22 December Sunday

സംസ്ഥാന സ്കൂൾ കായികമേള ; കുതിച്ചുയരാൻ വേദികൾ സജ്ജം

സ്വന്തം ലേഖികUpdated: Sunday Nov 3, 2024

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ മഹാരാജാസ് സ്റ്റേഡിയം സന്ദർശിക്കുന്നു


കൊച്ചി
സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക്‌ ഒരുദിവസംമാത്രം ശേഷിക്കെ വേദികളെല്ലാം സജ്ജമാകുന്നു. കുട്ടികൾ അവതരിപ്പിക്കുന്ന സാംസ്‌കാരികപരിപാടികളുടെ പരിശീലനവും അധ്യാപകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പ്രധാന വേദിയായ മഹാരാജാസ്‌ കോളേജ്‌ മൈതാനത്തെ അവസാന മിനുക്കുപണികൾ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ശനി രാവിലെ ഗ്രൗണ്ടിലെത്തിയ മന്ത്രി സാംസ്‌കാരികപരിപാടിയുടെ പരിശീലനത്തിനെത്തിയ കുട്ടികളുമായി സംസാരിച്ചു. ഒളിമ്പിക്‌സ്‌ മാതൃകയിൽ നടക്കുന്ന കായികമേള പുതിയ അവസരങ്ങളാണ്‌ കുട്ടികൾക്ക്‌ നൽകുന്നതെന്നും അവർ ആവേശത്തിലാണെന്നും മന്ത്രി പറഞ്ഞു. ഡിഡിഇ ഹണി ജി അലക്‌സാണ്ടർ, അഡീഷണൽ ഡയറക്ടർമാരായ സി എസ് സന്തോഷ്, എം കെ ഷൈൻമോൻ, വിവിധ സബ്കമ്മിറ്റി കൺവീനർമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.

തിങ്കളാഴ്‌ച ഉദ്‌ഘാടനപരിപാടികൾമാത്രമാണ്‌ നടക്കുന്നത്‌. ചൊവ്വാഴ്‌ചമുതൽ മത്സരങ്ങൾ തുടങ്ങും. ആദ്യദിനം അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി ഇരുപതോളം മത്സരങ്ങൾ ഉണ്ടാകും.

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യമായി ഒളിമ്പിക്‌സ്‌ മാതൃകയിൽ നടത്തുന്ന മേളയുടെ നടത്തിപ്പിന് 15 സബ്‌കമ്മിറ്റികൾ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. സംഘാടകസമിതി എല്ലാ വേദികളിലും ഞായറാഴ്‌ച പരിശോധന നടത്തും.

ആറു ക്ലസ്റ്ററുകളായി തിരിച്ച്‌ എല്ലാ വേദികളിലും ജില്ലയിലെ എംഎൽഎമാർക്ക്‌ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്‌. കൂടാതെ വിവിധ സബ്‌കമ്മിറ്റികളുടെ പ്രതിനിധികൾ എല്ലാ വേദികളിലുമുണ്ടാകും. ഭക്ഷണശാല തുറക്കുന്നതിനുമുന്നോടിയായി തിങ്കൾ രാവിലെ പത്തിന്‌ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും അടുക്കളയിൽ പാൽ കാച്ചും.തിങ്കൾ പുലർച്ചെ 5.15ന്‌ ഗൾഫിൽനിന്നെത്തുന്ന കുട്ടികളെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കും. മത്സരങ്ങൾ തുടങ്ങുന്നതിന്‌ ഒരുമണിക്കൂർമുമ്പ്‌ മത്സരാർഥികൾ ഗ്രൗണ്ടിൽ റിപ്പോർട്ട്‌ ചെയ്യണമെന്നാണ്‌ നിർദേശിച്ചിട്ടുള്ളത്‌.  കുട്ടികൾക്ക്‌ യാത്രയ്‌ക്കായി സ്കൂൾ ബസ്‌ ഉണ്ടാകും–  മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ  മേയർ എം അനിൽകുമാർ, എംഎൽഎമാരായ പി വി ശ്രീനിജിൻ, ടി ജെ വിനോദ്‌, കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌, ഡിഡിഇ ഹണി ജി അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

മിഴിവേകാൻ 
സാംസ്‌കാരിക പരിപാടികൾ
മേളയുടെ ഉദ്‌ഘാടനച്ചടങ്ങിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികളുടെ പരിശീലനം പുരോഗമിക്കുകയാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ടു വിഭാഗമായാണ്‌ കലാപരിപാടികൾ നടത്തുന്നത്‌.
കൊച്ചിയെ പ്രതിനിധാനം ചെയ്ത് ക്വീനും ഫ്ലവർ ഗേൾസും മാർച്ച് ചെയ്യും. 100 മുത്തുക്കുടകൾ അകമ്പടിയേകും. നേവൽ എൻസിസി കേഡറ്റുകളുടെ ട്വന്റി ഫോർ കൊച്ചി ഫോർമേഷനും നടക്കും. തുടർന്ന് ആയിരംപേർവീതം അണിനിരക്കുന്ന മാസ് ഡ്രിൽ, സൂംബ, ഫ്രീ ഹാൻഡ് എക്സർസൈസ് എന്നിവയും നടക്കും.

കിറ്റും ബ്രോഷറും പ്രകാശിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും ആലേഖനം ചെയ്ത്‌ രജിസ്ട്രേഷൻ കമ്മിറ്റി തയ്യാറാക്കിയ കിറ്റും ബ്രോഷറും ജോസ് കെ മാണി എംപി പ്രകാശിപ്പിച്ചു. ഇവ തിങ്കളാഴ്‌ച കായികതാരങ്ങൾക്ക്‌ രജിസ്ട്രേഷൻ കൗണ്ടറിൽ വിതരണം ചെയ്യും. സുഗമമായും വേഗത്തിലും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പരിശീലനം നേടിയ അധ്യാപകരെ സജ്ജമാക്കി. കമ്മിറ്റി കൺവീനർ കെ ജെ മേജോ, വൈസ് ചെയർമാൻ ടോമി കെ തോമാസ്, ജോർജുകുട്ടി ജേക്കബ്, മാർട്ടിൻ സൈമൺ, ദീപക് വി ഡൊമിനിക്, ജൂഡി ഇഗ്നേഷ്യസ് തുടങ്ങിയവരാണ്‌ നേതൃത്വം നൽകുന്നത്‌.
 

ഭക്ഷണവിവരങ്ങൾക്ക് ക്യുആർ കോഡ്
കേരള സ്കൂൾ കായികമേളയുടെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. ക്യുആർ കോഡ്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു. കൊച്ചി മേയർ എം അനിൽകുമാർ പങ്കെടുത്തു. ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട ചുമതലക്കാരുടെ ഫോൺ നമ്പറുകൾ, വിതരണകേന്ദ്രങ്ങൾ, അവിടെ എത്തിച്ചേരാനുള്ള വഴി തുടങ്ങിയ വിവരങ്ങൾ ക്യുആർ കോഡിലുണ്ട്. ദിവസം 12 കേന്ദ്രങ്ങളിൽ ഇരുപതിനായിരത്തിൽപ്പരംപേർക്ക് മൂന്നുനേരം സുഗമമായി ആഹാരം നൽകാൻ വിപുലമായ സംവിധാനങ്ങളാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. പൊതുവായ സംഘാടകസമിതിക്കുപുറമെ പ്രാദേശിക സമിതികൾ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകും.

അധ്യാപകർ, അധ്യാപക വിദ്യാർഥികൾ, വളന്റിയർമാർ എന്നിവരടങ്ങുന്ന ടീം ഓരോ കേന്ദ്രങ്ങളിലും ബാച്ചുകളായി തിരിഞ്ഞ് ഭക്ഷണം വിളമ്പും. മഹാരാജാസ് സ്റ്റേഡിയത്തിനു സമീപത്തെ പ്രധാന പന്തലിൽ ഒരേസമയം ആയിരംപേർക്ക് ഭക്ഷണം കഴിക്കാം. ഓരോ മത്സരാർഥിക്കും കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന വിതരണകേന്ദ്രത്തിൽനിന്ന് മാത്രമായിരിക്കും ഭക്ഷണം ലഭിക്കുക. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ചെയർമാനും എൽ മാഗി കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top