തിരുവനന്തപുരം > കേരള സർവകലാശാല വിദ്യാർഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7ൽ7 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 5ൽ 5 സീറ്റും സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 10 ൽ 8 സീറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 15 ൽ 13 സീറ്റും എസ്എഫ്ഐ വിജയിച്ചു.
'പെരുംനുണകൾക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സർവകലാശാല യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി വിദ്യാർഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് പെൺകുട്ടികളെയാണ് എസ്എഫ്ഐ പാനലിൽ മത്സരിച്ച് വിജയിച്ചത്.
ചെയർപേഴ്സൺ എസ് സുമി, ജനറൽ സെക്രട്ടറി അമിത ബാബു
സർവകലാശാല യൂണിയൻ ചെയർ പേഴ്‌സണായി കൊല്ലം എസ്എൻ കോളേജിലെ സുമി എസ്, ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു, വൈസ് ചെയർ പേഴ്സൺമാരായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അബ്‌സൽന എൻ, ആലപ്പുഴ എസ്ഡി കോളേജിലെ ആതിര പ്രേംകുമാർ, തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളേജിലെ നന്ദന എസ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായി നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ അനന്യ എസ്, കൊല്ലം ടികെഎം കോളേജിലെ അഞ്ജനദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ ഉജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു. കള്ളപ്രചരണങ്ങളിലൂടെ എസ്എഫ്ഐയെ തകർക്കാൻ ശ്രമിച്ച വലതുപക്ഷത്തിനുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് ഈ വിജയമെന്നും എസ്എഫ്ഐ ഭാരവാഹികൾ പ്രതികരിച്ചു.
വൈസ് ചെയർപേഴ്സൺമാരായ നന്ദന എസ് കുമാർ, ആതിര പ്രേം കുമാർ, അബ്സൽന എൻ
ജോയിന്റ് സെക്രട്ടറിമാരായ അനന്യ എസ്, അഞ്ജന ദാസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..