26 December Thursday

കരുതലിൽ കാതങ്ങൾതാണ്ടി പ്രകാശെത്തി ; ഒഡിഷയിൽനിന്ന്‌ ആലപ്പുഴയിലേക്ക്‌ ആംബുലൻസിൽ

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

മാവേലിക്കര
രണ്ടാമതും പക്ഷാഘാതമുണ്ടായ മലയാളിയുമായി ഒഡിഷയിൽനിന്ന്‌ ആംബുലൻസ്‌ കുതിച്ചു. 2200 കിലോമീറ്റർതാണ്ടി പ്രകാശുമായി ആംബുലൻസ്‌ മാവേലിക്കരയിലെത്തിപ്പോൾ ദുരിതക്കിടക്കയിലും പ്രകാശംമേകി പ്രകാശ്‌ പുഞ്ചരിച്ചു. ലോക്‌ഡൗൺകാലത്തെ സർക്കാർകരുതൽ.

മാവേലിക്കര തഴക്കര വെട്ടിയാർ നന്ദനത്തിൽ പ്രകാശ് ജി പിള്ളയെയാണ്‌ ആംബുലൻസിൽ ഒഡിഷയിൽനിന്ന്‌ നാട്ടിലെത്തിച്ചത്‌. എട്ട്‌ വർഷമായി ഒഡീഷ ധിൻകനാലിലെ ടാറ്റ ബിഎച്ച്എൽ പ്ലാന്റിൽ ജോലിക്കാരനായിരുന്ന പ്രകാശ്‌  ഏപ്രിൽ മൂന്നിന് ജോലിസ്ഥലത്തുവച്ചാണ്‌ ‌ പക്ഷാഘാതമുണ്ടായത്‌. തുടർന്ന്‌ ഭുവനേശ്വറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാല്‌ ദിവസത്തിനുശേഷം തിരികെ എത്തിയെങ്കിലും വീണ്ടും പക്ഷാഘാതമുണ്ടായത്‌ മാനസികമായും പ്രയാസമുണ്ടാക്കി. തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവും ഒഡിഷയിൽ മെക്കാനിക്കൽ എൻജിനിയറുമായ അടൂർ ഏഴംകുളം സ്വദേശി രാജീവാണ് തുടർന്ന് സഹായിച്ചത്. 

നാട്ടിലെ ബന്ധുക്കൾ ആർ രാജേഷ് എംഎൽഎ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതോടെ പ്രകാശിനെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായത്‌.  സംസ്ഥാന ആരോഗ്യവകുപ്പിൽനിന്ന്‌ ഒഡിഷയുമായി ബന്ധപ്പെട്ട്‌ യാത്രാപ്രശ്‌നം പരിഹരിക്കുംവരെ എല്ലാ ചികിത്സാസൗകര്യവും ഒരുക്കാൻ നടപടി സ്വീകരിച്ചു. പ്രകാശിന്റെ ബന്ധു വും ഒഡിഷ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടറുമായ ജി രഘുവും ഭാര്യ ധൻകനാൽ ജില്ലാ പൊലീസ് സൂപ്രണ്ട് അനുമപയും വിവരമറിഞ്ഞ്  ഇടപെട്ടു. രഘുവിന്റെ അച്ഛൻ ജി ഗോപാലക‌ൃഷ്‌ണൻ നായനാർ സർക്കാരിന്റെ കാലത്ത് നിയമസഭാ സെക്രട്ടറിയായിരുന്നു. മകൻ വഴി വിവരങ്ങളറിഞ്ഞ ഇദ്ദേഹമാണ് തഴക്കര പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എസ് അനിരുദ്ധൻ മുഖേന എംഎൽഎയുമായി ബന്ധപ്പെട്ടത്‌.

ആലപ്പുഴ കലക്‌ടറും ഒഡിഷ കട്ടക്ക് പൊലീസ് ഡെപ്യൂട്ടി കമീഷണറും പാസ്‌ നൽകി. ഏഴിന്‌ പകൽ 12ന് ആംബുലൻസിൽ സഹായിക്കും രണ്ട്‌ ഡ്രൈവർമാർക്കും പുരുഷ നേഴ്‌സിനുമൊപ്പം യാത്രതിരിച്ചു. 2200 കിലോമീറ്റർ താണ്ടി ഒമ്പതിന് രാവിലെ ഒമ്പതിന്‌ വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി. കോവിഡ് പ്രാഥമിക പരിശോധനയ്‌ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വീട്ടിലുമെത്തി. 14 ദിവസത്തെ ക്വാറന്റൈൻ കാലാവധിക്കുശേഷം തുടർ ചികിത്സകൾക്ക് തയ്യാറെടുക്കുകയാണ് പ്രകാശ്. എട്ടുവയസുകാരൻ മകൻ അഭിനവിനും ഭാര്യ ലേഖയ്‌ക്കും പ്രകാശിന്റെ തിരിച്ചുവരവ് കുറച്ചൊന്നുമല്ല ആശ്വാസമേകുന്നത്.

 

‘സത്യംപറഞ്ഞാൽ പാസ്‌ ഒരു പ്രശ്‌നമല്ല’
അടിയന്തരഘട്ടങ്ങളിൽ കേരളത്തിലേക്ക്‌ വരാൻ പാസ് നൽകുന്നില്ലെന്ന പ്രചാരണത്തിന്‌ മറുപടിയായി രാജീവിന്റെ ഫേസ്ബുക്ക്‌ കുറിപ്പ്.  പ്രകാശിന്‌ ഒഡിഷയിൽ എല്ലാ സഹായവും നൽകുകയും നാട്ടിലെത്തിക്കാൻ മുൻകൈയെടുത്തതും രാജീവാണ്. പോസ്‌റ്റിൽ പറയുന്നതിങ്ങനെ: ‘ഒമ്പതിന് പുലർച്ചെ ഒന്നിന്‌ പ്രകാശുമായി വാളയാർ ചെക്ക്പോസ്‌റ്റിലെത്തിയ ആംബുലൻസ് പരിശോധനയ്‌ക്കായി നിർത്തി. ഒഡിഷയിലെ പാസിന്റെ വിശദാംശങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ അധികം വൈകാതെ കേരളത്തിലെ പാസ് നൽകാനുള്ള നടപടി സ്വീകരിച്ചു. വൈകാതെ തന്നെ പാസ് ലഭിച്ചു. ഞങ്ങളുടെ ആൾക്കാർ സുഗമമായി പോകുകയുംചെയ്‌തു'. പോസ്‌റ്റ്‌ അവസാനിക്കുന്നതിങ്ങനെ: ‘സത്യം പറഞ്ഞാൽ പാസ് ഒരു പ്രശ്‌നം അല്ല. മന:പൂർവം അതിന് തടയിടുകയാണ് ലക്ഷ്യം. വരുന്ന സ്ഥലത്തുനിന്ന്‌ പാസ് വാങ്ങിയാൽ കേരളത്തിലെത്താൻ ഒരു പ്രയാസവും ഉണ്ടാകില്ല.' മടക്കയാത്രയിൽ സേലത്തിനടുത്തുവച്ച് ആംബുലൻസ്‌ ബ്രേക്ക്ഡൗണായപ്പോഴും ഇടപെട്ടത് രാജീവായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top