തിരുവനന്തപുരം> ഒന്നര വർഷമായി മുടങ്ങിക്കിടന്ന കേരള സർവകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയം. ഒട്ടേറെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. ചാൻസലറുടെ നിയമവിരുദ്ധ നോമിനേഷനിലൂടെ അംഗത്വം നേടിയ സംഘപരിവാർ ശക്തികളുടെയും കോൺഗ്രസിന്റെയും കൂട്ടുകെട്ടിനെ തോൽപ്പിച്ചാണ് ഇടതുപക്ഷം ജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 12 ൽ ഒമ്പത് സീറ്റും ഇടതു പക്ഷം നേടി.
പ്രൊഫ. കെ സി പ്രകാശ് (എയ്ഡഡ് കോളേജ് പ്രിൻസിപ്പൽ), ഡോ. കെ റഹീം (സർക്കാർ കോളേജ് അധ്യാപക), ഡോ. എൻ പ്രമോദ്, ഡോ. ടി ആർ മനോജ് (ഇരുവരും എയ്ഡഡ് കോളേജ് അധ്യാപകർ) അഡ്വ. ആർ ബി രാജീവ് കുമാർ (പൊതുമണ്ഡലം), ഡി എൻ അജയ് (പൊതുമണ്ഡലം) എന്നിവരാണ് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഡോ. എസ് നസീബ് (സർക്കാർ അധ്യാപക മണ്ഡലം), ഡോ. വി മനോജ് (സർക്കാർ കോളേജ് പ്രിൻസിപ്പൽ), ഡോ. എം ലെനിൻ ലാൽ (സംവരണം) എന്നീ മൂന്ന് ഇടത് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ സഹായത്തോടെ രണ്ട് സംഘപരിവാര പ്രവർത്തകരും സിൻഡിക്കറ്റിൽ ഇടം പിടിച്ചു. കോൺഗ്രസ് പ്രതിനിധി അഹമ്മദ് ഫാസിൽ (പൊതുമണ്ഡലം), ബിജെപി പ്രതിനിധികളായ പി എസ് ഗോപകുമാർ, ഡോ. വിനോദ് കുമാർ ടി ജി നായർ (ഇരുവരും പൊതുമണ്ഡലം) എന്നിവരാണ് ജയിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..