തിരുവനന്തപുരം
മഹാമാരിക്കിടെ കേരളത്തിന് പത്തരമാറ്റ് വിജയം. പ്രതിസന്ധിയിലും തലയുയർത്തി നിൽക്കുന്ന കേരള മോഡലിന് മറ്റൊരു പൊൻതൂവൽ. അതിജീവന കാലത്തെ എസ്‌എസ്എൽസി പരീക്ഷയിൽ 98.82 ശതമാനത്തിന്റെ റെക്കോഡ് വിജയം. മുൻവർഷത്തെ 98.11 ൽനിന്ന് 0.71 ശതമാനം കൂടുതൽ. റഗുലർ വിഭാഗത്തിൽ 4,22,902 വിദ്യാർഥികളിൽ 4,17,101 പേർ ഉപരിപഠന യോഗ്യത നേടി. ലോക്‌ഡൗണിനെ തുടർന്ന് മാറ്റിവച്ച ഫിസിക്‌സ് (99.82 ശതമാനം), കെമിസ്‌ട്രി (99.92 ശതമാനം), കണക്ക് (99.50) പരീക്ഷകളിലും വൻ വിജയം.
41,906പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞവർഷം ഇത് 37,334 ആയിരുന്നു. 70,854 പേർ എ ഗ്രേഡും അതിനു മുകളിലും, 1,12,618 പേർക്ക് ബി പ്ലസും അതിനു മുകളിലും, 1,72,120 പേർ ബി ഗ്രേഡും നേടി. സി പ്ലസും അതിനു മുകളിലും ഗ്രേഡ് നേടിയവർ 2,55,469 ആണ്. സംസ്ഥാനത്ത് 1837 സ്‌കൂൾ നൂറുശതമാനം വിജയം നേടി.ആകെയുള്ള 1169 സർക്കാർ സ്‌കൂളിൽ 637ഉം 796 എയ്ഡഡ് സ്‌കൂളും 404 അൺ എയ്ഡഡ് സ്‌കൂളുമാണ് ഇതിൽ ഉൾപ്പെടുന്നത്. കഴിഞ്ഞവർഷം 1703 സ്‌കൂളിനായിരുന്നു ഈ ബഹുമതി.
വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ പത്തനംതിട്ട (99.71)റവന്യൂ ജില്ലയും ഏറ്റവും കുറവ് (95.04) വയനാടുമാണ്.വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് നൂറു ശതമാനം വിദ്യാർഥികളെയും വിജയിപ്പിച്ച് ഒന്നാമതെത്തി. 95.04 ശതമാനം വിദ്യാർഥികൾ വിജയിച്ച വയനാടാണ് ഏറ്റവും പിന്നിൽ. ഏറ്റവുമധികം വിദ്യാർഥികൾ എ പ്ലസ് സ്വന്തമാക്കിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 2736 വിദ്യാർഥികൾ. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയ സ്‌കൂൾ മലപ്പുറം കോട്ടുക്കര പിപിഎംഎച്ച്‌എസ്‌എസാണ്. 241. ഗൾഫിലെ ഒമ്പതു സ്‌കൂളിൽ 98.32ശതമാനവും ലക്ഷദീപിൽ ഒമ്പത് സ്‌കൂളിൽ 94.76 ശതമാനവുമാണ് വിജയം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
കുട്ടനാടിന് വീണ്ടും 100
ആത്മവീര്യത്തിന്റെ തുഴയെറിഞ്ഞ് നൂറിൽ നൂറുമായി വീണ്ടും കുട്ടനാട്. രണ്ട് പ്രളയവും കോവിഡ് ലോക്ക് ഡൗണും കശക്കിയെറിഞ്ഞിട്ടും അതിജീവീക്കുകയാണ് കുട്ടനാടൻ കുട്ടികൾ. 33 സ്‌കൂളിലായി പരീക്ഷയെഴുതിയ 2106 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 170 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. ഏഴ് സർക്കാർ സ്‌കൂളും 25 എയ്‌ഡഡ്, ഒരു അൺ എയ്ഡഡ് സ്‌കൂളുമാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് നൂറിൽ നൂറ് നേടുന്ന ഏക വിദ്യാഭ്യാസ ജില്ലയാണ്. കഴിഞ്ഞവർഷവും ഒന്നാംസ്ഥാനത്തായിരുന്നു. 2018ൽ 96.70 ഉം 2019ൽ 99.94 ശതമാനവുമായിരുന്നു വിജയം.
2018ലെ പ്രളയത്തിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് വെള്ളംകയറി പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ടു. ഇതിൽ നിന്ന് കരകയറിയപ്പോഴാണ് 2019ലെ വെള്ളപ്പൊക്കം. പുസ്‌തകമില്ലാത്തവർക്കെല്ലാം സർക്കാർ സൗജന്യമായി പുസ്‌തകമെത്തിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ 5.94 കോടി രൂപയാണ് ചെലവഴിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..