21 November Thursday

സോണൽ മത്സരങ്ങൾക്ക്‌ നടപടിക്രമങ്ങൾ ആരംഭിക്കാതെ ആരോഗ്യ സർവകലാശാല

സ്വന്തം ലേഖകൻUpdated: Tuesday Sep 24, 2024

തിരുവനന്തപുരം > സോണൽതല കായിക മത്സരങ്ങൾ നടക്കേണ്ട സമയം അതിക്രമിച്ചിട്ടും നടപടിക്രമങ്ങൾക്കായുള്ള യോഗംപോലും ചേരാതെ കേരള ആരോഗ്യ സർവകലാശാല. ഇതോടെ കായിക മേഖലയിൽ മികവ്‌ പുലർത്തുന്ന നൂറുകണക്കിന്‌ വിദ്യാർഥികളുടെ ബോണസ്‌ മാർക്കുൾപ്പെടെ നഷ്‌ടമാകുന്ന സാഹചര്യമാണ്‌.

വിദ്യാർഥികൾ പലതവണ വൈസ് ചാൻസലർക്ക് പരാതി നൽകിയെങ്കിലും മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിൽ ആരോഗ്യ സർവകലാശാലയിൽ കായിക വിദ്യാഭ്യാസ വിഭാഗം രൂപീകരിച്ചിട്ടില്ല. പകരം വിദ്യാർഥി കാര്യ ഡീനിന് സ്പോർട്സിന്റെ ചുമതല നൽകിയിരിക്കുകയാണ്‌. ഇപ്പോഴത്തെ വിദ്യാർഥി കാര്യ ഡീനിന്റെ കാലാവധി കഴിയാറായതിനാൽ നടപടിക്രമങ്ങൾ ആരംഭിക്കാൻ അദ്ദേഹവും തയ്യാറാകുന്നില്ലെന്ന പരാതിയുണ്ട്‌.

സർവകലാശാല നടത്തുന്ന ഇന്റർസോൺ കൊളീജിയറ്റ് മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും അന്തർ സർവകലാശാലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും പിഎസ്‌സി നടത്തുന്ന നോൺ ഗസറ്റഡ് തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് അർഹതയുണ്ട്. പല വിദേശ രാജ്യങ്ങളിലും എംബിബിഎസ്‌ പഠനത്തിന്‌ കായിക മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ ബോണസ്‌ മാർക്ക്‌ ലഭിക്കും. എന്നാൽ, സർവകലാശാലാ അധികൃതരുടെ അലംഭാവംമൂലം നാനൂറോളം അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർഥികൾക്ക് മത്സരങ്ങളിലും ദക്ഷിണമേഖലാ അന്തർ സർവകലാശാലാ മത്സരങ്ങൾക്കുള്ള ആരോഗ്യ സർവകലാശാലയുടെ വിവിധ സ്പോർട്സ് ടീമുകളുടെ സെലക്‌ഷൻ ട്രയൽസിലും പങ്കെടുക്കാനാകാത്ത സ്ഥിതിയാണ്.

ഒക്‌ടോബർ 25 മുതൽ ചെന്നൈയിൽ നടക്കുന്ന സൗത്ത്‌ സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ആരോഗ്യ സർവകലാശാലയിൽനിന്ന്‌ ടീമിനെ അയക്കാൻ കഴിയില്ലെന്ന്‌ ഏറെക്കുറെ ഉറപ്പായി. മുൻവർഷങ്ങളിൽ ജൂലൈ അവസാന ആഴ്ചയിൽ ഇന്റർസോൺ സ്പോർട്സ് ഫിക്സർ യോഗങ്ങൾ നടക്കുകയും സെപ്‌തംബറിൽ ഇന്റർ സോണൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top