08 September Sunday
പുറത്താക്കിയവരിൽ അവധിയിലുള്ളവരും 4 എക്സ് ഓഫിഷ്യോ അംഗങ്ങളും

വിശദീകരണം ചോദിച്ചില്ല , 15 സെനറ്റം​ഗങ്ങളെ പുറത്താക്കി ; നിലവിട്ട്‌ ഗവർണർ

സ്വന്തം ലേഖികUpdated: Wednesday Oct 19, 2022


തിരുവനന്തപുരം
വിശദീകരണം പോലും ചോദിക്കാതെ കേരള സർവകലാശാലയിലെ 15 സെനറ്റം​ഗങ്ങളെ  പുറത്താക്കി ചാൻസലർകൂടിയായ ഗവർണറുടെ  പ്രതികാര  നടപടി.  നിയമപരമല്ലാത്ത ഉത്തരവിറക്കാൻ  വൈസ്‌ ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള വിസമ്മതിച്ചതിനെ തുടർന്നാണ്‌  നിലവിട്ട്‌ ഗവർണർ അസാധാരണ വിജ്ഞാപനമിറക്കിയത്‌.  

പുതിയ   വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച്‌  കമ്മിറ്റിയിലേക്ക്‌  പ്രതിനിധിയെ നിർദേശിക്കാൻ  11ന്‌  വിളിച്ചു  ചേർത്ത  സെനറ്റ്‌ യോഗത്തിൽ പങ്കെടുക്കാത്ത  അംഗങ്ങൾക്കെതിരെയാണ്‌ ഗവർണർ ആരിഫ്‌ മാെഹമ്മദ്‌ഖാന്റെ കേട്ടുകേൾവിയില്ലാത്ത പ്രതികാര നടപടി. കേരള സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾക്കു   പിന്നാലെയാണ്‌ രാജ്‌ഭവന്റെ അസാധാരണ നീക്കം.  നടപടിയെടുക്കും മുമ്പ്‌ ഇവരോട്‌ വിശദീകരണം ചോദിക്കുകയയെന്ന നിയമപരമായ ബാധ്യതയും മര്യാദയും  പോലും പാലിച്ചില്ല.  ഗവർണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ പുറത്താക്കപ്പെട്ട അംഗങ്ങൾ പറഞ്ഞു.

11ന്‌ നടന്ന സെനറ്റ്‌ യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ കഴിഞ്ഞ ദിവസം ഗവർണർ അയോഗ്യരാക്കിയിരുന്നു. തുടർന്ന്‌ അവരെ പിൻവലിച്ചുള്ള  വിജ്ഞാപനം ഇറക്കണമെന്ന് ഗവർണർ വിസിക്ക് ശനിയാഴ്ച കത്തയച്ചു. എന്നാലിത് നടപ്പാക്കാൻ ചട്ടപ്രകാരം കഴിയില്ലെന്ന്‌ വിസി മറുപടി നൽകി.  നവംബർ നാലിന് നിശ്ചയിച്ചിട്ടുള്ള സെനറ്റിൽ പങ്കെടുക്കണമെന്ന് ഈ 15 പേരടക്കം എല്ലാ സെനറ്റം​ഗങ്ങൾക്കും വിസി നോട്ടീസും നൽകി. ഇതിനുപിന്നാലെയാണ് രാജ്ഭവൻ നേരിട്ട് സെനറ്റംഗങ്ങളെ പിൻവലിച്ച്‌ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്‌.  

യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചവരെയും അവധിയിലുണ്ടായിരുന്നവരെയും പുറത്താക്കിയിട്ടുണ്ട്‌. എക്സ് ഓഫിഷ്യോ അം​ഗങ്ങളായ നാലുപേരെ പിൻവലിക്കാൻ ​ഗവർണർക്ക് സാധിക്കില്ല.  വൈസ്‌ചാൻസലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാനായിരുന്നു 11ന്‌   സെനറ്റ് യോഗം വിളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top