22 December Sunday

കൊടിയേറി 
മത്സരാവേശം ; സ്കൂൾ കായികമേളയെ വരവേറ്റ്‌ കൊച്ചി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന മാസ്സ് ഡ്രില്ലിൽനിന്ന്

കൊച്ചി
സംസ്ഥാന സ്കൂൾ കായികമേളയെ വരവേറ്റ്‌ കൊച്ചി. ഇനി ആറുനാൾ ജില്ലയിൽ കൗമാര കായികപ്രതിഭകൾ മാറ്റുരയ്‌ക്കും. ആദ്യമായി ഒളിമ്പിക്‌സ്‌ മാതൃകയിൽ നടക്കുന്ന മേളയിൽ 17 വേദികളിൽ ചൊവ്വാഴ്‌ച മത്സരങ്ങൾക്ക്‌ തുടക്കമാകും. പുതിയ സമയ, വേഗങ്ങൾ കുറിക്കാൻ കായികതാരങ്ങൾ എത്തി. തിങ്കൾ വൈകിട്ട്‌ മഹാരാജാസ്‌ കോളേജ്‌ മൈതാനത്തെ ഉദ്‌ഘാടനത്തിൽ നിറഞ്ഞ ഗ്യാലറിയാണ്‌ മേളയ്‌ക്കെത്തിയവരെ സ്വീകരിച്ചത്‌. വൈകിട്ട്‌ നാലോടെ ആരംഭിച്ച ഉദ്‌ഘാടനച്ചടങ്ങും സാംസ്‌കാരിക സമ്മേളനവും രാത്രി ഏഴുവരെ നീണ്ടു. ഇടയ്‌ക്ക്‌ പെയ്‌ത ചാറ്റൽമഴയ്‌ക്കും ആവേശം കെടുത്താനായില്ല. നാലായിരം കുട്ടികൾ പങ്കെടുത്ത സാംസ്‌കാരിക പരിപാടികൾ ചടങ്ങിന്‌ കൂടുതൽ മിഴിവേകി. മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവും കുട്ടികൾക്കൊപ്പം മൈതാനത്തിറങ്ങി.

കുട്ടികളുടെ മാർച്ച്‌പാസ്റ്റായിരുന്നു ആദ്യം. ദിവസങ്ങളുടെ പരിശീലനത്തിനൊടുവിൽ 1000 കുട്ടികൾ അവതരിപ്പിച്ച  എയറോബിക്‌സും സൂംബയും ആവേശമായി. ചുവപ്പും വെള്ളയും ഉടുപ്പുകളിൽ തിളങ്ങിയ കുട്ടികൾ ചുവടുകൾ ഗംഭീരമാക്കി. എവർറോളിങ് ട്രോഫിയുമായുള്ള ഘോഷയാത്രയും ദീപശിഖാ പ്രയാണവും ഉദ്‌ഘാടനത്തിനുമുമ്പ്‌ മൈതാനത്തെത്തിയിരുന്നു.

പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂൾ കായികമേള ഉദ്‌ഘാടനം ചെയ്തു. ടി ജെ വിനോദ്‌ എംഎൽഎ അധ്യക്ഷനായി. സാംസ്‌കാരിക സമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്തു. മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌, കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ഉമ തോമസ്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌, കൈറ്റ്‌ സിഇഒ അൻവർ സാദത്ത്‌, എസ്‌ഇആർടി ഡയറക്‌ടർ ആർ കെ ജയപ്രകാശ്‌, എസ്‌എസ്‌കെ സംസ്ഥാന പ്രോജക്ട്‌ ഡയറക്ടർ എ ആർ സുപ്രിയ, മഹരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. എസ്‌ ഷാജില ബീവി, സ്‌പോർട്‌സ്‌ ഓർഗനൈസർ സി എസ്‌ പ്രദീപ്‌, ഡിഡിഇ ഹണി ജി അലക്‌സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.

കുട്ടികളുടെ 
അത്തച്ചമയവും 
കൊച്ചിൻ 
കാർണിവലും
പുതുവർഷം എത്താൻ നാളുകൾ ബാക്കിനിൽക്കെ കൊച്ചിയിൽ കാർണിവൽ നടന്നു, ഓണത്തിനുമുമ്പ്‌ അത്തച്ചമയവും. സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്‌ഘാടനവേദിയിലാണ്‌ കൊച്ചുമിടുക്കർ മിനി കാർണിവലും തൃപ്പൂണിത്തുറ അത്തച്ചമയവും ഒരുക്കിയത്‌. ചുവന്ന ബലൂണുകളും ക്രിസ്‌മസ്‌ പാപ്പയുടെ വേഷവുമായി മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ ഛോട്ടാ മുംബൈ ചിത്രത്തിലെ പുതുവർഷഗാനത്തിനൊപ്പം ചുവടുവച്ചു. മാവേലിയും പുലികളും നൂറോളം മുത്തുക്കുടകളും അണിനിരന്ന അത്തച്ചമയഘോഷയാത്രയും ശ്രദ്ധേയമായി. ആവേശത്താൽ ഗ്യാലറിയിൽ ആരവങ്ങൾ മുഴങ്ങി. കഥകളിയിലെ പച്ചയും മിനുക്കും വേഷങ്ങൾ മോഹിനിയാട്ടം കലാകാരികളുടെ അകമ്പടിയോടെ അണിനിരന്നു. ഒപ്പന, ദഫ്‌മുട്ട്‌, കോൽക്കളി, മാർഗംകളി തുടങ്ങി കലാരൂപങ്ങളെല്ലാം മാറ്റുകൂട്ടി. സാംസ്‌കാരിക പരിപാടികളുടെ അവസാനം മേളയുടെ ഭാഗ്യചിഹ്നമായ "തക്കുടു' കുട്ടികൾക്കിടയിലേക്കിറങ്ങിയതോടെ ആവേശക്കൊടുമുടിയിലെത്തി.

അടുക്കളകള്‍ ഉണർന്നു
കായിക മാമാങ്കത്തിനെത്തുന്ന കൗമാരപ്രതിഭകൾക്ക്‌ ഭക്ഷണമൊരുക്കി അടുക്കളകൾ സജീവമായി. പ്രധാന കേന്ദ്രമായ മഹാരാജാസ്‌ ഗ്രൗണ്ടിലെ പാചകപ്പുരയിൽ തിങ്കളാഴ്ച പാലുകാച്ചൽ നടത്തി. മന്ത്രി വി ശിവൻകുട്ടി, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, മേയർ എം അനിൽകുമാർ, എൽ മാഗി, പഴയിടം മോഹനൻ നമ്പൂതിരി, പി ആർ റെനീഷ്‌, വി എ ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു.

പതിനേഴ്‌ വേദികളുള്ള കായികമേളയ്ക്ക് ആറു അടുക്കളകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനവേദിക്കൊപ്പം വിവിധയിടങ്ങളിലായി ഒരുക്കിയ പാചകപ്പുരകളിലും തിങ്കളാഴ്ച പാലുകാച്ചി. ഇവിടങ്ങളിൽ ദിവസവും 26,000 പേർക്കുള്ള ഭക്ഷണമാണ് പാകം ചെയ്യുന്നത്‌. പുലർച്ചെ മൂന്നിന് ഉണരുന്ന അടുക്കളയിൽനിന്ന്‌ രാവിലത്തെ ചായമുതൽ വൈകിട്ട്‌ അത്താഴംവരെ ലഭ്യമാണ്.

ഫോർട്ട്‌കൊച്ചി വെളി ഇഎംജി എച്ച്എസ്എസിൽ ഒരുക്കിയ അടുക്കളയുടെ പാലുകാച്ചൽ ചടങ്ങ് നകെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്,  കൗൺസിലർ  ബെനഡിക്ട് ഫെർണാണ്ടസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ്‌ ദേവിക, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ സുധ, ഭക്ഷണശാല കൺവീനർ ടി കെ ഷിബു, സിംല കാസിം, എം കെ നിഷ എന്നിവർ സംസാരിച്ചു.

 

കുന്നത്തുനാട് മണ്ഡലത്തിലെ മൂന്ന് മത്സര കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കുന്ന കടയിരുപ്പ് ഗവ. ഹയർ സെക്കൻഡി സ്കൂളിലെ പാചകശാലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ് പാലുകാച്ചൽ ചടങ്ങ് നിർവഹിച്ചു. പ്രധാനാധ്യാപകൻ എം ഐ ബിജോയി, പ്രിൻസിപ്പൽ മായ ആർ കൃഷ്ണൻ, പിടിഎ പ്രസിഡൻ്റ് എൻ വി വാസു, ഭക്ഷണ കമ്മിറ്റി കൺവീനർ ബെൻസൺ വർഗീസ്, എം കെ മനോജ്, ടി പി പത്രോസ്, റെജി ഇല്ലിക്ക പറമ്പിൽ എന്നിവർ സംസാരിച്ചു.

കളമശേരിയിലെ വിവിധ വേദികളിൽ മത്സരത്തിനെത്തുന്ന കായികതാരങ്ങൾക്കായി തൃക്കാക്കര സെന്റ്‌ ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഒരുങ്ങുന്ന ‘മെട്രോ ഫീസ്റ്റ് കിച്ചൺ' കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾ ഉൾപ്പെടെ 800 ഓളം പേർക്കുള്ള ഭക്ഷണമാണ് ഓരോ നേരവും തയ്യാറാക്കുക. ഉദ്ഘാടന ചടങ്ങിൽ ഭക്ഷണ കമ്മിറ്റി കൺവീനർ എ എൻ അശോകൻ, സുരേഷ് സുബ്രഹ്മണ്യൻ, ദിവ്യ ദിവാകരൻ, നഗരസഭ കൗൺസിലർമാരായ കെ കെ ശശി, റഫീക്ക് മരക്കാർ തുടങ്ങിയവർ സംസാരിച്ചു.

കോതമംഗലത്തെ ഭക്ഷണശാല ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.  എംഎ കോളേജിൽ നടക്കുന്ന നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന 1500 കുട്ടികൾക്കും അഞ്ഞൂറോളം ഒഫീഷ്യൽസിനും നാലുദിവസവും നാലുനേരം ഭക്ഷണം നൽകും. അടുക്കളയും പന്തലും ഒരുക്കിയിട്ടുണ്ട്. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. കെ എ നൗഷാദ്, കെ വി തോമസ്, പി ആർ ഉണ്ണികൃഷ്ണൻ, കൺവീനർ ടി എ അബൂബക്കർ, എ എം ഹാജഹാൻ, അപർണ നാരായണൻ, എ ഇ ഷെമീദ, എം നിയാസ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top