ന്യൂഡൽഹി
മുണ്ടക്കൈ ദുരന്തഘട്ടത്തിൽ വ്യോമസേന രക്ഷാപ്രവർത്തനത്തിന് വന്നതിന്റെ ചെലവ് ഇനത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ നിധിയിൽനിന്ന് 153.47 കോടി രൂപ പിടിച്ചുപറിച്ച് മോദി സർക്കാർ. ഹെലികോപ്‌ടറുകൾക്കുള്ള എയർബിൽ ഇനത്തിൽ എസ്‌ഡിആർഎഫ് നിധിയിൽനിന്നാണ് പണം പിടിച്ചെന്ന് രാജ്യസഭയിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു. ദുരന്ത പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട പാക്കേജ് കേന്ദ്രം നിഷേധിക്കുന്നതിനൊപ്പമാണ് ഭീമൻ തുക തട്ടിയെടുത്തത്.
സംസ്ഥാനം പ്രളയത്തിൽപ്പെട്ടപ്പോഴും വ്യോമസേനയുടെ ഹെലികോപ്‌ടർ ചെലവിനത്തിലും സഹായമായി നൽകിയ അരി, മണ്ണെണ എന്നിവയുടെ വിലയായും 290.74 കോടി രൂപ കേന്ദ്രസർക്കാർ പിടിച്ചിരുന്നു.
കേരളത്തിന്റെ എസ്‌ഡിആർഎഫ് നിധിയിൽ കഴിഞ്ഞ വർഷം ശേഷിച്ച 394.99 കോടിയും നടപ്പുവർഷത്തെ വിഹിതമായ 388 കോടിയും ചേർത്ത് 782.99 കോടി രൂപ ഉണ്ടായിരുന്നു. അത് മുണ്ടക്കൈ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്. ഇതിൽനിന്നാണ് 153.47 കോടി പിടിച്ചത്. ഫലത്തിൽ ശേഷിക്കുന്ന തുക 629.52 കോടിയായി. നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘം നൽകിയ റിപ്പോർട്ട് പരിശോധിച്ച ഉന്നതതല സമിതിയാണ് പണം പിടിക്കാൻ ശുപാർശചെയ്‌തത്–- മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണ്. ആവശ്യമായ സാമഗ്രികൾ എത്തിച്ചും സാമ്പത്തികപിന്തുണ നൽകിയുമാണ് കേന്ദ്രം സഹായിക്കുക. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാന സർക്കാർ ആവശ്യമായ സാമ്പത്തികസഹായം ഇരകൾക്ക് നൽകണം. 2024–-25ൽ ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം 291.20 കോടിയും സംസ്ഥാന വിഹിതം 96.8 കോടിയും. ഈ വർഷത്തെ കേന്ദ്രവിഹിതം പൂർണമായും നൽകിക്കഴിഞ്ഞു. കഴിഞ്ഞ വർഷം മിച്ചം വന്ന തുകയും ദുരന്തനിവാരണത്തിന് ഉപയോഗിക്കാം. കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്തനിവാരണ നിധിയിൽനിന്ന് അധികസഹായം അനുവദിക്കാറുള്ളതെന്നും- മന്ത്രി പറഞ്ഞു.
സഹായം
ഉടൻ വേണം
മുണ്ടക്കൈ ദുരന്ത പുനരധിവാസത്തിനുള്ള കേന്ദ്രസഹായം എത്രയും വേഗം അനുവദിക്കണമെന്ന് കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെട്ടു. മുണ്ടക്കൈ ദേശീയദുരന്തമായോ എൽ3 വിഭാഗത്തിൽ വരുന്ന ഗുരുതരസ്വഭാവത്തിലുള്ള പ്രകൃതിക്ഷോഭമായോ പ്രഖ്യാപിക്കണം. ആവശ്യപ്പെട്ട 2221 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്നും എംപിമാർ ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. മറുപടി വ്യാഴം വൈകുന്നേരത്തോടെ നൽകാമെന്ന അമിത് ഷാ ഉറപ്പുനൽകി.
മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് എൽഡിഎഫ്–-യുഡിഎഫ് എംപിമാർ അമിത് ഷായെ കണ്ടത്. പ്രധാനമന്ത്രിക്കും നിവേദനത്തിന്റെ പകർപ്പ് കൈമാറി. ആദ്യമായാണ് കേരള എംപിമാർ വിഷയത്തിൽ ഒന്നിച്ച് കേന്ദ്രത്തെ സമീപിക്കുന്നത്. യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി ശബ്ദിക്കാത്തത് സംസ്ഥാനത്ത് സജീവ ചർച്ചയായിരുന്നു. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, രാജ്യസഭാംഗം പി ടി ഉഷ എന്നിവർ വിട്ടുനിന്നു.
ഉരുൾപൊട്ടലിൽ 2221 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് എംപിമാർ ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിക്കുകയും സഹായം വാഗ്‌ദാനം നൽകുകയും ചെയ്‌തു. വിശദമായ നിവേദനം കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഇതുവരെ ഒരു പൈസയും അനുവദിച്ചിട്ടില്ല. ഇത് കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും കാട്ടുന്ന കടുത്ത വിവേചനമാണ്–- എംപിമാർ നിവേദനത്തിൽ പറഞ്ഞു. സിപിഐഎം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ, രാജ്യസഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, പി പി സുനീർ, പി സന്തോഷ് കുമാർ, ജോസ് കെ മാണി എന്നീ എൽഡിഎഫ് എംപിമാരും പ്രിയങ്കാ ഗാന്ധി അടക്കമുള്ള യുഡിഎഫ് എംപിമാരുമാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്.
എൽഡിഎഫ്
പ്രക്ഷോഭം ഇന്ന്
മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരമായ അവഗണനയ്‌ക്കെതിരെ വ്യാഴാഴ്‌ച കേരളം പ്രതിഷേധാഗ്‌നിയാകും . എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭം നിരന്തരമായുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതായി മാറും. തിരുവനന്തപുരത്ത് രാജ്‌ഭവനുമുന്നിലും മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുമാണ് മാർച്ച്. രാജ്‌ഭവനു മുന്നിലെ സമരം രാവിലെ 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. മ്യൂസിയം ജങ്‌ഷൻ കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..