23 December Monday

നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ കൂടി; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.  നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

നാല് ഐടിഐകളിലെയും 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്യും.

അതാത്‌ ഐടിഐകളിൽ ആരംഭിക്കുന്ന ട്രേഡുകൾ


ഗവ. ഐടിഐ നാഗലശ്ശേരി നാഗലശ്ശേരി

1)  അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)

2) കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്

3) ഡ്രാഫ്റ്റ്സ്മാൻ സിവിൽ

4) ഇൻഫർമേഷൻ ടെക്നോളജി

ഗവ. ഐടിഐ എടപ്പാൾ

1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്

2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി

3) മെക്കാനിക് മോട്ടോർ വെഹിക്കിൾ

4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)

ഗവ. ഐ.ടി.ഐ പീച്ചി

1) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി

2) ഡ്രാഫ്റ്റ്സ്മാൻ സിവിൽ

3) ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ

4) മെക്കാനിക് മോട്ടോർ വെഹിക്കിൾ

ഗവ. ഐടിഐ ചാല


1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)

2)ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ

3) മറൈൻ ഫിറ്റർ

4) മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ്

5) വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)

മറ്റ്‌ തീരുമാനങ്ങൾ

പട്ടികവർഗ്ഗക്കാർക്ക് ഓണസമ്മാനം

സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതി

എറണാകുളം കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.  കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയാണിത്. കളമശ്ശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെൻ്റേഷൻ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. പൊട്ടച്ചാൽ തോടിൻ്റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത്  മാപ്പിംഗ് നടത്തിയത് ജലവിഭവ വകുപ്പാണ്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപന. കൽവർട്ടും പുന:സ്ഥാപിക്കും. പ്രളയജലം നിൽക്കാൻ സാധ്യതയുള്ള ഉയർന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്സ് കൽവർട്ട് സ്ഥാപിക്കുക. 1037 മീറ്റർ ദൈർഘ്യത്തിൽ തോടിൻ്റെ വീതി കൂട്ടും.

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തിരുമാനിച്ചു. മുന്‍ പ്ലാനിങ്ങ് ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളുമാണ്. രണ്ട് വര്‍ഷത്തെ കാലാവധിയാണ് കമ്മീഷനുള്ളത്.

പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്ത് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നഗരവല്‍ക്കരണത്തിന്‍റെ ഭാഗമായി നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിന് സാമ്പത്തിക നയരൂപീകരണം നിര്‍ദ്ദേശിക്കും. ദുരന്തനിവാരണത്തിന് ഫലപ്രദമായ സംഭാവന നല്‍കാന്‍ പ്രദേശിക സര്‍ക്കാരുകളെ പ്രാപ്തരാക്കും.

അഡീഷണൽ സെക്രട്ടറി ( കമ്മീഷൻ സെക്രട്ടറി) - 1, ജോയിന്റ് സെക്രട്ടറി - 1, അണ്ടർ സെക്രട്ടറി - 1, അക്കൗണ്ട്സ് / സെക്ഷൻ ഓഫീസർ -3, അസിസ്റ്റന്റ് - 9, കമ്പ്യൂട്ടർ അസിസ്റ്റന്റ് - 3, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് - 3, ഓഫീസ് അറ്റൻഡന്റ് - 3, പാർട്ട് ടൈം സ്വീപ്പർ - 1, ഡ്രൈവർ - 1 എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിക്കും. ധനകാര്യവകുപ്പില്‍ നിന്നുള്ള ജീവനക്കാരെയാണ് കമ്മീഷന്‍റെ ഓഫീസിലേക്ക് അനുവദിക്കുക.

നിയമനം

ഇടുക്കി ജില്ലയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിനിരയായ മാസ്റ്റർ ഷെഫീക്കിനെ  സംരക്ഷിക്കുന്ന കുമാരി.എ.എച്ച്.രാഗിണിക്ക് തൊടുപുഴ ഐ.സി.ഡി.എസിൽ അറ്റൻഡന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.

ടെണ്ടര്‍ ​അംഗീകരിച്ചു

പത്തനംതിട്ട ജില്ലയിലെ പുതമണ്‍പാലം പുനര്‍ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ ​അംഗീകരിച്ചു.

തിരുവനന്തപുരം പാച്ചല്ലൂര്‍ - വെങ്ങാനൂര്‍ റോഡിന് സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ കിഫ്ബി പാക്കേജിൽ ഉൾപ്പെടുത്തി 22 എംഎൽഡി ഡബ്ല്യുടിപി, 16 എൽഎൽ, 10 എൽഎൽ & 0.5 എൽഎൽ കപ്പാസിറ്റിയുളള OHSRs, RWPM, CWGMS, CWPMS & വിതരണ മെയിൻ, പവർ എൻഹാൻസ്മെന്റ് വർക്കുകൾ, ഇലക്ട്രോ മെക്കാനിക്കൽ വർക്കുകൾ, ലീഡിംഗ് പൈപ്പുകൾ, RWPH-ൻ്റെ പരിഷ്ക്കരണം, വിതരണ ശൃംഖല നല്‍കല്‍, റോഡ് പുനസ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടർ അംഗീകരിക്കും.

ഗവ. പ്ലീഡര്‍

കാസര്‍കോട് ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തികയിലേക്ക് അഡ്വ. പി വേണുഗോപാലന്‍ നായരെ നിയമിക്കും.

നിരാക്ഷേപ സാക്ഷ്യപത്രം നൽകും

ദേശീയ പാതാ വിഭാഗം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായി, 5000 കോടി രൂപയ്ക്കു മുകളിൽ ചെലവ് വരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നോമിനേഷൻ അടിസ്ഥാനത്തിൽ, ക്വാറികൾ നടത്തുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് നിലവിലുള്ള ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തി ലേലം ഒഴിവാക്കി, നിരാക്ഷേപ സാക്ഷ്യപത്രം നൽകും.

പാട്ടക്കാലയളവ് കരാർ കാലയളവ് അല്ലെങ്കിൽ 3 വർഷമോ ഏതാണോ കുറവ് അതു വരെ ആയിരിക്കും. ഖനനം ചെയ്തെടുത്ത പാറ അനുമതി നൽകിയിട്ടുള്ള എൻ.എച്ച്.എ.ഐ റോഡ് നിർമ്മാണവും വികസനവും പദ്ധതികളുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 സെപ്തംബര്‍ 4 മുതൽ 10 വരെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,75,74,000 രൂപയാണ് വിതരണം ചെയ്തത്. 1803 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ,

തിരുവനന്തപുരം 183 പേർക്ക്  36,41,000 രൂപ  

കൊല്ലം 190 പേർക്ക് 33,21,000 രൂപ

പത്തനംതിട്ട 31 പേർക്ക് 11,64,000 രൂപ

ആലപ്പുഴ 303 പേര്‍ക്ക് 64,80,000 രൂപ

കോട്ടയം 42 പേർക്ക് 15,78,000 രൂപ

ഇടുക്കി 10 പേര്‍ക്ക് 1,42,000 രൂപ

എറണാകുളം 96 പേര്‍ക്ക് 19,62,000 രൂപ

തൃശ്ശൂർ 121 പേർക്ക് 31,60,000 രൂപ

പാലക്കാട് 416 പേർക്ക് 81,05,000 രൂപ

മലപ്പുറം 52 പേർക്ക് 9,46,000 രൂപ

കോഴിക്കോട്  91 പേർക്ക് 19,10,000  രൂപ

വയനാട് 5 പേർക്ക് 2,68,000 രൂപ

കണ്ണൂർ 203 പേർക്ക് 29,18,000 രൂപ

കാസര്‍കോട് 60 പേർക്ക് 19,79,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top