ ചിത്രത്തിന് നിറം നൽകുന്ന പ്രണവിനെ കാണുന്നിടത്ത് വീഡിയോ സമാപിക്കും.
സൈക്കിൾ ചവിട്ടുന്ന, കാലുകൊണ്ട് മനോഹരമായി ചിത്രം വരയ്‌ക്കുന്ന കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുന്ന, കുളത്തിൽ നീന്തുന്ന, ലക്ഷ്യസ്ഥാനത്തേക്ക് ഷൂട്ട് ചെയ്യുന്ന പ്രണവിനെ വീഡിയോയിൽ കാണാം. കഠിനാധ്വാനവും ആത്മധൈര്യവുംകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കുകയാണ് ഇരുപത്തിനാലുകാരനായ പ്രണവ്.
ചണ്ഡീഗഢിൽ ദേശീയ പാരാലിമ്പിക്‌സിൽ 200 മീറ്ററിൽ കേരളത്തിനായി മത്സരിച്ചിട്ടുണ്ട്. താൻ വരച്ച ചിത്രങ്ങൾ വിറ്റുകിട്ടിയ തുക പ്രണവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..