05 December Thursday

കേരള ടൂറിസത്തിന് പുതിയ വെബ് സൈറ്റ്; 20ൽ അധികം ഭാഷകളിൽ വിവരങ്ങൾ ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

തിരുവനന്തപുരം> കേരള ടൂറിസത്തിന്റെ പുതിയ വെബ്‌ സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളിൽ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകർഷണങ്ങളും ഉത്പന്നങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര ഡിജിറ്റൽ ഗൈഡാണ് പുതിയ വെബ്‌ സൈറ്റ്.  നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതിൽ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാലോ അഞ്ചോ പ്രധാന രാജ്യങ്ങളോടാണ്. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പ്രവർത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വെബ്‌സൈറ്റ് നവീകരിച്ചത്. അത്യാധുനികവും ആകർഷകവുമായ രീതിയിൽ നവീകരിച്ച വെബ്‌സൈറ്റ് ഉപഭോക്തൃസൗഹൃദ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, പുതിയ ടൂറിസം ഉത്പന്നങ്ങൾ, പദ്ധതികൾ, ഹോട്ടലുകൾ, ഭക്ഷണം, ഉത്സവങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിലുണ്ട്. ഇതുവഴി കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനായേക്കും. 2023-24 കാലഘട്ടത്തിൽ മാത്രം ഒരു കോടിയോളം  സന്ദർശകർ കേരള ടൂറിസം വെബ്‌സൈറ്റിനുണ്ട്. രണ്ട്  കോടിയിലേറെ പേജ് വ്യൂസും രേഖപ്പെടുത്തി. സൈറ്റിലെ വിഡിയോകൾക്ക് നിരവധി സന്ദർശകരുണ്ട്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ വെബ്‌സൈറ്റ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ് പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫ്രണ്ട്- എൻഡിന്റിയാക്ട് ജെഎസും ഉംബാക്ക്-എൻഡിൻ പൈഥണും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് നവീകരിച്ചിട്ടുള്ളത്. ഇത് വെബ്‌സൈറ്റിന്റെ വേഗതയേറിയ പ്രവർത്തനം സാധ്യമാക്കും. അനുബന്ധ വിഷയങ്ങളിലേക്കുള്ള നാവിഗേഷൻ, സുഗമമായ മൾട്ടിമീഡിയ പ്ലേ ബാക്ക് എന്നിവയും മികച്ചതാക്കിയിട്ടുണ്ട്. എസ്ഇഒ ഒപ്റ്റിമൈസ്ഡ് ഉള്ളടക്കത്തോടെയാണ് വെബ്‌സൈറ്റിലെ പുതിയ പേജുകൾ തയ്യാറാക്കിയിട്ടുള്ളത്. ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും ആകർഷകമായ വീഡിയോകളും പുതുക്കിയ ലേ ഔട്ടും പേജുകളെ ആകർഷകമാക്കുന്നു. ഒരു ലക്ഷത്തിലേറെ പേജുകളാണ് സൈറ്റിനുള്ളത്. മൊബൈൽ, ടാബ്ലെറ്റ്, ഡെസ്‌ക്ടോപ്പ് എന്നിവയിലൂടെയുള്ള സുഗമവും വേഗത്തിലുള്ളതുമായ ബ്രൗസിംഗ് വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതയാണ്. മൂന്ന് ക്ലിക്കുകൾക്കുള്ളിൽ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ലളിതമായ നാവിഗേഷൻ വെബ്‌സൈറ്റ് സാധ്യമാക്കുന്നു.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക സൊല്യൂഷൻ പങ്കാളിയായ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ നവീകരണ ജോലികൾ ചെയ്തത്. 1998 ൽ കേരള ടൂറിസം വെബ്‌സൈറ്റ് ആരംഭിച്ചതു മുതൽ ഡിജിറ്റൽ രീതിയിൽ വിനോദസഞ്ചാരം പ്രചരിപ്പിക്കുന്നതിനായി ആധുനികനിലവാരം നിലനിർത്തുന്നതിന് വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ടൂറിസം പ്രമോഷൻ നടത്തുന്നതിൽ തുടക്കക്കാരാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്.

കേരള ടൂറിസം വെബ്‌സൈറ്റിന് കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച 10 ടൂറിസം വെബ്‌സൈറ്റുകളിൽ ഒന്നായി ഇത് അംഗീകരിക്കപ്പെട്ടു. യാത്രാപ്ലാനർ, എക്‌സ്പീരിയൻസ് കേരള-വേർ ടു സ്റ്റേ തിംഗ്‌സ് ടു ഡു, ലൈവ് വെബ്കാസ്റ്റുകൾ, വീഡിയോ ക്വിസുകൾ, ഇ-ന്യൂസ് ലെറ്ററുകൾ എന്നിവയും വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രികർക്ക് ഫോട്ടോകൾ, വീഡിയോകൾ, വിവരണങ്ങൾ എന്നിവ പങ്കിടാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട മൾട്ടിമീഡിയ അനുഭവമാണ് മറ്റൊരു പ്രത്യേകത. 360 ഡിഗ്രി വിഡിയോകൾ, റോയൽറ്റി-ഫ്രീ വീഡിയോകൾ എന്നിവയുള്ള വിഡിയോ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സവിശേഷതകളെ കുറിച്ചുള്ള വീഡിയോ ക്ലിപ്പുകളുമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top