05 December Thursday

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പദ്ധതികൾ ഊർജിതപ്പെടുത്താൻ സംയോജിത പ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

തിരുവനന്തപുരം> പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗം ഇതിന് പ്രത്യേകമായി വിളിച്ചു ചേർക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും. ഈ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർടികളെയും സഹകരിപ്പിക്കും. ഇതിൻറെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും. ഭക്ഷണം കൊടുക്കൽ മാത്രമല്ല, ജീവിക്കാനുള്ള വരുമാനവും ഉണ്ടാകലാണ് ദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കൽ എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രായമുള്ള ജോലി ചെയ്യാൻ പറ്റാത്തവർ, രോഗം കാരണം ജോലി ചെയ്യാൻ പറ്റാത്തവർ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയാൽ ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകുന്നവർ‌ക്ക് അത്തരത്തിൽ സഹായം നൽകണം. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തരക്കാരെ പെടുത്താവുന്നതാണ്. ഓരോ കുടുംബത്തിൻറെയും സവിശേഷത മനസിലാക്കിയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. അതിദാരിദ്ര്യ മുക്തമാണോ എന്നതിൻറെ പുരോഗതി പ്രാദേശികമായി വിലയിരുത്താൻ ജനകീയ സമിതി പ്രവർത്തിക്കണം.

ഓരോ വകുപ്പിനുമുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താനാകണം. സഹായ ഉപകരണങ്ങൾ ആവശ്യമായി വരുന്നവർക്ക് വിതരണം ചെയ്യണം. ഇതിന് മാറ്റിവെച്ച തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി ചിലവഴിക്കണം. വീട് നിർമ്മാണത്തിന് സ്പോൺസർഷിപ്പുകൾ സംഘടിപ്പിക്കാനാകണം.

കെയർഫണ്ട് എന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ ആശയം ഫലപ്രദമായി നടപ്പാക്കണം. മൈക്രോ പ്ലാൻ വഴി എല്ലാ വകുപ്പുകളും പങ്കുചേർന്ന പദ്ധതി നടപ്പാക്കണം. ജില്ലകളിൽ കളക്ടർമാർ മൊത്തം പദ്ധതി അവലോകനം ചെയ്യണം. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവർ ഫലപ്രദമായി ഇടപെടണം. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും അവലോകന സമിതി മാസത്തിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. തദ്ദേശസ്വയംഭരണ അവലോകനവും മാസത്തിൽ നടത്തണം. നോഡൽ ഓഫീസറെ നിയമിക്കണം. അതിദാരിദ്ര്യമുക്തമായാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 2025 നവംബർ ഒന്ന് വരെ കാത്തുനിൽക്കാതെ പ്രഖ്യാപനം നടത്താവുന്നതാണ്.

മാലിന്യ മുക്തം നവകേരളം എന്ന ജനകീയ ക്യാംപെയിൻ ഒറ്റക്കെട്ടായി, ജനങ്ങളെ അണിനിരത്തി നടത്ത​​ണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരിലും ഇതിൻറെ സന്ദേശം എത്തിക്കൽ പ്രധാനമാണ്. നാടാകെ സമ്പൂർണ ശുചിത്വം എന്നതാകണം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് 30ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തണം. അയൽക്കുട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഹരിതമാകണം. ഇതിന് നിർവ്വഹണ സമിതികൾ രൂപീകരിക്കാത്ത വാർഡുകളിൽ ഈ മാസം തന്നെ രൂപീകരിക്കണം.

നിർച്ചാലുകളിലെ ജലസ്രോതസുകളിൽ വീടുകളിലും മറ്റും സ്ഥാപിച്ച മലിനജല കുഴൽ എത്തുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഇ-കോളി സാന്നിധ്യം പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കണം. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്ത​ണം. സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കണം. പൊതുമാലിന്യം ശേഖരിക്കാനും സംസ്ക്കരിക്കാനും സംവിധാനം വേണം. ജൈവമാലിന്യ സംസ്ക്കരണത്തിന് വീടുകളിലും മറ്റും സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ അറ്റകുറ്റപണി നടത്തിക്കണം. ഫ്ലാറ്റ്, റസിഡൻസ് അസോസിയേഷൻ എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർടി പ്രതിനിധികൾ ഉൾപ്പെടെ മുഴുവൻ പേരെയും സർക്കാർ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രധാന പങ്ക് വഹിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗികളുടേത് മാത്രമല്ല, പ്രായമുള്ളവരുടെ പ്രശ്നങ്ങളും ശ്രദ്ധിക്കാനാകണം. ഇതിനായി നിരവധി ഏജൻസികൾ ഇപ്പോൾ തന്നെയുണ്ട്. ഇവരെയും ഇതിൻറെ ഭാഗമാക്കാണം. ഒരുതരത്തിലുള്ള വിവേചനവും ഇല്ലാതെ, തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ ഇവരുടെ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്തണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും അവരുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വിശദാംശം ശേഖരിക്കണം.

രോഗികൾ, വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന, എപിഎൽ ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ഡൊമിസിലിയറി കെയർ പദ്ധതി വിപുലീകരിക്കും. വ്യക്തിഗത പരിചരണത്തിനുള്ള ആസൂത്രണം പഞ്ചായത്ത് തലത്തിൽ ഉണ്ടാകണം. തദ്ദേശസ്വയംഭരണ വകുപ്പാണ് നേതൃത്വം നൽകേണ്ടതെങ്കിലും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളും ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിരാലംബരായ വയോജനങ്ങളെ പാർപ്പിക്കുന്ന വൃദ്ധമന്ദിരങ്ങൾ നിലവിലുണ്ട്. അത്തരം സ്ഥാപനങ്ങളിലും സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം. വയോമിത്ര പദ്ധതി, ഡൊമിസിലിയറി കെയർ പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പോകണം. ജില്ലാ, ബ്ലോക്ക് തലത്തിൽ ഏകോപനം ഉണ്ടാകണം. ജില്ലാതലത്തിൽ ജില്ലാ കളക്ടറും ഇക്കാര്യം ശ്രദ്ധിക്കണം. നാട്ടിൽ പരിചരണം ലഭിക്കാത്ത ആരും ഉണ്ടാകരുതെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, ആർ ബിന്ദു, ഒ ആർ കേളു, കോർപ്പറേഷൻ  മേയർമാർ, ജില്ലാപഞ്ചായത്ത് പ്രസിഡൻറുമാർ, മുനിസിപ്പൽ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ,  ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top