തിരുവനന്തപുരം
കേരളത്തിലെ സ്‌റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ആഗോള ഐടി സേവനദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്‌റ്റാർട്ടപ്പ് മിഷൻ ധാരണപത്രം ഒപ്പുവച്ചു. കേരള സ്‌റ്റാർട്ടപ്പ് മിഷൻ സ്‌റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ജർമനിയിൽ ആരംഭിക്കാൻ കരാർ വഴിയൊരുക്കും. കെഎസ്‌യുഎം സ്‌റ്റാർട്ടപ്പുകൾക്ക് ജർമനിയിൽ വ്യവസായ ശൃംഖല വർധിപ്പിച്ച് മെച്ചപ്പെട്ട വിപണി ലഭ്യമാക്കാൻ അഡെസോ സൗകര്യമൊരുക്കും.
ഓട്ടോമോട്ടീവ്, മൊബിലിറ്റി, ഫിൻടെക്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ നൂതന പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കാനും സാധിക്കും. കെഎസ്‌യുഎമ്മിന്റെ ഹാക്കത്തോൺ സംരംഭങ്ങളിലും അഡെസോ പങ്കെടുക്കും. അഡെസോയ്‌ക്ക് ആവശ്യമായ സ്‌റ്റാർട്ടപ്പ് പ്രതിഭകളെ ഹാക്കത്തോണുകൾ വഴി കണ്ടെത്തും. കെഎസ്‌യുഎം ലാബുകളെയും ഇന്നൊവേഷൻ സെന്ററുകളെയും അഡെസോ പിന്തുണയ്‌ക്കും.
കൊച്ചി ഇൻഫോപാർക്കിൽ അഡെസോ ഇന്ത്യയുടെ പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരുന്നു. ലോകത്തെമ്പാടും അറുപതിലധികം സ്ഥലങ്ങളിലായി പതിനായിരത്തിലേറെ ജീവനക്കാരുള്ള ബഹുരാഷ്ട്ര സോഫ്റ്റ് വെയർ കമ്പനിയാണ് അഡെസോ എസ്ഇ. വ്യവസായ വൈദഗ്ധ്യം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, സേവനങ്ങളിലെ ഗുണനിലവാരം, സാമൂഹിക പ്രതിബദ്ധത എന്നിവയ്‌ക്ക് പേരുകേട്ട സ്ഥാപനമാണിത്.സംസ്ഥാന ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കറുടെ സാന്നിധ്യത്തിൽ കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ ഡയറക്ടർ ഷാലി ഹസനുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..