തിരുവനന്തപുരം
ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 63–-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ (സമയക്രമം) വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം വിൻസെന്റ് എംഎൽഎ പ്രോഗ്രാം ഷെഡ്യൂൾ ഏറ്റുവാങ്ങി. മത്സരങ്ങൾ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ഫസ്റ്റ് കോളും സെക്കൻഡ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മത്സരങ്ങൾ രാവിലെ 9.30 ന് ആരംഭിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അപ്പീലുകൾ വരുമ്പോൾ സമയക്രമം മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
നദികളുടെ പേരിലുള്ള വേദിയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 101, ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി 249 മത്സരങ്ങൾ നടക്കും. സെൻട്രൽ സ്‌റ്റേഡിയം, വിമൻസ് കോളേജ്, മണക്കാട് ഗവൺമെന്റ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് നൃത്തയിനങ്ങൾ അരങ്ങേറുക. ടാഗോർ തീയേറ്ററിൽ നാടകവും, കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടുനാടകം എന്നിവയും ഗോത്രകലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലും നടത്തും. ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്താണ്. വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്എംവി സ്‌കൂളിൽ. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനിൽ പ്രവർത്തനം ആരംഭിച്ചു. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളിലാണ് താമസകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കലോത്സവ ചരിത്രത്തിൽ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുളനൃത്തം എന്നീ ഗോത്ര നൃത്തരൂപങ്ങൾ മത്സരയിനങ്ങളായി അരങ്ങിലെത്തും.
സ്വർണകപ്പിന്റെ ഘോഷയാത്ര 31ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. ജില്ലകളിലെ പ്രയാണത്തിനൊടുവിൽ ജനുവരി മൂന്നിന് രാവിലെ 10ന് ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ സ്വീകരണം നൽകും. അവിടെ നിന്ന് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ സ്വർണകപ്പ് എത്തിക്കും. വാർത്താസമ്മേളനത്തിൽ മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ ഐ ബി സതീഷ്, ആന്റണി രാജു, എം വിൻസെന്റ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..