കോഴിക്കോട്> വഖഫ് സംവിധാനം ഇല്ലാതാക്കുന്ന ഭേദഗതിബിൽ പിൻവലിക്കണമെന്ന് സംസ്ഥാന വഖഫ് ബോർഡ് യോഗം ആവശ്യപ്പെട്ടു. വഖഫ് സംരക്ഷണത്തെ അട്ടിമറിക്കുന്നത് ഭരണഘടന– ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണ്. നിയമ വിരുദ്ധമായ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വഖഫ്‌ബോർഡ് നിവേദനം നൽകുമെന്ന് ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു.
വിവിധ സംസ്ഥാന വഖഫ് ബോർഡുകളോട് ചർച്ച ചെയ്‌താണ് ഭേദഗതിയെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞത്. ഇത് ശരിയല്ല. കേരള വഖഫ് ബോർഡുമായി കുടിയാലോചന നടത്തിയിട്ടേയില്ല. നിലവിൽ വഖഫ് ബോർഡ് കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ശക്തമാക്കാനുള്ള നിയമഭേദഗതികൾ സ്വാഗതാർഹമാണ്. എന്നാൽ ഇപ്പോഴത്തേത് ഗൂഢലക്ഷ്യത്തോടെയുള്ളതാണ്.
ഇപ്പോൾ ജനാധിപത്യപരമായാണ് ബോർഡ് തെരഞ്ഞെടുപ്പ്. ഇത് മാറ്റി നാമനിർദേശക സമിതിയാക്കി തീർക്കുന്നതാണ് ഭേദഗതി. സ്‌ത്രീകളെ ബോർഡിലുൾപ്പെടുത്താനാണ് ഭേദഗതി എന്നതും ശരിയല്ല. 1995 മുതൽ വനിതാ അംഗങ്ങൾ ബോർഡിലുണ്ട്. മറ്റ് മതസ്ഥരെ വഖഫ് ബോർഡിൽ മാത്രമായി ഉൾപ്പെടുത്താനുള്ള നീക്കവും സംശയാസ്‌പദമാണ്. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കാനാകരുത് നിയമഭേദഗതി എന്നതാണ് കേരളാവഖഫ്‌ബോർഡിന്റെ നിലപാട്.
രജിസ്‌ട്രേഷൻ, സ്വത്ത് സംരക്ഷണം എന്നിവയ്‌ക്കും തടസമാണ് കേന്ദ്രസർക്കാരിന്റെ നടപടി. നിലവിലുള്ള സംവിധാനത്തെപ്പറ്റി ഒട്ടേറെ തെറ്റിധാരണ പരത്തുന്നുണ്ട്. കേന്ദ്രം ധൃതിപിടിച്ചുള്ള നീക്കത്തിൽ നിന്ന് പിന്മാറണം. ജെപിസി ഇത്തരം വിഷയങ്ങളെല്ലാം പരിഗണിക്കണം. വിശദമായ ചർച്ചയ്‌ക്കും കൂടിയാലോചനക്കും തയ്യാറാകണമെന്നും അഡ്വ. എം കെ സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബോർഡ് അംഗങ്ങളായ പി ഉബൈദുള്ള എംഎൽഎ, അഡ്വ. എം ഷറഫുദ്ദീൻ, എം സി മായിൻഹാജി, റസിയ ഇബ്രാഹിം, പ്രൊഫ. അബ്ദുറഹീം, വി എം രഹാന, സിഇഒ വി എസ് സക്കീർഹുസൈൻ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..