03 November Sunday

കരട് തീരദേശ പരിപാലന പ്ലാൻ അംഗീകാരത്തിന് സമർപ്പിക്കും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ഫയൽ ചിത്രം

തുരുവനന്തപുരം > കേരളത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്.

സിആർഇസഡ് മൂന്നിൽ നിന്ന്‌ സിആർഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന്‌ കേന്ദ്ര സർക്കാരിനോട്‌ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആർഇസഡ് രണ്ട്‌ കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി.

കരട് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന ഇളവുകൾ

സിആർഇസഡ് II

സംസ്ഥാനത്ത് 66 ഗ്രാമപഞ്ചായത്തുകളെ സി.ആർ.ഇസഡ് III ൽ നിന്നും സി.ആർ.ഇസഡ് II ലേക്ക് മാറ്റിയിട്ടുണ്ട്. താരതമ്യേനെ നിയന്ത്രണങ്ങൾ കുറഞ്ഞ ഭാഗമാണ് സി.ആർ.ഇസഡ് II. ഈ പഞ്ചായത്തുകളിൽ സി.ആർ.ഇസഡ് II ൻ്റെ വ്യവസ്ഥകൾ പ്രകാരമുളള ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉളളതിനാൽ അത്തരം പ്രദേശങ്ങളിൽ സി.ആർ.ഇസഡ് III ലെ വ്യവസ്ഥകൾ ബാധകമായിരിക്കും.

സി.ആർ.ഇസഡ് III

പ്രധാനമായും 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉളള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾ കൂടെ പരിഗണിച്ച് സി.ആർ.ഇസഡ് III എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുളള പ്രദേശങ്ങളെ സി.ആർ.ഇസഡ് III ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. സി.ആർ.ഇസഡ് III എ പ്രകാരം കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസനരഹിത മേഖലയായി കുറച്ചിട്ടുണ്ട്. മുൻപ് ഇത് 200 മീറ്റർ വരെ ആയിരുന്നു. എന്നാൽ സി.ആർ.ഇസഡ് III ബി യിൽ കടലിൻ്റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന രഹിത മേഖലയായി തുടരും. ഉൾനാടൻ ജലാശയങ്ങളുടെ (സി.ആർ.ഇസഡ് III വിഭാഗത്തിലെ) വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

ദ്വീപുകൾ

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 10 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകൾക്ക് മാത്രം ഐഐഎംപി തയ്യാറാക്കേണ്ട ആവശ്യകത ഉള്ളൂ എന്നും, നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റുമായി (എൻസിഎസ്‌സിഎം NCSCM) കൂടിയാലോചിച്ച് 10 ഹെക്ടറിൽ താഴെ വിസ്തൃതിയുളള എല്ലാ ദ്വീപുകളുടെയും ഐഐഎംപിക്ക് ഒരു പൊതു ചട്ടക്കൂട് നൽകും എന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെൻ്റ് പ്ലാൻ തയ്യാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽ നിന്ന് 20 മീറ്ററായി കുറയ്ക്കും.

പൊക്കാളി/കൈപ്പാട് പ്രദേശങ്ങളിലെ ബണ്ടുകൾ/സ്ലൂയിസ് ഗേറ്റുകൾ

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 26.11.2021 ലെ SO നമ്പർ 4886 (ഇ) ആയി ഭേദഗതി പുറപ്പെടുവിച്ചത് പ്രകാരം, 1991 ന് മുമ്പ് നിർമ്മിച്ചിട്ടുള്ള ബണ്ടുകൾ/സ്ലൂയിസ് ഗേറ്റുകൾ നിലവിലുണ്ടെങ്കിൽ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകൾ/സ്ലൂയിസ് ഗേറ്റുകളിൽ നിജപ്പെടുത്താവുന്നതാണെന്ന് നിഷ്കർച്ചിട്ടുണ്ട്.

പൊക്കാളി പാടങ്ങളിലെ ബണ്ടുകൾ കണ്ടെത്തി തീരദേശ പരിപാലന പ്ലാൻ 1991, 2011- ൽ വേലിയേറ്റ രേഖയായി ഉപയോഗിച്ച അടിസ്ഥാന ഭൂപടങ്ങളിൽ നിന്ന് (സർവ്വേ ഓഫ് ഇന്ത്യ ടോപ്പോ ഷീറ്റുകൾ, സാറ്റൈറ്റ് ഇമേജറികൾ/ഏരിയൽ ഫോട്ടോഗ്രാഫുകൾ, കടസ്ട്രൽ മാപ്പുകൾ) തിരിച്ചറിഞ്ഞ് പൊക്കാളിപ്പാടങ്ങൾ/അക്വാകൾച്ചർ കുളങ്ങൾ എന്നിവയ്ക്കൊപ്പമുള്ള ബണ്ടുകളുടെ/സ്പൂയിസ് ഗേറ്റുകളുടെ അതിരുകൾ നിർ ണ്ണയിക്കുന്നതിന് 22.04.2022 ൽ കൂടിയ യോഗത്തിൽ എൻസിഇഎസ്എസ് ന് നിർദ്ദേശം നൽകിയിരുന്നു. തീരദേശ പരിപാലന പ്ലാൻ 1996-ൽ നിന്ന് തീരദേശ പരിപാലന പ്ലാൻ 2011 ൽ സി.ആർ.ഇസഡ് പരിധിയുടെ വ്യാപ്തി വ്യത്യാസപ്പെടുന്നിടത്തെല്ലാം ബണ്ട്/സൂയിസ് ഗേറ്റ് തിരിച്ചറിയാൻ സർവ്വേ ഓഫ് ഇന്ത്യ മാപ്പുകൾ ഉപയോഗിക്കുന്നതിനും, 26.11.2021 ലെ 50 നമ്പർ 4886 (ഇ) നമ്പരായി പുറപ്പെടുവിച്ച സി.ആർ.ഇസഡ് ഭേദഗതി പ്രകാരം പൊക്കാളി/കൈപ്പാട് പാടങ്ങളുടെ ബണ്ട്/സ്കൂയിസ് ഗേറ്റുകളുടെ എച്.ടി.എൽ ന്റെ അതിർത്തിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2011 സി.ഇസഡ്.എം.പി അനുസരിച്ച് പൊക്കാളിപ്പാടങ്ങളുടെ വിസ്തൃതി  71.8459 Km² (7100 Ha) ഉം 2019 സി.ഇസഡ്.എം.പി പ്രകാരം ആയത് ഏകദേശം 35.435 Km² (3500 Ha) ഉം ആണ്. വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ചിട്ടുള്ള 1991 ന് മുൻപുള്ള ബണ്ട്/ബ്ലൂയിസ് ഗേറ്റ് എന്നിവ തീരദേശ പരിപാലന പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ഭേദഗതി 2019 സി.ഇസഡ്.എം.പിയിൽ വരുത്തിയിട്ടുണ്ട്.

കണ്ടൽക്കാടുകൾ

2019  സി.ആർ.ഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുളള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ ഡീമാർക്കേറ്റ് ചെയ്യുന്നത്. കൂടാതെ 2019 തീരദേശ പരിപാലന പ്ലാനിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള കണ്ടൽക്കാടുകൾക്ക് ചുറ്റുമുളള ബഫർ ഏരിയ നീക്കം ചെയ്യുന്നതിനുളള ആവശ്യമായ മാറ്റങ്ങൾ തീരദേശ പരിപാലന പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ

സ്റ്റാഫുകളുടെ എണ്ണം പുനർനിർണയിക്കും

ഐ എം ജി നടത്തിയ വർക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ, കേരള സ്റ്റേറ്റ് ഹൗസിംഗ് കോർപ്പറേഷന്റെ സ്റ്റാഫുകളുടെ എണ്ണം നിലവിലുള്ള 598 ൽ നിന്നും 380 ആയി പുനർ നിർണ്ണയിക്കുന്നതിന് തീരുമാനിച്ചു. ഇതനുസരിച്ച് സ്റ്റാഫ് പാറ്റേണിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി.

ധനസഹായം

കൊല്ലം ചവറ പോലീസ് സ്റ്റേഷനിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹോം ഗാർഡായി ജോലി നോക്കിയിരുന്ന ചന്ദ്രദാസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒറ്റത്തവണയായി ധനസഹായം അനുവദിക്കും.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന  ഇദ്ദേഹത്തിന് ഒരു വർഷത്തെ വേതനമായ
2,50,000 ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക

ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 ആഗസ്റ്റ് 7 മുതൽ ആഗസ്റ്റ് 13 വരെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,411,4000 രൂപയാണ് വിതരണം ചെയ്തത്. 370 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം  11 പേർക്ക്  34,8000 രൂപ

കൊല്ലം  35 പേർക്ക് 67,9000 രൂപ

പത്തനംതിട്ട 5 പേർക്ക് 15,5000 രൂപ

ആലപ്പുഴ 32 പേർക്ക് 11,30000 രൂപ

കോട്ടയം 16 പേർക്ക് 95,0000 രൂപ

ഇടുക്കി 13 പേർക്ക് 50,4000 രൂപ

എറണാകുളം 2 പേർക്ക് 35,0000 രൂപ

തൃശ്ശൂർ 146 പേർക്ക് 49,44000 രൂപ

പാലക്കാട് 16 പേർക്ക് 1,28,5000 രൂപ

മലപ്പുറം 29 പേർക്ക് 1,46,2000 രൂപ

കോഴിക്കോട്  35 പേർക്ക് 1,22,0000  രൂപ

വയനാട് 3 പേർക്ക് 85,000

കണ്ണൂർ 17 പേർക്ക് 75,0000 രൂപ

കാസറഗോഡ് 14 പേർക്ക് 25,2000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top